ആ ഒറ്റപ്പെടൽ സഹിച്ചില്ല; എസ്.എഫ്.ഐയും കരുത്തായി; അമ്മയുടെ വിവാഹം നടത്തിയ മകൻ പറയുന്നു

gokul-mother-story
SHARE

അച്ഛന്റെ വിവാഹം മകൻ നടത്തിക്കൊടുക്കുന്ന കഥ നമ്മൾ 'ഇഷ്ടം' സിനിമയിലൂടെയാണ് കണ്ടത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇതാ ഒരു മകൻ അമ്മയുടെ കൈ പിടിച്ച് കൊടുത്തിരിക്കുകയാണ്. മക്കൾ ജീവിതത്തിൽ സ്വാർഥത വെടിഞ്ഞ് ഇങ്ങനെയൊക്കെ ചിന്തിക്കുമോയെന്ന് സംശയിക്കുന്നവർക്കുള്ള മറുപടിയാണ് കൊല്ലം കൊട്ടിയം സ്വദേശി ഗോകുൽ ദാസ് എന്ന യുവാവും അദ്ദേഹത്തിന്റെ അമ്മയും.

അമ്മയുടെ വിവാഹം മുൻകൈയെടുത്ത് നടത്തിയ വിവരം ഗോകുൽ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഒരുപാട് പേർ ഈ മിക്കച്ച മാതൃകയ്ക്ക് കയ്യടി നൽകി പിൻതുണയുമായി എത്തിയിട്ടുമുണ്ട്. ഇത്തരമൊരു തീരുമാനമെടുക്കാൻ ഗോകുലിനെ പ്രേരിപ്പിച്ചത് എന്താണെന്ന് മനോരമ ന്യൂസ് ഡോട്ട്കോമിനോട് മനസ് തുറക്കുന്നു.

ഞാൻ പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് അമ്മയും അച്ഛനും വിവാഹമോചിതരാകുന്നത്. അന്നുമുതൽ എന്റെ എല്ലാകാര്യങ്ങളും നോക്കിയത് അമ്മയാണ്. അച്ഛൻ ജീവിതത്തിലെ വില്ലനൊന്നുമല്ല, അദ്ദേഹത്തിന് തന്റേതായ താൽപര്യങ്ങളുണ്ടായിരുന്നു. അതുമായി യോജിച്ച് പോകാൻ സാധിക്കാത്തതിനാലാണ് അമ്മ വിവാഹമോചനം തിരഞ്ഞെടുത്തത്. അധ്യാപികയായിരുന്നു അമ്മ. എന്നാൽ കുടുംബപ്രശ്നങ്ങൾ മൂലം ആ ജോലി രാജിവെയ്ക്കേണ്ടി വന്നു. അതിനുശേഷം ഒരു ലൈബ്രേറിയനായിട്ട് ജോലി നോക്കുകയാണ്. 

തനിച്ചായ ശേഷവും എന്റെ ഒരു കാര്യത്തിനും അമ്മ മുടക്കം വരുത്തിയിട്ടില്ല. എന്നെ എൻജിനിയറിങ്ങ് വരെ പഠിപ്പിച്ചു. ഇനി ഞാനൊരു ജോലി കിട്ടി എവിടെയെങ്കിലും പോയാൽ എന്റെ അമ്മ പൂർണ്ണമായും തനിച്ചാകും. ഞാൻ ഒറ്റ മകനാണ്. അമ്മയുടെ ഒറ്റപ്പെടൽ എനിക്ക് കാണാൻ വയ്യ. അതുകൊണ്ടാണ് അമ്മയ്ക്ക് വീണ്ടുമൊരു വിവാഹമെന്ന് ചിന്തിച്ചത്. 

ഒരുപാട് ആലോചനകൾ വന്നിരുന്നു. ആദ്യമൊന്നും അമ്മ സമ്മതിച്ചില്ല. പിന്നീട് പതിയെ എതിർപ്പ് മാറി. രണ്ട് മൂന്ന് മാസം മുൻപാണ് ഈ ആലോചന വന്നത്. പരസ്പരം സംസാരിച്ച് ഇഷ്ടപ്പെട്ടതോടെയാണ് വിവാഹം നടത്തിയത്.

'ആ കണ്ണുകൾകൊണ്ട് ഇങ്ങോട്ട് നോക്കണ്ട'; അമ്മയുടെ രണ്ടാം വിവാഹം നടത്തി മകൻ; കയ്യടി

പത്താംക്ലാസ് വരെ അധികം ആരോടും സംസാരിക്കാത്ത പ്രകൃതമായിരുന്നു എന്റേത്. അമ്മയുടെ വീട്ടിലേക്ക് മാറിയ ശേഷമാണ് എസ്.എഫ്.ഐയോട് അനുഭാവം പ്രകടിപ്പിക്കാൻ തുടങ്ങിയത്. അത് എന്റെ ചിന്തകളെയും പെരുമാറ്റത്തെയുമെല്ലാം മാറ്റി. ഞാൻ ഇടപഴകുന്ന പ്രസ്ഥാനവും എന്റെ ചിന്തകളെ സ്വാധീനിച്ചിട്ടുണ്ട്. കൊട്ടിയം ഏരിയ സെക്രട്ടറിയാണ് ഞാൻ. 

അമ്മയുടെ വിവാഹക്കാര്യം ആരെയും  അറിയിച്ചിരുന്നില്ല. ആരെങ്കിലും പറഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും അറിയേണ്ട എന്നുള്ളത് കൊണ്ടാണ് ഞാൻ തന്നെ ഫെയ്സ്ബുക്കിൽ ഇട്ടത്. എന്നാൽ ഇത് വൈറലാകുമെന്ന് കരുതിയില്ല. ഒരുപാട്പേർ അഭിനന്ദനം അറിയിച്ച് വിളിച്ചു. 

MORE IN SPOTLIGHT
SHOW MORE
Loading...
Loading...