സ്ക്വാഡ്രന്‍ ലീഡര്‍ വിനോദ്, നിങ്ങള്‍ എവിടെയാണ്..? തിരഞ്ഞെടുപ്പാനന്തര ഇന്ത്യ ആശങ്കപ്പെടാത്തതെന്ത്?

airforce-new
SHARE

സ്ക്വാഡ്രന്‍ ലീഡര്‍ വിനോദ്, നിങ്ങള്‍ എവിടെയാണ്..? ആഴ്ചയൊന്നായി നിങ്ങളെയും സെര്‍ജന്‍റ് അനൂപ് കുമാറും കോര്‍പരല്‍ എന്‍.കെ.ഷരിനും ഉള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരത്തിനായി കാത്തിരിക്കുന്നു. അരുണാചല്‍– ചൈന അതിര്‍ത്തിയിലെ കൊടുംവനത്തിനുള്ളില്‍ എവിടെയോ നിങ്ങള്‍ ജീവനോടെയുണ്ടെന്ന പ്രതീക്ഷയില്‍. 

രാജ്യരക്ഷാദൗത്യത്തിനിടയില്‍ കാണാതായ നിങ്ങളെക്കുറിച്ച് തിരഞ്ഞെടുപ്പിന് ശേഷമുള്ള ഇന്ത്യ എത്ര ആശങ്കപ്പെടുന്നുവെന്ന് സംശയമുണ്ട്. സൈനികവേഷത്തില്‍ പ്രത്യക്ഷപ്പെട്ടവരും  വിങ് കമാന്‍ഡര്‍  അഭിനന്ദന്‍ വര്‍ധമാന്‍റെ ചിത്രമുപയോഗിച്ച് വോട്ടുപിടിച്ചവരും അതിദേശീയയുടെ വക്താക്കളുമൊന്നും താങ്കളെയും 12 സഹപ്രവര്‍ത്തകരെയും കുറിച്ച് മിണ്ടുന്നില്ല. ഓരോ സൈനികന്‍റെയും സേവനം അമൂല്യമെന്ന് സൗകര്യപൂര്‍വം അവര്‍ മറക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും കാര്യമായി മിണ്ടുന്നില്ല. സൈന്യത്തെക്കുറിച്ച് വാതോരാതെ പറഞ്ഞ മാധ്യമങ്ങളും മൗനത്തിലാണ്.

എംഎസ് ധോണിയുടെ വിക്കറ്റ് കീപ്പിങ് ഗ്ലൗവിലെ  ബലിദാന്‍ ബാഡ്ജിനെക്കുറിച്ച് ചര്‍ച്ച നടത്തുന്നവര്‍ക്ക് AN-32 അപ്രത്യക്ഷമായത് നാലുവരി വാര്‍ത്തയിലൊതുങ്ങുന്നു. ലോകത്തെവിടെയും മലയാളി മാഹാത്മ്യം പറയുന്ന നേതാക്കളില്‍ എത്രപേര്‍ കേരളത്തിലുള്ള  താങ്കളുടെ  ബന്ധുക്കളെ സന്ദര്‍ശിച്ചു..? അനൂപിന്‍റെയും ഷറിന്‍റെയും വീടുകളിലെത്തി ?കേരളം വാരാണസി പോലെയെന്ന്  പറഞ്ഞ പ്രധാനമന്ത്രിയെ കണ്ട് നിങ്ങളെ രക്ഷിക്കണമെന്ന് അഭ്യര്‍ഥിച്ചു? വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ ശത്രുവിന്‍റെ കയ്യില്‍ പെട്ടത് തിരഞ്ഞെടുപ്പ് പ്രചാരണകാലത്താണെന്നതും സ്ക്വാഡ്രന്‍ ലീഡര്‍ വിനോദ് ചൈനീസ് അതിര്‍ത്തിയില്‍ അപ്രത്യക്ഷനായത് തിരഞ്ഞെടുപ്പ് കഴി‍ഞ്ഞാണെന്നതും പ്രതികരണത്തില്‍ വ്യത്യാസമുണ്ടാക്കുന്നുവോ..? 

ദേശസുരക്ഷയും സൈന്യത്തിന്‍റെ സേവനവുമെല്ലാം തിരഞ്ഞെടുപ്പുകാലത്തുമാത്രം ഓര്‍ത്താല്‍ മതിയെന്ന് കരുതുന്നവരുടെ കാപട്യം ലജ്ജാകരമെന്നേ പറയാനുള്ളൂ. സ്ക്വാ‍ഡ്രന്‍ ലീഡര്‍ വിനോദിന്‍റെയും സഹപ്രവര്‍ത്തകരുടെയും കുടുംബാംഗങ്ങളുടെ വേദന ഇപ്പോള്‍ അവരുടേത് മാത്രമായിരിക്കുന്നു. ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെയുള്ള അവരുടെ കാത്തിരിപ്പിന്‍റെ നൊമ്പരം എത്രവലുതാണ്. വിമാനം അന്യഗ്രഹജീവികള്‍ കൊണ്ടു പോയി എന്നതില്‍ തുടങ്ങി, റേറ്റിങ് പിടിക്കാനുള്ള വങ്കത്തരങ്ങളുമായി രംഗത്തെത്തിയ ചാനലുകള്‍ ആ നോവിന്‍റെ ആഴം അറിയുന്നുണ്ടോ..?

ഇതിനെല്ലാമപ്പുറം രാജ്യത്തിന്‍റെ കാവല്‍ക്കാരെന്ന് അഭിമാനം കൊള്ളുന്നവര്‍ ഉത്തരം പറയേണ്ട ഗൗരവമുള്ള ചില ചോദ്യങ്ങളുമുണ്ട്. സോവിയറ്റ് യൂണിയനില്‍ നിന്ന് വാങ്ങിയ ആന്‍റണോവ് സീരീസ് വിമാനം ഇത് ആദ്യമായല്ല നമ്മുടെ സൈനികരെ അപകടത്തിലാക്കുന്നത്.  ഒരു സൂചനയും അവശേഷിപ്പിക്കാതെ വ്യോമസേനയ്ക്ക് നഷ്ടമാവുന്ന  അഞ്ചാമത്തെ ആന്‍റണോവ് ആണ് അരുണാചലിലേത്. 1986ല്‍ ആണ് ആദ്യ സംഭവം. സോവിയറ്റ് യൂണിയനില്‍ നിന്ന് ഒമാന്‍ വഴി വരികയായിരുന്ന വിമാനം അപ്രത്യക്ഷമായി, ഒരു സൂചന പോലും ഇന്നുമില്ല. 2016ല്‍ ചെന്നൈയില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബറിലേക്ക് പറക്കുമ്പോള്‍  മറ്റൊരു AN-32 വിമാനം ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ അപ്രത്യക്ഷമായി.  29 പേരുമായി കാണാതായ വിമാനത്തെക്കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല.  ഇതിനിടയില്‍ 1989ലും 2009ലും തകര്‍ന്നുവീണ AN-32 യാത്രക്കാരും ജീവനക്കാരുമടക്കം നിരവധിപേരുടെ ജീവനെടുത്തു. സൈനികസേവനത്തില്‍ സുപ്രധാന റോള്‍ വഹിക്കുന്ന നൂറ് AN-32 വിമാനങ്ങളാണ് ഇന്ത്യയ്ക്കുള്ളത്. പഴയ സോവിയറ്റ് യൂണിയനില്‍ നിന്ന് വാങ്ങിയ യുക്രെയ്‍ന്‍ നിര്‍മിത വിമാനങ്ങള്‍.  

2009ലെ അപകടത്തെത്തുടര്‍ന്ന് ഈ വിമാനങ്ങള്‍ പുതുക്കുന്നതിന് ഇന്ത്യ  യുക്രെയ്നുമായി 40 കോടി ഡോളറിന്‍റെ കരാര്‍ ഒപ്പിട്ടു.  വിമാനങ്ങളുടെ ആയുസ് 40 വര്‍ഷത്തേക്കുകൂടി നീട്ടുന്നതിനായിരുന്നു ഈ പുതുക്കിപ്പണിയല്‍.  40 വിമാനങ്ങള്‍ ഇതിനായി യുക്രെയ്നിലേക്ക് അയച്ചു. 2015 ഏപ്രിലില്‍ ഇന്ത്യ ആ ഞെട്ടിക്കുന്ന വിവരം അറിഞ്ഞു. പുതുക്കിപ്പണിയാന്‍ അയച്ച 40ല്‍ അഞ്ചുവിമാനങ്ങള്‍ കാണാതായി. യുക്രെയ്ന്‍റെ പിടിപ്പുകേട് ബോധ്യപ്പെട്ട ഇന്ത്യ അന്ത്യശാസനം നല്‍കി. ഒടുവില്‍ എങ്ങനെയോ വിമാനം കണ്ടെത്തി ഇന്ത്യയിലേക്ക് മടക്കി അയച്ചു.  ബാക്കിയുണ്ടായിരുന്ന 64 എണ്ണം  സാങ്കേതിക വിദ്യയെയും തൊഴിലാളികളെയും നല്‍കി ഇന്ത്യയില്‍ തന്നെ പുതുക്കിപ്പണിയാന്‍ ശ്രമിച്ചെങ്കിലും യുക്രെയ്ന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടന്ന ശ്രമങ്ങളെത്തുടര്‍ന്ന് ഇത് മുടങ്ങി. അതായത് ഇന്ത്യ കക്ഷിയേ അല്ലാത്ത ഒരു വിഷയത്തിന്‍റെ പേരില്‍ 40 കോടി ഡോളര്‍ കരാറില്‍ നിന്ന് യുക്രെയ്ന്‍ പിന്‍മാറി. 

റഷ്യ– ഉക്രെന്‍ ബന്ധം വഷളായതോടെ ആന്‍റണോവ് എയര്‍ക്രാഫ്ട് ബ്യൂറോയുടെ ഓഹരികള്‍ യുക്രെയ്‍ന്‍ മൂന്ന് കമ്പനികള്‍ക്കായി പകുത്തും നല്‍കി. ചുരുക്കത്തില്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന AN-32 വിമാനങ്ങളുടെ അറ്റകുറ്റപ്പണികളോ പുതുക്കലോ അസാധ്യമായി. 40 വിമാനങ്ങള്‍ തീര്‍ത്തും ഉപയോഗ ശൂന്യമായി. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ അവശേഷിക്കുന്ന ‘പാട്ട’ വിമാനത്തിലാണ് സ്ക്വാഡ്രന്‍ ലീഡര്‍ വിനോദും സഹപ്രവര്‍ത്തകരും പറന്നത്. അപ്ഗ്രേഡ് ചെയ്യാത്ത വിമാനത്തിൽ എമർജൻസി ലൊക്കേറ്റർ ബീക്കൺ സിഗ്നൽ  ഇല്ല. മോശം കാലാവസ്ഥയില്‍ പറക്കുന്നതിനോ  അപകടത്തില്‍പ്പെട്ടാല്‍ വിവരങ്ങള്‍ കൈമാറുന്നതിനോ തിരച്ചിലിന് സഹായകമാവുന്ന സിഗ്നലുകള്‍ നല്‍കുന്നതിനോ ശേഷിയില്ലാത്ത പടുകിഴവന്‍ AN-32ല്‍ ജീവന്‍ കയ്യില്‍പ്പിടിച്ച് നമ്മുടെ സൈനികര്‍ പറക്കേണ്ടി വരുന്നതിന്‍റെ ഉത്തരവാദിത്തം ആര്‍ക്കാണ്..? ഇങ്ങനെയാണോ പാക്കിസ്ഥാനെയും ചൈനയെയുമെല്ലാം ഡല്‍ഹി വിറപ്പിക്കുന്നത്..? വോട്ടുകാലത്ത് മോദിയുടെ സേനയെന്ന് പേരുവിളിച്ച് ആവേശം കൊള്ളുന്നവര്‍ ഉത്തരം പറയണം. രാഷ്ട്രീയക്കാരുടെ ആദ്യ അജണ്ടയായി ഇനിയും എന്താണ് ഈ ‘അപ്രത്യക്ഷമാകല്‍’ ഉയര്‍ന്നുവരാത്തത്..? 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...