‘എങ്ങനെ തോല്‍ക്കാതിരിക്കും സഖാവേ..?’; ‘എന്തുകൊണ്ടു തോറ്റെ’ന്ന ചര്‍ച്ചകള്‍ക്കിടെ ഒരു കുറിപ്പ്

cpim
SHARE

കേരളത്തിലും ബംഗാളിലും ത്രിപുരയിലുമെല്ലാം സിപിഐഎം തകർന്നടിഞ്ഞതിന്റെ കാരണങ്ങള്‍ ചികയുകയാണ് കേരളവും സോഷ്യല്‍ ലോകവും. അതിനിടെയാണ് സ്വന്തം അനുഭവങ്ങൾ കൂടി പങ്ക് വെച്ച് ഒരു ഇടതുപക്ഷ സഹയാത്രികന്റെ പോസ്റ്റ്. ‘സത്യത്തിന് നേരെ കണ്ണടച്ച് പിടിച്ച് മൂഢ സ്വര്‍ഗത്തിൽ കഴിയുന്ന സഖാക്കളെക്കുറിച്ചും സാമാന്യബോധം പോലും ഇല്ലാത്ത അടിസ്ഥാന നേതൃത്വങ്ങളെക്കുറിച്ചും, ഇടതുപക്ഷത്തോടൊപ്പം നിന്ന് വലതുപക്ഷത്തോട്ട് ചായാൻ നിർബന്ധിതരാകുന്ന അണികളെക്കുറിച്ചും’  മൂന്ന് സ്വന്തം അനുഭവങ്ങൾ ചേർത്താണ് കവി കൂടിയായ അനിൽകുമാർ ഡേവിഡിന്റെ കുറിപ്പ്. 

പോസ്റ്റിന്റെ പൂർണരൂപം വായിക്കാം: 

1. ഇടതുപക്ഷത്തിന്റെ തോൽവിയുമായി ബന്ധപ്പെട്ട ഒന്ന്, രണ്ടു അനുഭവങ്ങൾ പങ്കുവയ്ക്കാം.

ഇലക്ഷനു ഒരാഴ്ച്ച മുൻപ് കാര്യവട്ടം കാമ്പസിൽ എസ്.എഫ്.എ യുടെ ലീഡർഷിപ്പിൽ നിൽക്കുന്ന ഒരു സഖാവുമായി വാഗ്വാദത്തിൽ ഏർപ്പെടേണ്ടി വന്നു. ബംഗാളിൽ പാർട്ടി ദുർബലമായെന്നും ഇക്കുറി സീറ്റ് പോയിട്ട് നിലനിൽപ്പ് തന്നെ അസാധ്യമാണെന്നും ഞാൻ പറഞ്ഞു. റായ്ഗഞ്ച്, മൂർഷിദാബാദ്, മുഹമ്മദ് സലീം, ഡോ സുഭാഷ് അങ്ങനെ ചില പേരുകളും സ്റ്റാറ്റിസ്റ്റിക്കുകളും പരാമർശിച്ചു. എന്നാൽ ആ സഖാവിന് ഒരു സംശയവുമില്ല. ഇക്കുറി ബംഗാളിൽ പാർട്ടി 10 സീറ്റ് വരെ നേടിയിരിക്കും. ഏതൊക്കെ മണ്ഡലം, ഏതൊക്കെ വ്യക്തികൾ ജയിക്കും എന്നതൊന്നും അറിയില്ല. നേടിയിരിക്കും അത്ര തന്നെ. മാത്രവുമല്ല ബംഗാളിൽ സിപിഎം കോൺഗ്രസുമായി ഒരിക്കലും സഖ്യമുണ്ടാക്കരുത്. അത് കേരളത്തിലെ സഖാക്കളെയും പാർട്ടിയെയും പ്രതികൂലമായി ബാധിക്കും. അങ്ങനെ സംഭവിച്ചാൽ കേരളം പാർട്ടിയിൽ വലിയ ഘടകം അല്ലാതായി മാറും. ബംഗാളി സഖാക്കൾ പറയുന്നത് നമുക്ക് കേൾക്കേണ്ടി വരും. അതുകൊണ്ട് മതേതര മുന്നണി, അതിജീവന മുന്നണി എന്ന പേരിൽ പോലും പാർട്ടി ബംഗാളിൽ കോൺഗ്രസുമായി ചേരരുത്. എങ്കിലും 10 സീറ്റിൽ സിപിഎം ജയിക്കും. എന്താണ്, എങ്ങനെയാണ് എന്നൊന്നും ചോദിക്കരുത്. ജയിക്കും. റിസൾട്ട് വരുമ്പോൾ കണ്ടാൽ മതി.

ഇതാണ് ഉപരിപഠനം നടത്തുന്ന, ഗവേഷകൻ കൂടിയായ ഒരു എസ്.എഫ്.ഐ  നേതാവിന്റെ അറിവും പാർട്ടി വികാരവും.

2 എങ്ങനെ നമ്മൾ തോൽക്കാതിരിക്കും ?

2016 ലെ നിയമസഭ ഇലക്ഷൻ. സഖാവ് കടകംപള്ളി സുരേന്ദ്രന് വേണ്ടി കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് വോട്ടഭ്യർത്ഥിക്കുകയായിരുന്നു. ഒരു ബ്രാഞ്ചിൽ മാത്രം വോട്ടഭ്യർത്ഥിക്കുക എന്ന നിയോഗം മറന്നു ഞങ്ങൾ അടുത്ത ബ്രാഞ്ച് വരെ വോട്ട് ചോദിച്ചു ചെന്നു. വിദ്യാർത്ഥികൾ ആയതുകൊണ്ട് ചെന്ന വീടുകളില്ലെല്ലാം ആളുകൾ ഞങ്ങളെ കേൾക്കുന്നുണ്ട്. വോട്ട് ചെയ്യാം എന്ന് ഉറപ്പു തരുന്നുണ്ട്. അപ്പോഴാണ് ബ്രാഞ്ച് സെക്രട്ടറി ഓടി വരുന്നത്. 'നിങ്ങൾ എന്തിനാ ഇവിടെ വോട്ട് ചോദിക്കുന്നേ?. അതുവരെയാണ് നമ്മുടെ ബ്രാഞ്ചിന്റെ പരിധി. ഇവിടെ വേണമെങ്കിൽ അവന്മാരുടെ ബ്രാഞ്ചംഗങ്ങൾ വന്നു ഒണ്ടാക്കട്ടെ'. കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വോട്ടർമാർ അല്ലാതിരുന്നിട്ടും ആത്മാർത്ഥതയും പ്രസ്ഥാനസ്നേഹവും കൊണ്ട് വോട്ട് ചോദിക്കാൻ ഇറങ്ങി പുറപ്പെട്ട ഞങ്ങൾ അന്തംവിട്ടു.

ഇതാണ് ഈ പ്രസ്ഥാനത്തെ പ്രാദേശികമായി നയിക്കേണ്ട ഒരു ബ്രാഞ്ച് സെക്രട്ടറിയുടെ സാമാന്യബോധം.

ലോക്സഭാ ഇലക്ഷൻ കഴിഞ്ഞ ഏപ്രിൽ 23 നു വൈകുന്നേരം കാമ്പസിന് മുന്നിൽ വെറുതെ നിൽക്കുകയായിരുന്നു. എസ്.എഫ്.എയുടെയും യൂണിയന്റെയും പരിപാടികളിൽ സജീവമായി പങ്കെടുക്കുന്ന ഒരു പെൺകുട്ടി ഹോസ്റ്റലിലേക്ക് പോകുന്നു. ഏറെ പരിചയം ഉള്ള അവളോട് നീ ആർക്കാ വോട്ട് ചെയ്തത് എന്നു തിരക്കി. അവൾ നിശബ്ദമായി എന്നെ നോക്കി. കെ.എൻ. ബാലഗോപാൽ എന്ന ഉത്തരം പ്രതീക്ഷിച്ച ഞാൻ ഒന്നും മിണ്ടാതെ അവൾക്കൊപ്പം നടന്നു. കുറെ കഴിഞ്ഞപ്പോൾ അവൾ വോട്ട് ചെയ്യലിനെ കുറിച്ചും അത് രഹസ്യമായി സൂക്ഷിക്കേണ്ടതിന്റെ ജനാധിപത്യത്തെ കുറിച്ചും എന്നോട് വാചാലയായി. എസ്.എഫ്.എ യുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുന്ന, ഏതു പരിപാടിയ്ക്കും മുന്നിൽ നിൽക്കുന്ന, പലപ്പോഴും യൂണിയൻ ഓഫീസിൽ വന്നിരിക്കുന്ന ഈ കുട്ടി ഇപ്പോൾ എന്തിനാണ് ഇങ്ങനെ സംസാരിക്കുന്നത് എന്ന് അത്ഭുതപ്പെട്ടു. സൗഹൃദം കൊണ്ടും സഖാവേ എന്ന വിളി കൊണ്ടും ചോദിക്കാൻ പാടില്ലാത്തതാണോ ഞാൻ അവളോട് ചോദിച്ചത് ? ആകെ ഒന്നും മിണ്ടാൻ കഴിയാത്ത അവസ്ഥ. പോകാൻ നേരം അവൾ പതിയെ പറഞ്ഞു 'എന്റെ വോട്ട് എൻ.കെ. പ്രേമചന്ദ്രനായിരുന്നു'. വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞങ്ങളോടൊപ്പം നിൽക്കുന്നവൾ, നാളെയും ഞങ്ങളോടൊപ്പം തന്നെ നിൽക്കേണ്ടവൾ. അവളുടെ വോട്ട് ഇടതുപക്ഷ സ്ഥാനാർത്ഥിയ്ക്ക് അല്ലായിരുന്നെന്നോ?

ഇതാണ് സഖാക്കളെ നാം കാണുന്ന ശരാശരി അനുഭാവികളുടെ മാനസികാവസ്ഥ.

എങ്ങനെ നമ്മൾ തോൽക്കാതിരിക്കും ?

അതെ സഖാക്കളെ,

നമ്മുടെ കണക്കു കൂട്ടലുകൾ തെറ്റുകയാണ്. ബംഗാളിൽ, ത്രിപുരയിൽ, ഇപ്പോൾ കേരളത്തിലും. വീരവാദം നിർത്താം.

പരിശോധിച്ചു തന്നെ നമുക്ക് മുന്നോട്ട് പോകാം.

MORE IN SPOTLIGHT
SHOW MORE