‘എന്റെ പത്നി കീമോയുമായി യുദ്ധം തുടങ്ങി’; ഛർദ്ദിയും വയറുവേദനയും തുടങ്ങ‌ിയ രാത്രി: കനിവ്

dhanesh-bijima
SHARE

‘രോഗം മാറിയില്ലെങ്കിലും സാരമില്ല, ഈ കഠിന വേദനയിൽ നിന്നും രക്ഷപെട്ടാൽ മതി, ഇത് സഹിക്കാൻ വയ്യ’; വേദനകൊണ്ട് പുളഞ്ഞ് ബിജ്മ ഇത് പറയുമ്പോൾ ധനേഷ് അവൾ കാണാതെ കണ്ണീരൊളിപ്പിക്കും. പ്രിയപ്പെട്ടവളെ നെഞ്ചോട് ചേർത്ത് തളരരുത്, നമ്മളൊരുമിച്ച് കാൻസർ എന്ന മഹാവ്യാധിയെ നേരിടുമെന്ന് പറയും. ഈ സ്നേഹം കരുതലുമാണ് ഇന്ന് ബിജ്മയുടെ കരുത്ത്.

ധനേഷിന്റെ ജിഎൻപിസിയിലെ പോസ്റ്റിലൂടെയാണ് കാൻസറിനോട് പൊരുതുന്ന ഇരുപത്തിരണ്ടുകാരി ബിജ്മയെക്കുറിച്ച് പുറംലോകം അറിയുന്നത്. ''എന്റെ പത്നി.. ഇന്ന് കീമോയുമായി യുദ്ധം തുടങ്ങി.. തേരോടിക്കാൻ ഞാൻ ഉള്ളപ്പോൾ വിജയം നമുക്കുതന്നെ..  എല്ലാവരും പ്രാർത്ഥിക്കണം'' ഇതായിരുന്നു ധനേഷിന്റെ കുറിപ്പ്. ജീവിതം തുടങ്ങിയിട്ടേയുള്ളായിരുന്നു കോഴിക്കോട് സ്വദേശികളായ ബിജ്മയും ധനേഷും. മനോഹരമായ ഭാവി സ്വപ്നം കണ്ട ഇവരുടെ ഇടയിലേക്ക് കാൻസർ ക്ഷണിക്കാതെ കടന്നുവന്നതിനെക്കുറിച്ച് ധനേഷ് മനോരമന്യൂസിനോട് തുറന്നുപറയുന്നു.

കുറച്ച് സാമ്പത്തികബാധ്യതയൊക്കെ ഉണ്ടായിരുന്നെങ്കിലും സന്തോഷകരമായ ജീവിതമായിരുന്നു ഞങ്ങളുടേത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ബിജ്മയെ വിവാഹം കഴിക്കുന്നത്. വീട്ടുകാരുടെ എതിർപ്പ് വകവെയ്ക്കാതെ എന്നെ വിശ്വസിച്ച് ഇറങ്ങി വന്നതാണ്. ഒന്നാം വർഷികത്തിന് മുൻപ് മകനും ജനിച്ചു. മകന്റെ ഒന്നാം പിറന്നാൾ കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞ് ബിജ്മയുടെ മാതാപിതാക്കൾ കാണാൻ വന്നു. ആ കൂടിക്കാഴ്ചയിൽ പിണക്കം അലിഞ്ഞില്ലാതായി. എനിക്ക് കൂലിപ്പണിയാണ്, താമസം വാടകവീട്ടിൽ തുടങ്ങിയ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും ചെറിയ കാര്യങ്ങളിൽപ്പോലും ഞങ്ങൾ വലിയ സന്തോഷം കണ്ടെത്തിയിരുന്നു.

മാർച്ച് 31ന് രാത്രി ഒരു ആഘോഷപരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഇടയ്ക്കാണ് ബിജ്മയ്ക്ക് നിർത്താതെ ഛർദ്ദിലും വയറുവേദനയും തുടങ്ങുന്നത്. ഏതെങ്കിലും ഭക്ഷണം കഴിച്ചത് പിടിക്കാതിരുന്നതാണന്നാണ് ആദ്യം കരുതിയത്. എന്നാൽ വേദനയും ഛർദ്ദിലും നിൽക്കാതായതോടെ അടുത്തുള്ള ഒരു ആശുപത്രിയിൽ കാണിച്ചു. എന്നാൽ അവിടുത്തെ ചികിൽസകൊണ്ടും ഫലമുണ്ടായില്ല. വേദന തുടർന്നതോടെ രാത്രി തന്നെ കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

bijma-3

രണ്ട് മണിക്കൂറോളം നിരീക്ഷണത്തിൽ മരുന്നുകളുടെ ശക്തിയിൽ ബിജ്മ ഉറങ്ങി. നടത്തിയ ടെസ്റ്റുകളിൽ നിന്ന് വൃക്കയുടെ അടുത്ത് ഒരു മുഴ കാണുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ശസ്ത്രക്രിയ ചെയ്യാതെ രക്ഷയില്ല എന്ന് പറഞ്ഞു. സ്വകാര്യാശുപത്രിയിലെ ചെലവ് താങ്ങാവുന്നതിനും അപ്പുറമായതുകൊണ്ട് മെഡിക്കൽ കൊളജിലേക്ക് മാറ്റി. 

ഏപ്രിൽ ഒന്നാം തീയതി വെളുപ്പിനെ ബിജ്മയെ അഡ്മിറ്റാക്കി. ടെസ്റ്റുകൾക്ക് ശേഷം ആറാം തീയതി ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. മുഴയോടൊപ്പം ബിജ്മയുടെ ഒരു വൃക്കയും മുറിച്ചുമാറ്റി. ക്യാൻസറിന്റെ വിത്ത് വളർന്നുകഴിഞ്ഞെന്ന് ഡോക്ടറുമാർക്ക് സംശയം തോന്നിയതിനെ തുടർന്നായിരുന്നു ഇത്. തുടർന്ന് ബയോപ്സി റിപ്പോർട്ട് വരാനുള്ള കാത്തിരിപ്പായിരുന്നു. ഏതാനും ദിവസം കഴിഞ്ഞ് റിപ്പോർട്ട് കിട്ടി. ക്യാൻസറാണെന്ന് സ്ഥിതീകരിച്ച നിമിഷം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ തകർന്നുപോയാൽ അവൾക്ക് ശ്കതി പകരാൻ ആരുമില്ലെന്ന് അറിയാവുന്നതുകൊണ്ട് അവളുടെ മുന്നിൽ ധൈര്യം കാണിച്ചു.

ഏപ്രിൽ 16ന് ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ എത്തിയെങ്കിലും ക്യാൻസറിന്റെ വേദന ബിജ്മയെ കാർന്നുതിന്നാൽ തുടങ്ങിയിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും രക്തം ശർദ്ദിച്ചതോടെ വീണ്ടും ആശുപത്രിയിലായി. അധികം വൈകാതെ ആദ്യ കീമോ നടത്തി. നല്ല ഭംഗിയുള്ള തലമുടിയായിരുന്നു അവൾക്ക്. കീമോ ആരംഭിക്കുന്നതോടെ മുടി പോകുമെന്ന സത്യം വിവേചനത്തോടെ തിരിച്ചറിഞ്ഞു.

bijma-2

അതുകൊണ്ട് ദിവസങ്ങൾക്ക് മുന്നേ ഞങ്ങൾ മുടി മുറിക്കുന്നതിനെ പറ്റി ആലോചിച്ചു. ഇതിനിടെ ജിഎൻപിസി ഞങ്ങളുടെ കാൻസർ പോരാട്ടകഥ ഫൊട്ടോ സഹിതം പോസ്റ്റ് ചെയ്തു. പിന്നാലെയെത്തിയത് ഒരു ഫോൺ കോളാണ്. ഹെയർ ഡൊണേൻ രംഗത്ത് പ്രവർത്തിക്കുന്ന ടീം ഞങ്ങളെ വിളിച്ചു. കുറച്ചു ദിവസങ്ങൾ കൂടി കഴിയുമ്പോൾ മുടി പോകുമെന്നും, അന്നേരം വിഷമിക്കുന്നതിനു മുന്നേ തന്നെ ഒരു വിഗ് തരാമെന്നും അവർ പറഞ്ഞു. പകരം അവളുടെ തലമുടി അവർ തന്നെ നേരിട്ടെത്തി കട്ട് ചെയ്തു. ആദ്യ കീമോ കഴിഞ്ഞു, ഇനി എത്രയെണ്ണം ബാക്കിയുണ്ടെന്ന് ഒന്നും അറിയില്ല.

hair-donation-group
ഹെയർബാങ്ക് ടീം– ഫറൂക്ക് (ചെക്ക് ഷർട്ട്), നവാസ്

ആർസിസിയിലേക്ക് ചികിൽസ മാറ്റണമെന്നുണ്ട്. എന്നാൽ അവൾക്ക് ഒട്ടും വയ്യാത്തതിനാൽ ഉടൻ മാറാൻ സാധിക്കാത്ത അവസ്ഥയാണ്. ഞങ്ങളുടെ കഥ സമൂഹമാധ്യമത്തിലൂടെ കണ്ട് സുരേഷ് ഗോപി കോഴിക്കോട്ടുള്ള ബിജെപി ഓഫീസിൽ വിളിച്ച് കാര്യം അന്വേഷിക്കാൻ പറഞ്ഞിരുന്നു. നരേന്ദ്രമോദിയുടെ കാൻസർ ചികിൽസാ ഫണ്ട് അനുവദിക്കാമെന്നും അദ്ദേഹം ഉറപ്പുതന്നതാണ്. എന്നാൽ ചികിൽസ സ്വകാര്യ ആശുപത്രിയിൽ ആയതിനാൽ ആ വഴിയും അടഞ്ഞിരിക്കുകയാണ്. ചെറിയ മകനെ തനിച്ചാക്കി എങ്ങനെ ആർസിസിയിലെ ചികിൽസയ്ക്കായി തിരുവനന്തപുരത്തേക്ക് മാറുമെന്ന് ചിന്തയിലാണിപ്പോൾ. സമൂഹമാധ്യമത്തിലെ വി ക്യാൻ– അതിജീവനം എന്ന കൂട്ടായ്മ തരുന്ന ഊർജം ചെറുതല്ല. അതുവഴി സഹായങ്ങൾ കിട്ടിയെങ്കിലും അതൊന്നും പര്യാപ്തമല്ല. എങ്ങനെയെങ്കിലും ബിജ്മയെ ഞങ്ങളുടെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആഗ്രഹം മാത്രമേയുള്ളൂ– ധനേഷ് പറയുന്നു.

സുമനസുകൾക്ക് ഇവരെ സഹായിക്കാം 

Account details :

1) Ac no : 6121593125

Ifsc : IDIB000K008

Branch : Kallai road (358)

Name : P Bijma

2) Ac no : 20376960951

IFSC : SBIN0007941

bijma-account

Name :Dhanesh (Bijma's husband )

Branch : east hill branch

Contact no : 9544830143

dhanesh-passbook
MORE IN SPOTLIGHT
SHOW MORE