വൃക്ക തകരാറിലായി കെഎസ്‌യു നേതാവ്; മഹാനന്മ നീട്ടി എസ്എഫ്ഐ നേതാവും അണികളും

rafi-ksu-leader
SHARE

 ഒരു ജീവൻ രക്ഷിക്കാൻ കൈകോർക്കാമെന്ന് പഠിപ്പിക്കുകയാണ് എസ്.എഫ്.ഐയും കെ.എസ്.യുവും. ഇരുവൃക്കകളും തകരാറിലായ കെഎസ്‌യു നേതാവിനെ രക്ഷിക്കാൻ ഇരുസംഘടനങ്ങളും തോളോടു തോൾ ചേർന്നാണ് പ്രവർത്തിക്കുന്നത്. 

ജവാഹർ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയർമാനും കെഎസ്‌യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തിൽ പടീറ്റതിൽ മുഹമ്മദ് റാഫിയുടെ (22) ചികിത്സയ്ക്കാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫെയ്സ്ബുക്കിലൂടെ സഹായം അഭ്യർഥിച്ചത്. കെഎസ്‌യു ബാൻഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയർ ചെയ്താണ് എസ്എഫ്ഐയുടെ അഭ്യർഥന.

റാഫിക്ക് വൃക്ക് നൽകാമെന്ന് ആദ്യം സന്നദ്ധത അറിയിച്ചതാകട്ടെ കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ മുൻ ചെയർമാൻ ഇ.ഷാനവാസ് ഖാൻ. ഇതിനുള്ള പരിശോധനകൾ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകനായ കണ്ണൂർ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.

ഫെയ്സ്ബുക്ക് അഭ്യർഥനയ്ക്ക് പുറമേ സുമനസുകളിൽ നിന്നും നേരിട്ട് ചികിൽസയ്ക്ക് ആവശ്യമായ പണം കണ്ടെത്താനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു.  ഉമ്മ റയിഹാനത്ത് വീട്ടുജോലിക്കു പോകുന്നതാണ് കുടുംബത്തിന്റെ ആകെ വരുമാനം. താമസം വാടകവീട്ടിലും. ഫെഡറൽ ബാങ്ക് കായംകുളം ശാഖയിൽ മുഹമ്മദ് റാഫിയുടെ പേരിൽ അക്കൗണ്ടുണ്ട്. നമ്പർ: 10540100300824. ഐഎഫ്എസ്‌സി: FDRL0001054. ഫോൺ: 90481 00377.

MORE IN SPOTLIGHT
SHOW MORE