25 ലക്ഷത്തിന് ഓട്ടോ ഡ്രൈവര്‍ വാങ്ങിയ പാലക്കാട് രാജേന്ദ്രന്‍; സംസ്കരിക്കാന്‍ പെട്ട പാട്: കണ്ണീര്‍

palakkad-rajendran
SHARE

പത്തടിക്ക് മേലെ ഉയരം, ഒത്ത തലയെടുപ്പ്. ആരുമൊന്ന് നോക്കിനിന്നുപോകും, ആനകളിലെ ഇരട്ടച്ചങ്കനെന്ന് അറിയപ്പെടുന്ന പാലക്കാട് രാജേന്ദ്രന് വിശേഷങ്ങൾ ഏറെയായിരുന്നു. ഇത്രയേറെ വിശേഷണങ്ങളും ആരാധകരുമുണ്ടെങ്കിലും ഈ ഇരട്ടച്ചങ്കനെ സംസ്കരിക്കാൻ ഉടമ നെട്ടോട്ടമോടുകയായിരുന്നു. രണ്ട് ലക്ഷം രൂപയോളം വരുന്ന ചെലവ് വഹിക്കാൻ ശരവണൻ എന്ന ഓട്ടോഡ്രൈവർക്ക് യാതൊരു ഗതിയുമില്ലായിരുന്നു. ആനയെ സംസ്‌ക്കരിക്കുന്നതിനായി 10 ടണ്ണോളം വിറക്, 30 ലിറ്റര്‍ ഡീസല്‍, 25 കിലോ പഞ്ചസാര, മഞ്ഞപ്പൊടി, ക്രെയ്ന്‍ എന്നിങ്ങനെ നിരവധി സാധനങ്ങള്‍ ആവശ്യമാണ്. കൂടാതെ പോസ്റ്റ് മാര്‍ട്ടത്തിന്റെയും ചരമസർട്ടിഫിക്കിറ്റ് ലഭിക്കാനുള്ള ചെലവ് വേറെയും. പാലക്കാട്ടെ ആനപ്രേമിസംഘവും ആന ഏജന്റുമാരുമൊക്കെ ചേർന്നാണ് സംസ്കരിക്കാനുള്ള തുക കണ്ടെത്തിയത്. 

പാലക്കാട് രാജേന്ദ്രനെ സ്വന്തമാക്കിയതിന് പിന്നിൽ ശരവണന്റെ അധ്വാനത്തിന്റെയും വിയർപ്പിന്റെയും കണ്ണീരിന്റെയും കഥയുണ്ട്. ചെറുപ്പം മുതലേ കയറിക്കൂടിയതാണ് ശരവണന്റെ ആനപ്രേമം. ഒരുകാലത്ത് ആനയുണ്ടായിരുന്ന തറവാട്ടിലെ അംഗമായിരുന്നു ശരവണൻ. വലുതാകുമ്പോൾ  എന്നെങ്കിലും ഒരു ആനയെ സ്വന്തമാക്കണമെന്നായിരുന്നു ശരവണന്റെ ഏറ്റവും വലിയ മോഹം. അതിനുവേണ്ടി വണ്ടി ഓടിക്കിട്ടുന്ന കാശിൽ നിന്നും മിച്ചംപിടിച്ചും, തറവാട് ഭാഗം വെച്ചതിന്റെ വിഹിതവും കെ.എസ്.എഫ് ഇയിൽ നിന്ന് വായ്പയെടുത്തും 25 ലക്ഷത്തോളം രൂപ ശരവണൻ ഉണ്ടാക്കി. ഒരു ആയുസിന്റെ സമ്പാദ്യം മുഴുവൻ എടുത്താണ് ആനമോഹം സഫലമാക്കിയത്.

കഴിഞ്ഞവർഷം കോട്ടയത്ത് നിന്നാണ് ശരവണൻ രാജേന്ദ്രനെ വാങ്ങുന്നത്. ആനപ്രേമമുണ്ടെങ്കിലും ആനയെക്കുറിച്ചുള്ള അറിവ് ശരവണനില്ലായിരുന്നു. അതുകൊണ്ട് തന്നെ തുകയിൽ കബളിപ്പിക്കപ്പെട്ടു. 65 വയസുള്ള ആനയ്ക്ക് 55 വയസാണെന്ന് ശരവണനെ തെറ്റിധരിപ്പിച്ചു. ആനയെക്കുറിച്ച് അറിയാവുന്ന ആരെയും ശരവണൻ ഒപ്പം കൂട്ടിയിരുന്നില്ല. സമ്പാദ്യം മുഴുവൻ നൽകിയ ശേഷമാണ് ആനയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയുന്നത്. അപ്പോഴേക്കും വൈകിപ്പോയിരുന്നു.

ഓട്ടോ ഓടിച്ചുകിടുന്ന പണം കൊണ്ടായിരുന്നു ശരവണൻ രാജേന്ദ്രനെ പരിപാലിച്ചിരുന്നത്. ഉത്സവങ്ങൾക്കും മറ്റും എഴുന്നെള്ളിച്ചിരുന്നു. എന്നാൽ അധികകാലം ആന ശരവണന് വാണില്ല. രോഗബാധിതനായ ആന കഴിഞ്ഞ ആഴ്ച ഇരുന്നതോടെ മരണം ഏതാണ്ട് ഉറപ്പിച്ചിരുന്നു. രണ്ടുദിവസം മുൻപ് രാജേന്ദ്രൻ ചെരിഞ്ഞു. സംസ്കാരത്തിനുള്ള തുക എല്ലാവരും കൂടി നൽകിയെങ്കിലും ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ശരവണൻ. ഇൻഷുറൻസായി കുറച്ച് തുക ലഭിക്കുമെങ്കിലും അതൊന്നും എടുത്ത വായ്പ തീർക്കാൻ ഉതകുന്നതല്ല.

വിവരങ്ങൾക്ക് കടപ്പാട്– ഹരിദാസ് മച്ചിങ്ങൽ, പാലക്കാട് ആന പ്രേമി സംഘം പ്രസിഡന്റ്

MORE IN SPOTLIGHT
SHOW MORE