പിടിയാനയെ കൊമ്പനാക്കി; ‘ചതി’ തിരിച്ചറിഞ്ഞത് ഇങ്ങനെ; ആചാരലംഘന പരിശോധന

lakkidi-indira
SHARE

പാലക്കാട് ചെർപ്പുളശ്ശേരി തൂതപ്പൂരത്തിന് ഫൈബർ കൊമ്പുകൾ ഘടിപ്പിച്ച് ലക്കിടി ഇന്ദിര എന്ന പിടിയാനയെ കൊല്ലങ്കോട് കേശവനാക്കി എഴുന്നെള്ളിച്ചത് വിവാദത്തിന് വഴിയൊരുക്കിയിരുന്നു. തൂതഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞ 14 ന് നടന്ന പൂരത്തിലാണ് ആനമാറാട്ടം നടത്തിയത്. സംഭവത്തെക്കുറിച്ചും ഇത് തിരിച്ചറിഞ്ഞത് എങ്ങനെയാണെന്നും ക്ഷേത്രം ട്രസ്റ്റ് ബോർഡ് ചെയർമാൻ വി.സന്തോഷ് മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

കാറല്‍മണ്ണ അമ്പലവട്ടം ദേശ കമ്മിറ്റിയാണ് പിടിയാനയ്ക്ക് ഫൈബർ കൊമ്പുകൾ ഘടിപ്പിച്ച്  ആനമാറാട്ടം നടത്തിയത്. പൂരത്തിൽ പങ്കെടുക്കുന്ന ഓരോ ദേശക്കാരും 15 ഓളം ആനകളെയാണ് എഴുന്നള്ളിക്കുന്നത്. കാറൽമണ്ണ അമ്പലവട്ടം ദേശ കമ്മിറ്റിയുടെ എഴുന്നെള്ളത്ത് ഏകദേശം വൈകിട്ട് ആറുമണിയോടെയായിരുന്നു. അവര് ക്ഷേത്രകമ്മിറ്റിക്ക് നൽകിയ ലിസ്റ്റിലൊന്നും ലക്കിടി ഇന്ദിര എന്ന ആനയുടെ പേരില്ലായിരുന്നു. ഇവർ എഴുന്നള്ളത്തുമായി എത്തുന്ന സമയത്ത് ക്ഷേത്രത്തിൽ വലിയ തിരക്കായിരുന്നു. തിരക്കിന്റെ ഇടയ്ക്ക് ക്ഷേത്രകമ്മിറ്റിക്ക് ആനകളെ ശ്രദ്ധിക്കാൻ സമയം കിട്ടിയില്ല.

എന്നാൽ ആനകളെക്കുറിച്ച് ജ്ഞാനമുള്ളവർക്ക് ഒറ്റനോട്ടത്തിൽ തന്നെ എഴുന്നെള്ളിച്ചതിൽ ഒരെണ്ണം പിടിയാനയാണെന്ന് മനസിലായി. കൊമ്പ് വെച്ചാലും വെച്ചില്ലെങ്കിലും ഈ വ്യത്യാസം വിവരമുള്ളവർക്ക് തിരിച്ചറിയാനാകും. എഴുന്നള്ളത്ത് കഴിയാറാകുമ്പോൾ തന്നെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വാട്സാപ്പിലുമൊക്കെ പ്രചരിച്ചതോടെയാണ് ക്ഷേത്രകമ്മിറ്റിയുടെ ശ്രദ്ധയിൽപ്പെടുന്നത്. കാറൽമണ്ണ അമ്പലവട്ടം ദേശ കമ്മിറ്റിയോട് വിശദീകരണം ചോദിച്ചപ്പോൾ തൃശൂർപൂരമൊക്കെയായതുകൊണ്ട് കൊമ്പനാനകളെ കിട്ടാനില്ലായിരുന്നുവെന്നാണ് പറഞ്ഞത്. ആനയ്ക്ക് കൊമ്പ് പിടിപ്പിച്ച് നടയ്ക്കിരുത്തുന്നത് സിനിമയിൽ കണ്ടിട്ടുണ്ട്. അത് അല്ലാതെ തൂതപ്പൂരത്തിന്റെ ചരിത്രത്തിൽ ഇങ്ങനെയൊന്ന് നടന്നിട്ടില്ല. – സന്തോഷ് പറഞ്ഞു. 

വീഴ്ച വരുത്തിയ കാറൽമണ്ണ കമ്മിറ്റിയെ അടുത്ത വർഷത്തെ പൂരത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിൽ നിന്ന് ഒഴിവാക്കി. എന്നാൽ രാവിലെയുള്ള വഴിപാട് പൂരങ്ങളുടെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാം. പിടിയാനയെ എഴുന്നള്ളിച്ചതിലൂടെ ആചാര ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഉണ്ടെങ്കിൽ പരിഹാരം എന്തെന്ന് ക്ഷേത്രം തന്ത്രിയും സ്ഥലത്തെ മുതിർന്ന കാരണവൻമാരുമായി ആലോചിച്ച് തീരുമാനമെടുക്കാനും ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചു.

MORE IN SPOTLIGHT
SHOW MORE