24,000ത്തിന്റെ ൈവൻ ചോദിച്ചു; നൽകിയത് മൂന്നര ലക്ഷത്തിന്റേത്; വെയ്റ്ററോട് മുതലാളി പറഞ്ഞത്

wine-tweet
SHARE

പഴകുംതോറും വീര്യവും വിലയുമേറുന്ന വൈനിനെ കുറിച്ചാണ് ഇൗ സംഭവം. മാഞ്ചസ്റ്ററിൽ നിന്നുള്ള ഇൗ കഥ ലോകത്തിന്റെ ശ്രദ്ധ നേടിയത് ഉടമയുടെ ട്വീറ്റിലൂടെയാണ്. കൗതുകവും ഭീമൻ നഷ്ടവും വരുത്തിവച്ച ഇൗ കച്ചവടത്തിന്റെ കഥ ഇങ്ങനെ. മാഞ്ചസ്റ്ററിലെ ഹാക്ക് മൂർ റെസ്റ്റോറന്റിൽ ഡിന്നറിനെത്തിയ ഒരു കുടുംബമാണ് ഇൗ മഹാഭാഗ്യവാൻമാർ. കുടുംബം റെസ്റ്റോറന്റിൽ നിന്നും ഇന്ത്യൻ രൂപ ഏകദേശം 24,000 രൂപ വില വരുന്ന റെഡ് വൈൻ ഒാർഡർ ചെയ്തു. എന്നാൽ വെയ്റ്റർക്ക് സംഭവിച്ചത് ഭീമൻ അബദ്ധമായിരുന്നു.

24,000 രൂപയോളം വിലവരുന്ന വൈനിന് പകരം വെയ്റ്റർ നൽകിയത് 3.15 ലക്ഷം രൂപയുടെ മുന്തിയ വൈനും. എടുത്തുകൊടുത്ത വെയ്റ്ററോ വൈൻ കഴിച്ച കുടുംബമോ ഇൗ പൊന്നുംവിലയുള്ള വൈനിന്റെ കഥ അറിഞ്ഞില്ല. ഓര്‍ഡർ ചെയ്ത വൈനിന്റെ പണം നൽകി കുടുംബം സ്ഥലം കാലിയാക്കി. എന്നാൽ വൈകിട്ട് കണക്കുനോക്കിയപ്പോഴാണ് മാനേജരുടെ കണ്ണുതള്ളിയത്. റെഡ്‌വൈനിനു പകരം വെയ്റ്റർ നൽകിയത് ഒാർഡർ ചെയ്ത വൈനിനെക്കാളും പതിനേഴിരട്ടി വിലയുള്ള വൈനാണെന്ന് സ്ഥിരീകരിച്ചു. ഇനി എന്ത് ആശങ്കയോടെയാണ് മാനേജറും വെയ്റ്ററും ഉടമയെ കാണാനെത്തിയത്. ജോലിയും പോകും നഷ്ടപരിഹാരവും നൽകേണ്ടി വരുമെന്ന് ഉറപ്പിച്ചെത്തിയ ഇരുവരോടും കാര്യങ്ങൾ മനസിലാക്കിയ ശേഷം ഉടമ നൽകിയ മറുപടി അമ്പരപ്പിക്കുന്നതായിരുന്നു.

അദ്ദേഹം ആ മറുപടി പിന്നീട് ട്വിറ്ററിൽ കുറിച്ചു. ‘ഇന്നലെ അബദ്ധവശാൽ ഞങ്ങൾ മൂന്നുലക്ഷത്തിലധികം രൂപ വിലമതിക്കുന്ന  Chateau le Pin Pomerol സെർവ് ചെയ്ത കസ്റ്റമറോട്. ഇന്നലത്തെ നിങ്ങളുടെ വൈകുന്നേരം  സന്തോഷപൂർവമായിരുന്നു എന്ന് കരുതുന്നു. അബദ്ധം പറ്റിപ്പോയ ഞങ്ങളുടെ ജീവനക്കാരനോട് ഒരു വാക്ക്. ഒരു തെറ്റൊക്കെ ആർക്കും പറ്റും. സാരമില്ല.. ഞങ്ങൾക്ക് നിങ്ങളോടുള്ള അടുപ്പം അതുപോലെ തന്നെ ഉണ്ട്, ഇപ്പോഴും.. വിഷമിക്കേണ്ട.’ ഉടമ കുറിച്ചു. ട്വീറ്റ് വൈറലായതോടെ ഉടമയെ അഭിനന്ദിച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

MORE IN SPOTLIGHT
SHOW MORE