അമ്മ കാട്ടിലെറിഞ്ഞ്, പുഴുവരിച്ച ആ ചോരക്കുഞ്ഞിനെ രക്ഷിച്ച കഥ: പൊലീസ് സംഘം പറയുന്നു

baby-found
SHARE

2019 മെയ് 15; പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെ അധികമാരും അറിഞ്ഞിട്ടില്ലാത്ത ഒരു വിധി വന്നിരുന്നു. നവജാത ശിശുവിനെ കാട്ടിൽ ഉപേക്ഷിച്ച കേസിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ അമ്മയ്ക്ക് അഞ്ചുവർഷം തടവും പതിനായിരം രൂപ പിഴയുമായിരുന്നു ശിക്ഷാവിധി. ഈ വിധിയിൽ ഏറെ സന്തോഷിക്കുന്ന കുറച്ചുപേരുണ്ട് അഗളി പൊലീസ് സ്റ്റേഷനിൽ. അത്ഭുതത്തോടെയും അതിലേറെ ഞെട്ടലോടെയുമല്ലാതെ അഗളിയിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് ഏഴുവർഷം മുൻപ് നടന്ന സംഭവത്തെക്കുറിച്ച് പറയാനാകില്ല. കാരണം ഇതിനുപിന്നിൽ പൊക്കിൾക്കൊടിയുടെ മുറിവ് മാഞ്ഞിട്ടില്ലാത്ത ഒരു കുഞ്ഞിന്റെ വിസമയകരമായ അതിജീവന കഥയുണ്ട്. പാൽമണം മാറാത്ത കുഞ്ഞിനോടുള്ള അമ്മയുടെ ക്രൂരതയുടെ ചുരുൾകൂടി പുറംലോകം അറിയുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ സുന്ദരി ഓർത്തെടുത്ത് പറയുന്നതിങ്ങനെ: 

2012 ആഗസ്ത് 15 നാണ് അഗളി സ്റ്റേഷനിലേക്ക് ഒരു ഫോൺകോൾ വരുന്നത്. കാടിനുള്ളിൽ തോട്ടിൽ നിന്നും ഒരു കുഞ്ഞിന്റെ കരച്ചിൽ കേൾക്കുന്നുവെന്നാണ് വിളിച്ചയാൾ പറഞ്ഞത്. വിവരമറിഞ്ഞയുടൻ സി.ഐ.മനോജ്കുമാറും സുന്ദരിയും ബിന്ദുവും സംഭവസ്ഥലത്തേക്ക് പാഞ്ഞു. 

ജീപ്പ് പോകാത്ത ഭൂതിവഴിയിലേക്കായിരുന്നു യാത്ര. തോടിന് അഞ്ഞൂറ് മീറ്റർ അകലെ വണ്ടിനിര്‍ത്തി പൊലീസ് സംഘം തോട്ടിനടുത്തേക്ക് നടന്നു. വെള്ളമില്ലാത്ത തോട് മുൾപടർപ്പും കരിയിലയും മൂടികിടക്കുന്ന നിലയിലായിരുന്നു. ഏകദേശം പന്ത്രണ്ട് അടി താഴ്ചയോളം അതിനുണ്ടായിരുന്നു. ഇങ്ങനെ ഒരു പ്രദേശത്ത് ഒരു കുഞ്ഞിന്റെ കരച്ചിൽ കേട്ടു എന്നു പറയുന്നത് വെറും തോന്നലായിരിക്കുമെന്നാണ് സംഘം കരുതിയത്. എന്നാൽ തിരിച്ചിലിനൊടുവിൽ അവർ കണ്ടത് അത്യന്തം ദാരുണമായ ഒരു കാഴ്ചയായിരുന്നു. 

തോടിന്റെ ഒരു ഭാഗത്ത് കുറ്റിക്കാടിലായി ഈച്ചകൾ വട്ടമിട്ട് പറക്കുന്നു. അതുകണ്ട് സംശയം തോന്നിയ സുന്ദരി തോട്ടിലേക്ക് എടുത്തുചാടി. കൂടെ മറ്റുള്ളവരും. രക്തം കലർന്ന ഒരു വസ്തുവിന് ചുറ്റും പുഴവും ഈച്ചയും ആർക്കുന്നു. സൂക്ഷിച്ച് നോക്കി മറിച്ചിട്ടപ്പോഴാണ് അത് മറുപിള്ളയ്ക്കുള്ളിലെ ഒരു ചോരക്കുഞ്ഞാണ് പുഴുവും ഉറുമ്പും ഈച്ചയും അരിച്ച നിലയിൽ കിടക്കുന്നതെന്ന് മനസിലായി. സുന്ദരി വേഗം കുഞ്ഞിനെ വാരിയെടുത്തു. നോക്കിയപ്പോൾ കുഞ്ഞിന്റെ ചെവിയിലും മുഖത്തും കണ്ണിലുമൊക്കെ ഈച്ചകളും പുഴുവും പൊതിഞ്ഞിരിക്കുന്നു. ദേഹത്ത് മുഴുവൻ മുള്ള് കുത്തിക്കയറി മുറിഞ്ഞിരിക്കുന്നു. 

കുഞ്ഞ് മരിച്ചിട്ടുണ്ടാകുമെന്ന് കരുതി മൂക്കിന്റെ അവിടെ വിരൽ കൊണ്ടുവന്ന് നോക്കി. കുഞ്ഞിന് ശ്വസോച്ഛാസമുണ്ടെന്ന് തിരിച്ചറിഞ്ഞു. "കുഞ്ഞിന് ശ്വാസമുണ്ടെന്നറിഞ്ഞ് ഞങ്ങളുടെ ശ്വാസംനിലച്ചുപോയ അവസ്ഥയായിരുന്നു. അത്രയും ദാരുണമായ അവസ്ഥയിലായിരുന്നു കുഞ്ഞ്.", സുന്ദരി പറയുന്നു. സാറേ കുഞ്ഞിന് ജീവനുണ്ടെന്ന് വിളിച്ചുപറഞ്ഞു. 12 അടി താഴ്ചയുള്ള തോട്ടിൽ നിന്ന് സുന്ദരിയേയും കുഞ്ഞിനെയും വലിച്ചുകയറ്റി, പൊലീസ് സംഘം ആശുപത്രിയിലേക്ക് ഒരു പാച്ചിലായിരുന്നു. 

പിന്നീട് ഏഴുദിവസം അഗളി ആശുപത്രിയിൽ ഡോക്ടർ രാജേഷിന്റെ പരിചരണത്തിലായിരുന്നു കുഞ്ഞ്. മുഖത്തും തലയിലുമെല്ലാം കുഞ്ഞിന് പരുക്കുണ്ടായിരുന്നു. ഈച്ചയേയും ഉറുമ്പിനെയും പുഴുക്കളെയും നഴ്സുമാരും പൊലീസുകാരും ചേർന്ന് കളഞ്ഞു. കുഞ്ഞിനെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി. ഈ ഏഴുദിവസം ആ പിഞ്ചുജീവന് കാവലിരുന്നത് പൊലീസുകാരായിരുന്നു. രണ്ട് രാവും മൂന്നരപകലും മുലപ്പാൽ പോലുമില്ലാതെ കൊടുംകാട്ടിൽ കുഞ്ഞ് കിടന്നത് പൊലീസുകാർക്ക് അത്ഭുതമാണ്. വന്യമൃഗങ്ങളും പാമ്പും നിറയെ ഉള്ള കാട്ടിൽ നിന്നും സ്വാതന്ത്ര്യദിനത്തിൽ കിട്ടിയ കുട്ടിക്ക് അവർ സ്വതന്ത്രയെന്ന് പേരിട്ടു. 

കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നതോടെ ഈ ക്രൂരയുടെ ഉത്തരവാദികൾ ആരാണെന്നുള്ള തിരച്ചിലായി. ആ അന്വേഷണം ചെന്നെത്തിയത് മരതകം എന്ന അമ്മയിലാണ്. തോട്ടം തൊഴിലാളിയായ മരതകം 2012 ആഗസ്ത് 13ന് തോടിന് മുകളിലുള്ള കുറ്റിക്കാട്ടിലിരുന്ന് പ്രസവിച്ചശേഷം സ്വയം പൊക്കിൾക്കൊടി മുറിച്ച് മറുപിള്ളയോടെ കുഞ്ഞിനെ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. മറുപിള്ളയ്ക്കകത്തായിരുന്നത് കൊണ്ട് മാത്രമാണ് കുഞ്ഞ് ജീവനോടെ അവശേഷിച്ചത്. തോട്ടിലേക്ക് ഉരുണ്ട് ഉരുണ്ട് വീഴുന്നതിന്റെ ഇടയ്ക്കാണ് കുഞ്ഞിന്റെ ശരീരത്തിൽ മുള്ളുകൊണ്ടത്. പയറ് തോട്ടത്തിലെ തൊഴിലാളിയ മരതകം തോട്ടംമേൽനോട്ടക്കാരനിൽ നിന്നാണ് ഗർഭം ധരിച്ചത്. ഈ ഒമ്പത് മാസവും സാരി മുറുക്കിചുറ്റിയും മൂടിവെച്ചും ഗർഭവിവരം മരതകം ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും മറച്ചു. 

എങ്കിലും വയറ് വീർത്തുവരുന്നതിൽ ചിലർക്ക് എങ്കിലും സംശയം തോന്നിയിരുന്നു. അവരോടെല്ലാം മണ്ണുതിന്നുന്നത് കൊണ്ടാണെന്ന് പറഞ്ഞു. കാമുകനിൽ നിന്നുപോലും ഗർഭവിവരം ഇവർ ഒളിപ്പിച്ചു. പൊലീസ് സംഘം കുഞ്ഞിനെ തേടിപ്പോകുമ്പോഴും വരുമ്പോഴുമെല്ലാം മരതകം തോട്ടിലേക്കുള്ള വഴിയുടെ ഓരത്ത് നിൽപ്പുണ്ടായിരുന്നുവെന്ന് സുന്ദരി ഓർത്തെടുത്തു. കൂടുതൽ അന്വേഷണത്തിലാണ് നാട്ടുകാരിൽ ചിലർ മരതകത്തിന്റെ വയറ് അസാധാരണമായി വീർത്തിരിപ്പുണ്ടായിരുന്നുവെന്ന കഥ പറഞ്ഞ്. തേടിയെത്തിയ പൊലീസ് സംഘത്തോടും ഇവർ മണ്ണുതിന്നിട്ടാണെന്ന കള്ളം ആവർത്തിച്ചു. എന്നാൽ വിശദപരിശോധനയിൽ ഏതാനും ദിവസം മുമ്പാണ് ഇവർ പ്രസവിച്ചതെന്ന് തിരിച്ചറിഞ്ഞു. നാണക്കേട് ഓർത്താണ് ഇങ്ങനെ ചെയ്തതെന്ന് മരതകം പറഞ്ഞു.

നിയമവ്യവസ്ഥയോട് ബഹുമാനമുണ്ടെങ്കിലും മരതകത്തിന് കിട്ടിയ ശിക്ഷ പോര എന്നാണ് അന്വേഷണസംഘത്തിലെ ഓരോ ഉദ്യോഗസ്ഥരുടെയും അഭിപ്രായം. കാരണം ഏഴുവർഷം കഴിഞ്ഞു രക്തക്കട്ടപോലെ കിടന്ന കുഞ്ഞിന്റെ കാഴ്ച ഇവരിൽ ഓരോരുത്തരുടെയും കണ്ണിലുണ്ട്. രണ്ട് കുട്ടികളുടെ അമ്മയാണ് സുന്ദരി, എങ്ങനെ ഒരമ്മയ്ക്ക് ഇത്ര ക്രൂരമായി കുഞ്ഞിനെ വലിച്ചെറിയാൻ തോന്നിയെന്നാണ് സുന്ദരിയുടെ ചോദ്യം. ആർക്കും എടുത്ത് ലാളിക്കുന്ന തോന്നുന്ന ഓമനക്കുഞ്ഞായിരുന്നു അതെന്ന് സുന്ദരി ഓർക്കുന്നു.

ആശുപത്രയിൽ നിന്നും കുഞ്ഞിനെ ആഘോഷത്തോടെയാണ് ആനന്ദഭവനിലേക്ക് കൊണ്ടുപോയത്. നാട്ടുകാരും സമൂഹ്യപ്രവർത്തകരും രാഷ്ട്രീയനേതാക്കളുമൊക്കെയുണ്ടായിരുന്നു. കുഞ്ഞിന് ഒരുപാട് സമ്മാനങ്ങളും കാണാൻ വന്നവർ നൽകി. ആനന്ദഭവനിൽ നിന്നും അധികം വൈകാതെ കുഞ്ഞിനെ ദത്തെടുത്തു. ആറാം മാസത്തിൽ സുന്ദരിയും പൊലീസ് സംഘവും കുഞ്ഞിനെ കണ്ടു. പക്ഷെ പിന്നീട് നിയമതടസമുള്ളതിനാൽ കാണാൻ ശ്രമിച്ചില്ല. കുഞ്ഞിനെ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ടെങ്കിലും അതിന്റെ ഭാവിയോർത്ത് അതിന് ശ്രമിക്കാറില്ലെന്ന് സുന്ദരി പറഞ്ഞു. ക്രൂരതയുടെ ആ ഭൂതകാലം ഒരിക്കലും കുഞ്ഞിന്റെ ഓർമയിൽ ഇല്ലാതിരിക്കട്ടെയെന്ന് അന്വേഷണസംഘത്തിലെ ഓരോരുത്തരും ആഗ്രഹിക്കുന്നു. ഈ ആഗസ്റ്റില്‍ പൊലീസ് രക്ഷിച്ച് സ്വതന്ത്രയാക്കിയ സ്വതന്ത്രയ്ക്ക് ഏഴുവയസ് തികയും. സ്വതന്ത്രയെന്ന പേര് ദത്തെടുത്തവർ മാറ്റിയിട്ടുണ്ട്. എങ്കിലും സുന്ദരിക്കും മറ്റുള്ളവർക്കും അവൾ ഇന്നും മരണത്തിൽ നിന്നും സ്വതന്ത്രയായ അദ്ഭുതശിശുവാണ്. 

MORE IN SPOTLIGHT
SHOW MORE