കുഴപ്പം ആര്‍ക്കെന്ന ചോദ്യം‌; അവഹേളനം; വന്ധ്യതയെ തോൽപ്പിച്ച യുവതിയുടെ കുറിപ്പ്

infertility-15-05-2019
SHARE

വന്ധ്യതയെക്കുറിച്ചും അത് സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങളെക്കുറിച്ചും തുറന്നെഴുതി യുവതി. ശാരീരിക വേദനയില്ലെങ്കിലും വന്ധ്യത നൽകുന്ന മാനസിക വേദന അതികഠിനമാണ്. ഇത് മൂലം കഷ്ടപ്പെടേണ്ടി വരുന്ന രോഗികൾ സമൂഹത്തിൽ നേരിടേണ്ടി വരുന്ന അവഹേളങ്ങളെക്കുറിച്ചും യുവതി കുറിപ്പിൽ പറയുന്നു. 

''മാനസിക പിരിമുറുക്കം അനുഭവിച്ച, അതിനെതിരെ പൊരുതിയ ആളെന്ന നിലയിൽ ഞാൻ പറയുന്നു, വന്ധ്യതയും മറ്റേതൊരു രോഗം പോലെ ജീവിതത്തെ കാർന്നു തിന്നുന്നു. മറ്റേതൊരു രോഗം പോലെ എളുപ്പമല്ല വന്ധ്യത ചികിത്സയുമായുള്ള മുന്നോട്ടു പോക്ക്. ചിലവഴിക്കേണ്ടി വരുന്ന പണം, സമയം, എല്ലാം കഴിയുമ്പോഴും വിജയം ഉറപ്പമല്ല. പരാജയമാണ് ഫലമെങ്കിൽ രോഗി അപ്പോഴേക്കും മാനസികമായും ശാരീരികമായും തളർന്നിട്ടുണ്ടാവും. 

''അവരും മനുഷ്യരാണെന്ന് കുറിപ്പ് ഓർമ്മിപ്പിക്കുന്നു. കാരുണ്യവും ദയയും ജീവിക്കാനുള്ള അവകാശവും അവരും അർഹിക്കുന്നുണ്ട്''.

കുറിപ്പ് വായിക്കാം:

വിവാഹ ശേഷമുള്ള പതിമൂന്നാം വർഷമാണിത്..കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ ജീവിതത്തിന്റെ സിംഹഭാഗവും എവിടെ ചിലവഴിച്ചു എന്ന്‌ ചോദിക്കുകയാണെങ്കിൽ ,വന്ധ്യത ക്ലിനിക്കുകളിൽ എന്നുള്ളതാണ് ഏറ്റവും ശരിയായ ഉത്തരം..ജീവിതത്തിൽ ഞങ്ങൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയും അത് തന്നെയായിരുന്നു.അതേ പ്രതിസന്ധി തന്നെയായിരുന്നു ഞങ്ങളെ ഇണ പിരിയാനാവാത്ത വിധം ജീവിതത്തോട്അടുപ്പിച്ചുനിർത്തിയത്.ഇന്ന് ഇതെഴുതുമ്പോൾ അദ്ദേഹം എന്നോടൊപ്പമില്ല...എങ്കിലും..

എന്നെങ്കിലും കുഞ്ഞുങ്ങളില്ലാത്ത സുഹൃത്തുക്കളുടെ സങ്കടങ്ങൾക്കു നിങ്ങൾ ചെവി കൊടുത്തിട്ടുണ്ടോ ?കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന സഹപ്രവർത്തകർക്ക് താങ്ങായി നിന്നിട്ടുണ്ടോ?

സമൂഹത്തിൽ നിന്ദയും അപമാനവും അനുഭവിക്കുന്ന ഈ കൂട്ടരോട് അല്പമെങ്കിലും അനുഭവത്തോടെ നിങ്ങൾ പെരുമാറിയിട്ടുണ്ടോ ?

എല്ലാ ദിവസങ്ങളിലും അനേകം ആളുകളുമായി ഇടപഴകേണ്ടി വരുന്ന ഒരു ഉദ്യോഗസ്ഥ എന്ന നിലയിൽ ഇത്രയും നാൾ ഞാൻ അനുഭവിച്ചിരുന്ന മാനസിക ആഘാതം ചില്ലറയല്ല..മുന്നിൽ വന്നിരിക്കുന്ന ആളുകൾ ,അല്ലെങ്കിൽ പലപ്പോഴായി നാം കണ്ടു മുട്ടുന്ന ആളുകൾ..പരിചയപ്പെട്ടുവരുമ്പോൾ ,വീട് കുടുംബം കുഞ്ഞുങ്ങൾ കഴിഞ്ഞാൽ... കുട്ടികളില്ലെന്നറിയുമ്പോൾ വരുന്ന നാലാമത്തെ ചോദ്യം, ആർക്കാണ് കുഴപ്പം എന്നുള്ളതായിരിക്കും..മറുപടി പറയാനാവാതെ ഞാൻ പലപ്പോഴും സീറ്റിൽ നിന്നു എഴുന്നേറ്റു പോവുകയാണ് പതിവ്..മാഷോട് ഞാൻ ഇക്കാര്യം പറയുമ്പോൾ അദ്ദേഹം എപ്പോഴും തരുന്ന ഒരു മറുപടിയുണ്ട്..കുഴപ്പം ഭർത്താവിനാണെന്നു പറഞ്ഞോളൂ അങ്ങനെയെങ്കിലും അവർ സന്തോഷിക്കട്ടെ എന്ന്‌..

യഥാർത്ഥത്തിൽ കുഴപ്പം ആർക്കാണ് ?എനിക്കോ അതോ എന്‍റെ ഭർത്താവിനോ അതോ ചോദ്യം ചോദിക്കുന്ന നിങ്ങൾക്കോ ?

പ്രിയമുള്ളവരേ, കഴിഞ്ഞ കുറെയേറെ വര്ഷങ്ങളായി ഈ മാനസിക പിരിമുറുക്കം അനുഭവിച്ച ,അതിനെതിരെ പൊരുതിയ ആളെന്ന നിലയിൽ ഞാൻ പറയുന്നു,വന്ധ്യതയും മറ്റേതൊരു രോഗം പോലെ ജീവിതത്തെ കാർന്നു തിന്നുന്നു..ശാരീരിക വേദന ഇല്ലെന്നത് ഒഴിച്ച് നിർത്തിയാൽ അത് തരുന്ന മാനസിക വേദന മറ്റേതൊരു രോഗത്തെക്കാളും കഠിനമാണ്...വന്ധ്യത മൂലം കഷ്ടപ്പെടേണ്ടി വരുന്ന രോഗികൾ സമൂഹത്തിൽ ,തൊഴിലിടങ്ങളിൽ ,വീടുകളിൽ അനുഭവിക്കേണ്ടി വരുന്ന അവഹേളനങ്ങൾ നിരവധി അനവധിയാണ്....

മറ്റേതൊരു രോഗം പോലെ എളുപ്പമല്ല വന്ധ്യത ചികിത്സയുമായുള്ള മുന്നോട്ടു പോക്ക്...

ചിലവഴിക്കേണ്ടി വരുന്ന പണം..ശരീരത്തിൽ കുത്തികയറ്റുന്ന മരുന്നുകൾ..നഷ്ടമാവുന്ന സമയം..എല്ലാം കഴിയുമ്പോഴും വിജയം സുനിശ്ചിതമല്ല..പരാജയമാണ് ഫലമെങ്കിൽ രോഗി അപ്പോഴേക്കും മാനസികമായും ശാരീരികമായും തളർന്നിട്ടുണ്ടാവും...

അതൊക്കെ അനുഭവിക്കുന്ന/അനുഭവിച്ചു കൊണ്ടിരിക്കുന്ന രോഗികളോടായിരിക്കും നിങ്ങൾ മേൽപ്പറഞ്ഞ മാതിരിയുള്ള ചോദ്യങ്ങൾ ചോദിച്ചു വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത്..

സമൂഹമേ അവരും മനുഷ്യരാണ്..കാരുണ്യവും ദയയും ജീവിക്കാനുള്ള അവകാശവും അവരും അർഹിക്കുന്നുണ്ട്.

കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന ഒരുപാടൊരുപാട് ദമ്പതികൾ നമ്മുക്കിടയിലുണ്ട്..വന്ധ്യത അവരുടെ ആരുടെയും കുറ്റമല്ല...

ഈ മാതൃദിനം അവർക്കുള്ളതാവട്ടെ....കുഞ്ഞുങ്ങൾക്കായി കാത്തിരിക്കുന്ന എല്ലാ വിവാഹിതരായ സ്ത്രീകൾക്കുമായി ഈ കുറിപ്പും ഈ ഫോട്ടോയും സമർപ്പിക്കുന്നു..

MORE IN SPOTLIGHT
SHOW MORE