ഫോൺ കടലിൽ പോയി; തിരികെ നൽകി ഞെട്ടിച്ച് തിമിംഗലം: അത്യപൂര്‍വ വിഡിയോ

whale-video
SHARE

സുഹൃത്തുക്കൾക്കൊപ്പം ബോട്ടിൽ കറങ്ങാനിറങ്ങിയ ഇസ ഓഫ്ദാലിന് ഇങ്ങനെയൊരു അനുഭവം ആദ്യമായിയാണ്. നോർവേയിലെ ഹാമർഫെസ്റ്റ് ഹാർബറിലാണ് അമ്പരപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബോട്ടിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നാണ് ഇസയുടെ കൈയിൽ നിന്ന് ഫോൺ അബദ്ധത്തിൽ കടലിലേക്ക് വഴുതിവീണത്. ഫോൺ പോയ സങ്കടത്തിൽ നിൽക്കുമ്പോഴാണ് ഒരു ബലൂഗാ തിമിംഗലത്തിന്റെ മാസ്സ് എൻട്രി. അതും കടലിൽ പോയ ഫോൺ വായിൽ കടിച്ചു പിടിച്ചു കൊണ്ട്. 

ഉൾക്കടലിലേക്കുള്ള യാത്രയിൽ എങ്ങാനും വല്ല സ്രാവിനെയോ തിമിംഗലത്തെയോ കണ്ടാലായി എന്ന് കരുതിയായണ് ഇവർ യാത്ര തിരിച്ചത്. ഇവർക്കിടയിലേക്കാണ് ഈ തിമിംഗലത്തിന്റെ വരവ്. ഫോണുമായി വന്ന തിമിംഗലത്തിന്റെ വായിൽ നിന്നും ഇസയും കൂട്ടരും ഫോൺ തിരികെവാങ്ങി. ഈ സമയം ദൃശ്യങ്ങൾ ചിലർ ക്യാമറയിൽ പകർത്തുകയും ചെയ്തു. 

ജലോപരിതലത്തിൽ അൽപസമയം ചിലവഴിച്ച തിമിംഗലം ബോട്ടിലുള്ളവരുടെ തലോടലും സ്നേഹവുമേറ്റുവാങ്ങി ആഴക്കടലിലേക്ക് മറഞ്ഞു. അദ്ഭുതപ്പെടുത്തുന്ന സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇസയും കൂട്ടരും. ഇവർക്കരികിലേക്കെത്തിയ തിമിംഗലം പരിശീലനം ലഭിച്ചതാണന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഴ്ച കിഴക്കൻ നേർവേയിലെ ഫിൻമാർക്കിൽ മത്സ്യബന്ധന ബോത്തിനരികേലേക്കെത്തിയ തിമിംഗലം തന്നെയാണോയെന്ന് സംശയം ഉയർന്നിട്ടുണ്ട്. പതിവില്‍ കൂടുതല്‍ വെളുത്ത നിറത്തില്‍ കാണപ്പെട്ട ആ തിമിംഗലത്തിന്‍റെ കഴുത്തില്‍ ഒരു ബെല്‍റ്റും അതില്‍ ഘടിപ്പിച്ച തിരിച്ചറിയാന്‍ കഴിയാത്ത ഒരു വസ്തുവും ഉണ്ടായിരുന്നു. മിലിട്ടറി പരിശീലനം ലഭിച്ച  തിമിംഗലമായിരിക്കാം ഇതെന്നും ചാരപ്രവര്‍ത്തിക്കായി റഷ്യ ഇത്തരം തിമിംഗലങ്ങളെ ഉപയോഗിക്കാറുണ്ടെന്നും അന്ന് സംശയമുയർന്നിരുന്നു.

എന്നാൽ ഈ തിമിംഗലം ചാരന്‍മാരായിരിക്കില്ലെന്നും നോര്‍വേയില്‍ നിന്ന് അധികം അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന റഷ്യയുടെ മുര്‍മാന്‍സ്ക് നേവല്‍ ബേസില്‍ നിന്നു രക്ഷപെട്ടെത്തിയതാകാമെന്നും ഗവേഷകർ വിശദീകരിച്ചിരുന്നു. റഷ്യന്‍ നേവി തിമിംഗലങ്ങളെ പരിശീലിപ്പിച്ചു സേനയുടെ ഭാഗമാക്കാറുണ്ട്.

എന്നാല്‍ ഇവ മിക്കപ്പോഴും മുങ്ങിക്കപ്പലുകള്‍ക്കൊപ്പമാണ് സഞ്ചരിക്കാറുള്ളത്. റഷ്യന്‍ മുങ്ങിക്കപ്പലുകളൊന്നും തന്നെ നോര്‍വേക്ക് സമീപത്തേക്കെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഈ തിമിംഗലം രക്ഷപെട്ടെത്തിയതാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്തായാലും പരിശീലനം ലഭിച്ച തിമിംഗലമായതുകൊണ്ടായിരിക്കാം ഇസയ്ക്ക് കടലിൽ വീണുപോയ ഫോൺ തിരികെ നൽകിയിട്ട് തിമിംഗലം ആഴക്കടലിലേക്ക് മറഞ്ഞത്.

MORE IN SPOTLIGHT
SHOW MORE