വേര്‍പാടില്‍ ഉള്ളുപിടയുന്ന കുഞ്ഞുകണ്ണുകൾ; ‘അമ്മയില്ലാത്ത ഗ്രാമ’ങ്ങളുടെ നോവുകഥ

bbc-abidiya
Image Courtesy: BBC
SHARE

ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമായ ഇന്തോനേഷ്യയുടെ കിഴക്കൻ മേഖലകൾ മറ്റൊരു പേരിൽ കൂടി അറിയപ്പെടുന്നുണ്ട്. അമ്മമാരില്ലാത്ത നാട്. ഈ ഗ്രാമങ്ങളിലെ കുഞ്ഞുകണ്ണുകളിലെല്ലാം അമ്മയെ വിട്ടുപിരിഞ്ഞ വേദന നിറഞ്ഞുകിടക്കുന്നത് കാണാം. മുത്തശ്ശിക്കൈകളിൽ അവർ സുരക്ഷിതരായി ജീവിക്കുമ്പോഴും ഉള്ളുപിടയുന്നൊരു നോവ് കേള്‍ക്കാം അവരുടെ നോക്കിലും വാക്കിലും.

കിഴക്കൻ ഗ്രാമങ്ങളിലെ വീട്ടുമുറ്റത്ത് ഓടിനടക്കുന്ന ഓരോ കുഞ്ഞും എപ്പോഴും ആരെയോ തേടുന്നതായി തോന്നും. ഒരു വയസ്സിലും ഒന്നര വയസ്സിലും എന്തിന് മുലപ്പാൽ നുണയുന്ന നാളുകളിൽ പോലും മുത്തശ്ശിയുടെ മാറത്തും കവിളിലും അമ്മമണം തേടി നടക്കുന്ന കുട്ടികൾ. അയൽ ഗ്രാമങ്ങളിലെ കുട്ടികളെയും അമ്മമാരെയും ഒന്നിച്ച് കാണുമ്പോൾ നെഞ്ച് പൊട്ടുന്ന വനസബ ഗ്രാമത്തിലെ പതിനൊന്ന് വയസ്സുകാരി എലി സുസിയാവതി ഒരു ഉദാഹരണം മാത്രം. എലിയുടെയും സഹോദരികളുടെയും നല്ല ഭാവിക്കായാണ് അമ്മ സൗദി അറേബ്യയില്‍ വീട്ടു ജോലി ചെയ്യുന്നത്. പക്ഷേ അതൊന്നും അമ്മ തങ്ങളെ വിട്ടുപോയതിന്റെ ന്യായീകരണമായി എലി കാണുന്നില്ല. ഞങ്ങൾക്കാവശ്യം അമ്മയുടെ സ്നേഹമാണ്, കരുതലാണ്, തലോടലാണ്. എലി പറഞ്ഞു നിർത്തുന്നു.

ഒന്നിന് പിറകെ മറ്റൊന്നായി ചേർന്ന് കിടക്കുന്ന വീടുകളും അവയ്ക്കിടെയിലൂടെ ബൈക്കുകൾക്ക് മാത്രം സഞ്ചരിക്കാവുന്ന ഇടവഴികളും ഈ നാടിന്റെ പ്രത്യേകതകളാണ്. പുരുഷൻമാർ ഭൂരിഭാഗവും കർഷകരും കൂലിപ്പണിക്കാരും. ഇതാണ് സ്ത്രീകളെ വിദേശരാജ്യങ്ങളിലെ തൊഴിലിടങ്ങളിലേയ്ക്ക് എടുത്തെറിയുന്നത്. കുഞ്ഞുങ്ങളുടെ സംരക്ഷണമേറ്റെടുക്കാൻ അച്ഛനും മുത്തശ്ശിയും മുത്തശ്ശനുമെല്ലാമുണ്ടെങ്കിലും അമ്മയുടെ സ്നേഹം ഇല്ലാതാകുന്നത് ഇവിടത്തെ കുഞ്ഞുങ്ങളെ തീർത്തും നിരാശരാക്കുന്നുണ്ട്.

ഭൂമിയിൽ പിറന്ന് വീണ് ഒരു വർഷം പൂർത്തിയാവും മുന്‍പ് വിട്ടുപിരിഞ്ഞ അമ്മയുടെ രൂപം പോലും ഓർക്കാനാവാത്ത കുട്ടിയാണ് അബീദിയ. രൂപം പോലെ തന്നെ അമ്മയുടെ സ്നേഹവും വാത്സല്യവും അബീദിയയ്ക്ക് ഇന്നും അന്യം. അടുത്തു കണ്ടിട്ടില്ലാത്ത അമ്മയുടെ രാത്രിനേരങ്ങളിലെത്തുന്ന വിഡിയോകോളുകളുമായി പോലും അബീദിയയ്ക്ക് താദാത്മ്യം പ്രാപിക്കാനാകുന്നില്ല. അബീദിയയുടെ സംരക്ഷകയായ ആന്റിക്കൊപ്പം ഒമ്പത് കുട്ടികളുണ്ട്. എല്ലാവരും വിദേശരാജ്യങ്ങളിൽ പോയി മക്കൾക്കായി രാപകൽ അധ്വാനിക്കുന്ന അമ്മമാരുടെ കുട്ടികൾ.

എണ്‍പതുകളിലാണ് ഇന്തോനേഷ്യയുടെ കിഴക്കൻ മേഖലകളിൽ നിന്ന് സ്ത്രീകൾ അന്യനാടുകളിലേക്ക് ജോലി തേടി പോയിത്തുടങ്ങിയത്. നിയമവിധേയമല്ലാത്ത യാത്രകളെല്ലാം പലപ്പോഴും ദാരുണമാവാറുമുണ്ട്. തൊഴിൽ ദാതാക്കളുടെ പീഡനങ്ങൾ ഏറ്റുവാങ്ങി ഉറ്റവർക്കായി എല്ലാം സഹിച്ച് ജീവിക്കുന്ന അമ്മമാരാണ് കൂടുതലും. ചെയ്ത ജോലിക്ക് വേതനം ലഭിക്കാതെ തിരിച്ചെത്തുന്നവരും ഇക്കൂട്ടത്തിൽപ്പെടും. അറബ് നാടുകളിൽ നിന്നും ഗർഭിണികളായി തിരിച്ചെത്തുന്ന സ്ത്രീകളുമുണ്ട്. നാട്ടിൽ പ്രസവിച്ച് ആ കുഞ്ഞുങ്ങളെയും വിട്ട് ജോലിയിലേക്ക് തിരിച്ച് പോവുന്ന സ്ത്രീകൾ. കാര്യങ്ങൾ ഇങ്ങനൊക്കെയാണെങ്കിലും പലപ്പോഴും പല കുടുംബങ്ങളും രക്ഷ നേടുന്നത് ഈ അമ്മമാരിലൂടെ തന്നെയാണ്. അരക്ഷിതമായ ഓരോ സമൂഹത്തിലും സ്ത്രീകൾ അനുഭവിക്കുന്ന യാതനകളുടെ ഫലമേറ്റുവാങ്ങപ്പെടുന്നവർ കുട്ടികളാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഇന്തോനേഷ്യൻ ഗ്രാമങ്ങൾ നൽകുന്നത്.

കടപ്പാട്: ബിബിസി റിപ്പോര്‍ട്ട്

MORE IN SPOTLIGHT
SHOW MORE