പ്രസവിച്ചയുടന്‍ ഉപേക്ഷിച്ച് അമ്മ; കാവലായി ഓട്ടോ ഡ്രൈവര്‍; മരണമെടുത്ത നന്മ

auto-driver-whitefield-13
SHARE

മാതാപിതാക്കള്‍ മക്കളെ ഉപദ്രവിക്കുന്ന വാര്‍ത്തകള്‍ അടുത്തകാലത്ത് നിത്യേനയെന്നോണം നാം കേള്‍ക്കുന്നുണ്ട്, കാണുന്നുണ്ട്. ഈ വാര്‍ത്തകള്‍ക്കിടെ ഒരു നല്ല വാര്‍ത്തയാണ് ബെംഗളുരുവില്‍ നിന്ന് പുറത്തുവരുന്നത്. പ്രസവിച്ചയുടന്‍ അമ്മ ഉപേക്ഷിച്ച് കുഞ്ഞിന് കാവലായ ഓട്ടോ ഡ്രൈവറാണ് വാര്‍ത്തയിലെ താരം. 

കഴിഞ്ഞയാഴ്ച നടന്ന സംഭവം ഇങ്ങനെ: ഉച്ച് രണ്ടര മണിയോടെ ഊണുകഴിക്കാന്‍ വൈറ്റ്ഫീല്‍ഡിലെ വീട്ടിലേക്ക് പോകുകയായിരുന്നു ബാബു രുദ്രപ്പ എന്ന ഓട്ടോ ഡ്രൈവര്‍. വഴിയരികില്‍ നിന്നുയര്‍ന്ന നിലവിളി കേട്ടാണ് ബാബു ഓട്ടോ നിര്‍ത്തിയത്. കണ്ടത് പ്രസവവേദനയുമായി വഴിയരികില്‍ നിലത്തിരിക്കുന്ന ഗര്‍ഭിണിയെ. ആ നാടോടിസ്ത്രീയെ സഹായിക്കാന്‍ ബാബു തീരുമാനിച്ചു. 

അവരെ സമീപത്തുള്ള നഴ്സിങ് ഹോമിലെത്തിച്ചു. എന്നാല്‍ സ്ഥിതി ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്ക് നിര്‍ദേശിച്ചു. ബാബു അവരെ സിവി രാമന്‍ ആശുപത്രിയിലെത്തിച്ചു. ആശുപത്രി നിയമപ്രകാരം ബന്ധുക്കള്‍ ആരെങ്കിലും ഫോം പൂരിപ്പിച്ചാല്‍ മാത്രമെ പ്രസവക്കേസുകള്‍ പരിഗണിക്കൂ. തത്ക്കാലത്തേക്ക് ആ ഫോം ബാബു തന്നെ പൂരിപ്പിച്ചു. 

പ്രസവം കഴിയുംവരെ ബാബു ലേബര്‍ റൂമിന് പുറത്ത് കാത്തിരുന്നു. പ്രസവത്തോടെയാണ് ഡോക്ടര്‍മാര്‍ അറിയുന്നത്, യുവതിയുടേത് മാസം തികയാത്ത പ്രസവമായിരുന്നു എന്ന്. കുഞ്ഞിന് സ്വന്തമായി ശ്വാസമെടുക്കാനുള്ള വളര്‍ച്ചയായിരുന്നില്ല. കുഞ്ഞിന്റെ നിലയും ഗുരുതരമായതോടെ നഴ്സ് ബാബുവിനെ സമീപിച്ചു. അടിയന്തരമായി എന്‍ഐസിയുവിലേക്ക് കുഞ്ഞിനെ മാറ്റണമെന്നും മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്നും നിര്‍ദേശിച്ചു. 

ആരുമല്ലാതിരുന്നിട്ടും ബാബു അവരെയും കൊണ്ട് നിര്‍ദേശിച്ച ആശുപത്രിയിലെത്തി. അവിടെയും ഫോം പൂരിപ്പിച്ചത് ബാബു തന്നെ. അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. സുരക്ഷിതരെന്ന് ബോധ്യപ്പെട്ടതോടെ ബാബു വീട്ടിലേക്ക് പോയി. വീട്ടില്‍ ചെന്ന് കുളിച്ച് വസ്ത്രം മാറി ബാബു ആശുപത്രിയില്‍ തിരികെയെത്തി. അപ്പോഴാണ് ആ ഞെട്ടിക്കുന്ന വിവരം ബാബു അറിഞ്ഞത്.

കുഞ്ഞിനെ ഉപേക്ഷിച്ച് ആ സ്ത്രീ കടന്നുകളഞ്ഞ്. ബാബുവിനും മടങ്ങാമായിരുന്നു. പക്ഷേ ആശുപത്രി ബില്ല് അടച്ചുതീര്‍ത്ത് കുഞ്ഞിന്റെ ഉത്തരവാദിത്തം ബാബു ഏറ്റെടുത്തു. അടുത്ത മൂന്നാഴ്ച ദിവസവും രാവിലെയും വൈകീട്ടും ജോലിക്കിടയിലുമെല്ലാം ബാബു മുടങ്ങാതെ ആശുപത്രിയിലെത്തി. 

മരുന്നും ചികിത്സക്കാവശ്യമായ പണവും നല്‍കി. പതിനെട്ട് ദിവസം ആ കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത് ഈ ഓട്ടോ ഡ്രൈവറാണ്. ഭാര്യയും ഒപ്പം നിന്നും. ആരോഗ്യം വീണ്ടെടുത്താല്‍ കുഞ്ഞിനെ ദത്തെടുക്കാനായിരുന്നു ബാബുവിന്റെയും ഭാര്യയുടെയും തീരുമാനം. എന്നാല്‍ അവിടെയും വിധി മറ്റൊന്നായി മെയ് നാലിന് ആരോഗ്യനില വഷളായി ആ കുഞ്ഞ് മരിച്ചു. 

ആരെന്നോ എന്തെന്നോ അറിയാത്ത ആ കുഞ്ഞിനായി ബാബുവും ഭാര്യയും കണ്ണീരൊഴുക്കി. ഉപേക്ഷിച്ചുപോയ അമ്മക്കെതിരെ പൊലീസില്‍ പരാതി നല്‍കി. ഇനി ഒരമ്മയും ഇതുപോലെ ചെയ്യരുതെന്ന് ബാബു പറയുന്നു. 

MORE IN SPOTLIGHT
SHOW MORE