‘ഞാൻ മരിച്ചാ എന്റെ മയ്യത്ത് പോലും കാണിക്കരുത്’; മക്കള്‍ കളഞ്ഞുപോയ അമ്മമാര്‍: വിഡ‍ിയോ

mothers-day-programe
SHARE

മാതൃദിനമാകുമ്പോൾ വാട്സ്ആപ്പിൽ നിറയുന്ന അമ്മ സ്നേഹത്തിനൊപ്പം ഇതും കാണുക. പറ്റുമെങ്കിൽ ഇൗ വാക്കുകൾ നിങ്ങളുടെ ഹൃദയത്തിന്റെ കമന്റാക്കി ഇടുക. അത്രത്തോളം ഉള്ളുപ്പൊള്ളി പോകും മക്കളോട് ഇൗ അമ്മമാർ പറയുന്ന വാചകങ്ങൾ. ഒരമ്മയല്ല ഒന്നിലേറെ അമ്മമാർ കഴിയുന്ന ആ സ്നേഹവീട്ടിലേക്ക് മനോരമ ന്യൂസ് പ്രതിനിധി അഭിലാഷ് പി.ജോൺ കടന്നുചെല്ലുമ്പോൾ തുറന്നു പറയാൻ കുന്നോളം ഉള്ളിലൊതുക്കി കാത്തിരുന്നു ഇൗ അമ്മമാർ. അമ്മയും ഉമ്മയും മമ്മിയും പങ്കുവച്ചത് ഒരേ സങ്കടങ്ങൾ. സങ്കടകഥകളിൽ സിനിമയിൽ കണ്ട ആവർത്തനമുണ്ടെന്ന് തോന്നിയേക്കാം, എന്നാൽ ഇൗ കണ്ണുകളിൽ നിറയുന്ന കണ്ണീർ ഭാവനയല്ല. യാഥാർഥ്യമാണ്.

‘ഉമ്മ’ ഫാത്തിമബീവി

അവൻ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഒരു ഉമ്മ തരാതെ അവൻ കിടന്നുറങ്ങിയിട്ടില്ല. പള്ളിയിൽ നിന്നും മിഠായി കിട്ടായാൽ എനിക്ക് കൊണ്ടുത്തരും. എടാ മോനെ.. ഉമ്മയെ ഇവിടെ നിന്ന് ഒന്നുകൊണ്ടു പോടാ... ഞാൻ വാങ്ങി തന്ന തുണിയുടെ ഒാർമ എങ്കിലും നിനക്ക് ഉണ്ടെങ്കിൽ ഒന്നുവാടാ.. അവന് രണ്ടര വയസുള്ളപ്പോഴാ ഉപ്പ പോയി. പിന്നെ എന്റെ കുഞ്ഞിന് വേണ്ടിയാ ജീവിച്ചേ.. വേറെ കല്ല്യാണം കഴിക്കാൻ പലരും പറഞ്ഞിട്ടും ഞാൻ കേട്ടില്ല. ടാ മോനെ.. ഒന്നുവന്ന് കൊണ്ടുപോടാ..എനിക്ക് നിന്റെ കൂടെ ജീവിച്ചാ മതിയെടാ..

‘ഉമ്മ’ സൗദ

‍ദേ ഡയറിയിൽ ‍ഞാൻ എഴുതി വച്ചിട്ടുണ്ട്. ഞാൻ മരിച്ചാ എന്റെ മയ്യത്ത് പോലും അവൻമാരെ കാണിക്കരുത്. ചേറ്റുവാ പാലം എന്ന് കേട്ടിട്ടുണ്ടോ അതിന്റെ പണി നടക്കുമ്പോൾ വാപ്പ മരിച്ചുപോയ ഇവൻമാരെ തുണികെട്ടി പാലത്തിന് സമീപം കിടത്തിയിട്ട് ഞാൻ പണിക്ക് പോകും. മൂന്നു ഒാട്ടോയാണ് ഞാൻ മൂത്ത മോന് വാങ്ങി കൊടുത്തത്. ഇളയവും വണ്ടി വാങ്ങി കൊടുത്തു. എന്റെ കയ്യിലുള്ളത് എല്ലാം ഞാൻ കൊടുത്ത് മോനെ...

‘അമ്മ’ കൊച്ചുത്രേസ്യ

ഇവിടെ ഇറങ്ങിക്കോ ഞാൻ പോയി പെട്രോൾ അടിച്ചിട്ടുവരാം. പിന്നെ വന്നില്ല. അവർക്ക് ഭാര്യ മതി. പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കുമെന്ന് പറയാറില്ലേ.. നാളെ നിനക്കും ഇൗ ഗതി വരും..

‘അമ്മ’ ഗിരിജ

എന്റെ സമ്പാദ്യം എല്ലാം കൊടുത്തു. 37 വർഷം പോറ്റി വളർത്തി. കൊച്ചുമക്കൾക്കൊപ്പം ടിവി കാണാൻ ഇരുന്നാ പോലും അവർ ടിവി ഒാഫാക്കും. പിന്നെ സഹിക്കാൻ പോലും പറ്റാത്ത കുത്ത് വാക്ക്. ഒടുവിൽ ഇവിടെ കൊണ്ടാക്കി...

ഇനിയുമുണ്ട് അമ്മമാർ ഉമ്മമാർ... മക്കളറിയാൻ അവർ പറയുന്നു. വിഡിയോ കാണാം.

MORE IN SPOTLIGHT
SHOW MORE