ഡോക്ടർ പറഞ്ഞു: ഭക്ഷണം നൽകേണ്ട, മരിച്ചോട്ടെ; പക്ഷേ?; കണ്ണുനനയിച്ച് മകളുടെ കുറിപ്പ്

devanshi-post
SHARE

ഇന്ന് മാതൃദിനമാണ്. ലോകമെമ്പാടുമുള്ളവർ അമ്മയെ ഓര്‍മിക്കുമ്പോള്‍ നോവായി ഒരു കുറിപ്പ്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫ‌െയ്സ്ബുക്ക് പേജിലാണ് ദേവാൻഷി എന്ന പെൺകുട്ടിയുടെ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. കണ്ണുനിറയാതെ ഈ കുറിപ്പ് വായിച്ചുതീർക്കാനാകില്ല.

ദേവാൻഷിയുടെ കുറിപ്പ് ഇങ്ങനെ: ഇന്നും ഞാൻ ആ ദിവസം ഓർക്കുന്നു, ഇന്നലെ എന്ന പോലെ. ദീപാവലി അവധിക്കായി വീട്ടിലെത്തിയതിന്റെയും അച്ഛനെയും അമ്മയെയും കാണ്ടതിന്റെയും ആഹ്ലാദത്തിലായിരുന്നു ഞാൻ. അമ്മയാണ് എന്നെ കൂട്ടാൻ വന്നത്. തിരികെ പോകും വഴി ഞങ്ങൾ ഒരു കഫെയിൽ കയറി.  ഞങ്ങൾ പടികൾ കയറുകയായിരുന്നു. അമ്മ പതുക്കെ നടന്നു വന്നു. ഞാൻ ഓടിക്കയറി. പെട്ടെന്നാണ് ഉച്ചത്തിലുള്ള ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയത്. അമ്മ വഴുതി വീണിരിക്കുന്നു. ചോരയിൽ കുളിച്ചു കിടക്കുകയാണ്. തല പൊട്ടിയിട്ടുണ്ട്. ചെവിയിൽ നിന്നും ചോരയൊലിക്കുന്നു. 

ഞാൻ ഞെട്ടിത്തരിച്ചുപോയി. പെട്ടെന്ന് അച്ഛനെ വിളിച്ച് എങ്ങനെയൊക്കെയോ കാര്യം പറഞ്ഞു. ആൾക്കാർ അപ്പോഴേക്കും അവിടെ കൂടിയിരുന്നു. പക്ഷേ ആരും സഹായിക്കുന്നില്ല. എനിക്ക് അന്ന് 13 വയസ്സ് മാത്രമാണ് പ്രായം. അതിനിടയിൽ പലരും എന്നെയും അമ്മയെയും മോശമായി സ്പര്‍ശിച്ചു. എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥ. ഭാഗ്യത്തിന് ഒരാളെത്തി അമ്മയുടെ തലയിലെ മുറിവ് കെട്ടി. ഞങ്ങളെ ആശുപത്രിയിലെത്തിച്ചു. 

കുറച്ച് ദിവസത്തേക്ക് അതീവ ഗുരുതരാവസ്ഥയിലായിരുന്നു അമ്മ. പിന്നീട് കോമ സ്റ്റേജിലായി. ഞാനാകെ തകർന്നുപോയി. അന്ന് ഞാൻ അമ്മയ്ക്കൊപ്പം നടന്നിരുന്നെങ്കിൽ അമ്മയ്ക്ക് ഈ ഗതി വരില്ലായിരുന്നുവെന്ന് വരെ ചിന്തിച്ചു. ഇനി എനിക്ക് അമ്മയോട് ഒരിക്കലും സംസാരിക്കാൻ പറ്റാതെ ആകില്ലായിരുന്നു എന്നെല്ലാം ചിന്തിച്ചു.

അമ്മയാണ് എന്റെ ഉറ്റസുഹൃത്ത്. ഞങ്ങൾ ഒരുമിച്ച് ഡ്രൈവ് ചെയ്തതും, പാട്ടുകൾ കേൾക്കുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെ ഞാൻ ഓർക്കുന്നു. അമ്മയെ തിരികെ കൊണ്ടുവരാനായി ഞങ്ങൾ കഴിയാവുന്നതെല്ലാം ചെയ്തു. പല ഡോകടർമാരെ കാണിച്ചു, പല തെറാപ്പികൾ പരീക്ഷിച്ചു. പക്ഷേ ഒന്നും വിജയിച്ചില്ല. ഞങ്ങൾ അമ്മയ്ക്ക് ഭക്ഷണം നൽകരുതെന്നും അമ്മയെ മരിക്കാൻ അനുവദിക്കണമെന്നും ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും വരെ ഒരു ഡോക്ടർ പറഞ്ഞു. പക്ഷേ അന്ന് അച്ഛൻ എന്റെയടുത്ത് വന്നു പറഞ്ഞത്, ലവിതയായിരുന്നു എന്റെ സ്ഥാനത്തെങ്കിൽ എന്നെയോ നിന്നെയോ മരണത്തിന് വിട്ടുകൊടുക്കില്ല. അതുകൊണ്ട് നമുക്ക് ഒരുമിച്ച് അമ്മയ്ക്ക് വേണ്ടി പോരാടാമെന്നാണ്. 

ഞങ്ങൾ അമ്മയെ വീട്ടിൽകൊണ്ടുവന്നു. നഴ്സുമാരെ വച്ച് അമ്മയെ പരിപാലിച്ചു. ഞാനും അച്ഛനും അമ്മയോട് സംസാരിക്കും. വ്യായാമം ചെയ്യാൻ സഹായിക്കും. പഴയ നല്ല ഓർമകൾ പങ്കുവയ്ക്കും. ചില ദിവസങ്ങളിൽ അമ്മ ചെറുതായി ചിരിക്കും, തലയാട്ടും. അമ്മ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അതിലൂടെ മനസ്സിലാക്കാം. അപ്പോഴൊക്കെ അമ്മ എങ്ങനെയാണോ എന്നെ നോക്കിയത് അതെല്ലാം എനിക്ക് ഓർമ വരും. എനിക്ക് അസുഖം വരുമ്പോഴും വിഷമം വരുമ്പോഴും അമ്മ നൽകിയ വാൽസല്യം. ഒരിക്കലും അമ്മയ്ക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കില്ല. എനിക്കുറപ്പുണ്ട് ഒരു ദിവസം വീണ്ടും ഞങ്ങളുടെ സന്തുഷ്ട കുടുംബം തിരിച്ചുവരും. എപ്പോഴത്തെയുംപോലെ ചിരിച്ചുകൊണ്ട് ഞങ്ങൾക്കൊപ്പം അന്ന് അമ്മ ഉണ്ടാകും.

.

MORE IN SPOTLIGHT
SHOW MORE