‘പാവം ഞങ്ങളെന്ത് പിഴച്ചു..?’; ഫ്ലാറ്റ് പൊളിക്കുമ്പോള്‍ രോഷത്തോടെ മേജര്‍ രവി പറയുന്നു

major-ravi-flat-issue
SHARE

തീരദേശ പരിപാലനച്ചട്ടം ലംഘിച്ച് നിര്‍മിച്ച കൊച്ചി മരട് നഗരസഭയിലെ അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മരട് നഗരസഭയിലെ ഹോളിഡേ ഹെറിറ്റേജ്, കായലോരം അപ്പാര്‍ട്ട്മെന്‍റ്സ്, ഹോളി ഫെയ്ത്, ആല്‍ഫാ വെഞ്ചേഴ്സ്, ജെയ്ന്‍ ഹൗസിങ് എന്നീ ഫ്ളാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചുനീക്കേണ്ടത്. അഞ്ച് സമുച്ചായങ്ങളും നിയമവിരുദ്ധമായി നിര്‍മിച്ചിരിക്കുകയാണെന്നും പൊളിച്ചുനീക്കണമെന്നുമുളള തീരദേശപരിപാലന അതോറിറ്റിയുടെ ആവശ്യം സുപ്രീംകോടതി അനുവദിക്കുകയായിരുന്നു.  സിനിമാപ്രവർത്തകരും വ്യവസായ പ്രമുഖരും പ്രവാസികളുമടക്കം നിരവധിപ്പേർ ഈ ഫ്ലാറ്റുകളുടെ ഉടമസ്ഥരാണ്. മേജർ രവി, സൗബിൻ ഷാഹിർ, അമൽ നീരദ് എന്നിവരുടെ ഫ്ലാറ്റും ഇതിൽപ്പെടും. വിധിയെക്കുറിച്ചും ഇനിയുള്ള നീക്കങ്ങളെക്കുറിച്ചും മേജർ രവി മനോരമന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

പത്തുവർഷമായി ഞങ്ങൾ ഇവിടെ താമസിക്കുന്നവരാണ്. ഇത്രയും നാളും ഇല്ലാത്ത പ്രശ്നമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മരട് പഞ്ചായത്തായിരുന്ന സമയത്താണ് ഫ്ലാറ്റിന് അനുമതി നൽകിയത്. മരട് മുൻസിപ്പാലിറ്റായപ്പോഴും ഇതിന് അനുമതിയ്ക്ക് പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകർ സുപ്രീംകോടതിയിൽ സമർപ്പിച്ചിരിക്കുന്നത്  പഞ്ചായത്തിലെ പഴയ പേപ്പറുകളാണ്. മുൻസിപ്പാലിറ്റിയുടെ രേഖകൾ പ്രകാരം ഫ്ലാറ്റിരിക്കുന്ന സ്ഥലത്തിന് പ്രശ്നമൊന്നുമില്ല. ഈ ഫ്ലാറ്റുകൾ പൊളിച്ചുകളഞ്ഞാലും ഭാവിയിൽ മുൻസിപ്പാലിറ്റിക്ക് ഇതേ സ്ഥലത്ത് കെട്ടിടനിർമാണം നടത്താനുള്ള അനുവാദം കൊടുക്കാനാകും. 

പരിസ്ഥിതി പ്രവർത്തകരും ഫ്ലാറ്റ് നിർമാതാക്കളും തമ്മിലുള്ള പ്രശ്നമാണ് സുപ്രീംകോടതിയിൽ എത്തിയത്. ഇതിന്റെ അനന്തരഫലം അനുഭവിക്കുന്നത് അവിടെ താമസിക്കുന്ന ഞങ്ങളെപ്പോലെയുള്ളവരുമാണ്. ഈ കെട്ടിടത്തിന് എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ ബാങ്ക് ലോൺ എങ്ങനെ ലഭിക്കാനാണ്? ഞങ്ങൾക്ക് അവിടെ വൈദ്യുതിയും വെള്ളവുമെല്ലാം ലഭിക്കുന്നുണ്ട്. ഇതൊക്കെ ലഭിക്കുന്നത് രേഖകൾ ശരിയായത് കൊണ്ടല്ലേ? എല്ലാവരും നികുതിയും കെട്ടുന്നവരാണ്. 

അവിടുത്തെ താമസക്കാരിൽ അമ്പത് ശതമാനം ആളുകളും സാധാരണക്കാരാണ്. അവരുടെ എല്ലാ സാമ്പദ്യവും ചെലവഴിച്ചാണ് ഫ്ലാറ്റ് വാങ്ങിയിരിക്കുന്നത്. അവർക്ക് പോകാൻ വേറെ സ്ഥലം പോലുമില്ല. കൂട്ടത്തിൽ വയസായ ഒരുപാട് ആളുകളുണ്ട്. ഇത് പൊളിച്ചാൽ എവിടേക്ക് പോകണമെന്ന് പോലും അറിയില്ല. സിനിമാക്കാരാണെന്ന് പറഞ്ഞാലും ഞങ്ങൾക്കും കോടികളുടെ സമ്പാദ്യമൊന്നുമില്ല. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടുതന്നെയാണ് ഫ്ലാറ്റ് വാങ്ങിയത്. ഇതിനെതിരെ സുപ്രീംകോടതിയിൽ അപ്പീലും റിട്ടും പോകും. പക്ഷെ അപ്പോഴും നഷ്ടമാകുന്നത് കുറേ സാധാരണക്കാരുടെ സമയവും പണവും തന്നെയാണ്. വക്കീൽ ഫീസ് ഇനത്തിൽ തന്നെ ഇനിയും ലക്ഷങ്ങൾ ചെലവാകും. താമസക്കാരുടെ വാദങ്ങൾ കേൾക്കാതെയാണ് ഇങ്ങനെയൊരു വിധി പ്രസ്താവിച്ചത്- മേജർ രവി പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE