'അച്ഛനൊപ്പം യാത്ര പോകണം'; മകനെയും ഒപ്പം കൂട്ടി കെഎസ്ആർടിസി ഡ്രൈവർ

ksrtc-travel-father-son-11
SHARE

അച്ഛൻ ഡ്രൈവറായ കെഎസ്ആർടിസി ബസിൽ ഒരു  യാത്ര പോകണമെന്ന് മകന് ആഗ്രഹം തോന്നിയാൽ തെറ്റ് പറയാനാകുമോ? ചങ്ങനാശ്ശേരി സ്വദേശിയും ഡ്രൈവറുമായ സന്തോഷ് കുട്ടനും മകൻ അപ്പൂസ് എന്ന് വിളിക്കുന്ന കൈലാശനാഥനും ആണ് കൗതുക കഥയിലെ താരങ്ങൾ. 

ചങ്ങനാശ്ശേരി കെഎസ്ആർടിസി  ഡിപ്പോയിലെ ഡ്രൈവറാണ് സന്തോഷ്. വേളാങ്കണ്ണി സൂപ്പർ എക്സ്പ്രസാണ് സന്തോഷ് സ്ഥിരമായി ഓടിക്കാറ്. അതിനിടെയാണ് പത്തുവയസ്സുകാരനായ മകൻ അച്ഛനൊപ്പം ബസിൽ യാത്ര പോകണമെന്ന ആഗ്രഹം പങ്കുവെച്ചത്. തിരക്ക് മൂലം 'പിന്നെ ഒരിക്കലാകാം' എന്ന് മകന് എന്നും മറുപടി നൽകും. 

‌ഒടുവിൽ ആ ആഗ്രഹം സാധിച്ചുകൊടുക്കാൻ സന്തോഷ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോകാൻ നേരം ഒപ്പം വരാൻ അപ്പൂസിനോട് പറഞ്ഞു. യാത്രക്കായി മാറ്റിവെച്ചിരുന്ന തന്റെ സമ്പാദ്യവും സ്കൂൾ ബാഗിൽ ഒരു ജോഡി ഡ്രസും വെള്ളവും സ്നാക്സുമായി അപ്പൂസ് അച്ഛനൊപ്പം ചേർന്നു. അച്ഛനോടിക്കുന്ന ബസിൽ യാത്രക്കാരനായി ആയിരുന്നു അപ്പൂസിന്റെ യാത്ര. 

ടിക്കറ്റെടുക്കാൻ വന്ന കണ്ടക്ടർക്ക് മുന്നിൽ കൈവശമുണ്ടായിരുന്ന പണം നൽകി. എന്നാല്‍ ''ഇന്നത്തെ യാത്ര കണ്ടക്ടർ മാമന്റെ വക'' എന്നുപറഞ്ഞ് കണ്ടക്ടർ പണം തിരികെ നൽകി, ടിക്കറ്റ് അപ്പൂസിന്റെ കയ്യിൽ വെച്ചുകൊടുത്തു. പുറത്തുള്ള കാഴ്ചകളൊക്കെ ആസ്വദിച്ചായിരുന്നു യാത്ര. 

രാത്രി എട്ടരയോടെ ബസ് പാലക്കാടെത്തി. ചങ്ങനാശേരിയിൽ വരുന്ന ഡ്രൈവർ പാലക്കാടി ഇറങ്ങി, പാലക്കാട് നിന്നുള്ള ഡ്രൈവർ ബസ് വേളാങ്കണ്ണിയിലേക്ക് ഓടിച്ചുകൊണ്ടുപോകുകയുമാണ് പതിവ്. പാലക്കാട് ഇറങ്ങി അച്ഛനും മകനും ചെറിയ കറക്കമൊക്കെ നടത്തി. കെഎസ്ആർടിസിയിലെ ജീവനക്കാരെ അപ്പൂസിന് പരിചയപ്പെടുത്തിക്കൊടുത്തു. 

വെളുപ്പിന് 1.30 മണിയോടെ വേളാങ്കണ്ണിയിൽ നിന്ന് തിരികെ വരുന്ന ബസ് പാലക്കാട് നിന്ന് ചങ്ങനാശേരിയിലേക്ക്. മടക്കയാത്രക്കായി അച്ഛനും മകനും . യാത്രക്കാരെല്ലാം ഉറങ്ങിയെങ്കിലും രാത്രികാഴ്ചകള്‍ കണ്ട് അപ്പൂസ് അച്ഛന് കൂട്ടിരുന്നു. 

അച്ഛനൊപ്പം യാത്ര ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അപ്പൂസ്. മകന്റെ ഏറേനാളായുള്ള ആഗ്രഹം നിറവേറ്റാൻ സാധിച്ചതാണ് സന്തോഷിന്റെ സന്തോഷം.

(കടപ്പാട്: ടെക് ട്രാവൽ ഈറ്റ്)

MORE IN SPOTLIGHT
SHOW MORE