‘എന്റെ താൽപര്യം ആണ്‍കുട്ടികളോട്..’; ഒരു ‘ഗേ’ രാജകുമാരന്റെ ഒറ്റപ്പെടല്‍; അതിജീവനം

manavendra-singh-gohli
SHARE

ലോകത്തിന്റെ വിവിധകോണുകളിൽ വളരെ സാവധാനത്തിലാണെങ്കിലും സ്വവർഗാനുരാഗികളെയും ട്രാൻസ്ജെൻഡേഴ്സിനെയും അംഗീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും പലരും തങ്ങളും സത്വം വെളിപ്പെടുത്താനുള്ള ധൈര്യം കാണിക്കുന്നുണ്ട്. അക്കൂട്ടത്തിലെ പ്രശസ്തനാണ് ഗുജറാത്തിലെ രാജ്പിപ്പലയിലെ രാജകുമാരൻ മാനവേന്ദ്ര സിങ് ഗോഹ്‌ലി. സ്വവർഗാനുരാഗിയാണെന്ന് സമൂഹത്തിന് മുന്നിൽ തുറന്നുപറഞ്ഞ വ്യക്തിയാണ് മാനവേന്ദ്രൻ. ഇന്ത്യൻ ഗേ പ്രിൻസ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. രാജാധികാരവും സുഖസൗകര്യങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും തന്റെ സത്വം വെളിപ്പെടുത്തുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ലെന്ന് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിൽ തുറന്നെഴുതിയിരിക്കുകയാണ് രാജകുമാരൻ. അദ്ദേഹത്തിന്റെ തുറന്നെഴുത്ത് ഇങ്ങനെ:

ആഡംബരത്തിന്റെയും സുഖലോലുപതയുടെയും നടുവിലേക്കാണ് താൻ പിറന്നുവീണത്. എല്ലാമുണ്ടായിരുന്നെങ്കിലും തനിക്ക് കൂട്ടുകൂടുവാനോ മനസ് തുറക്കുവാനോ കൂട്ടുകാർ ആരുമില്ലായിരുന്നു. കൗമാരപ്രായം എത്തിയപ്പോഴേക്കും തന്റെ താൽപര്യം ആൺകുട്ടികളോടാണെന്ന് മനസിലായി. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് മനസിലായിരുന്നില്ല.

എന്തോ മാനസികപ്രശ്നമാണെന്ന ചിന്തയിലാണ് കൗമാരം കഴിച്ചുകൂട്ടിയത്. 25-ാമത്തെ വയസിൽ വീട്ടുകാരുടെ നിർബന്ധപ്രകാരം വിവാഹം കഴിക്കേണ്ടി വന്നു. എന്നാൽ ആ ബന്ധത്തിന് അധികം ആയുസില്ലായിരുന്നു. അറിഞ്ഞുകൊണ്ട് അല്ലെങ്കിലും തന്നെ വിശ്വസിച്ച് വിവാഹത്തിന് സമ്മതിച്ച ആ പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചതിൽ ഇന്നും അതിയായ പശ്ചാതപമുണ്ട്.

ആ അവസരത്തിലാണ് ഗേ ആക്ടിവിസ്റ്റായ അശോക് റാവു കവിയെ പരിചയപ്പെടുന്നത്. അദ്ദേഹമാണ് ഞാൻ സ്വവർഗാനുരാഗിയാണെന്ന വസ്തുത അംഗീകരിക്കാൻ പറഞ്ഞത്. ഒപ്പം എൽ.ജി.ബി.ടി കമ്യൂണിറ്റിക്കായി ലക്ഷ്യ എന്ന എൻ.ജി.ഒയും തുടങ്ങാൻ പ്രേരിപ്പിച്ചു. സർക്കാർ ഫണ്ടിൽ പ്രവർത്തിക്കുന്ന എൻ.ജി.ഒയാണ് ലക്ഷ്യ.

അപ്പോഴും എന്റെ മാതാപിതാക്കൾക്ക് എന്റെ മാനസികാവസ്ഥ എന്താണെന്നും ലൈംഗികവ്യക്തിത്വം എന്താണെന്നും മനസിലാകുന്നില്ലായിരുന്നു. അവരുടെ മുന്നിൽ യഥാർഥ എന്നെ ഞാൻ മൂടിവെയ്ക്കുകയായിരുന്നു. ഇത് കുറച്ചുകഴിഞ്ഞപ്പോൾ മാനസിക ബുദ്ധിമുട്ടുകളുണ്ടാക്കി. അവസാനം എനിക്കവരോട് സത്യം പറയേണ്ടി വന്നു. അവർക്കൊരിക്കലും ഇത് ഉൾക്കൊള്ളാനാകുമായിരുന്നില്ല. എനിക്ക് ഷോക്ക് ചികിൽസ നൽകാൻ അമ്മ തന്നെ ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടു, നിരവധി ഗുരുക്കന്മാർ എന്നെ ഉപദേശിച്ചു. 

പക്ഷെ അതൊന്നും ഫലവത്തായില്ല. എന്നെ എല്ലാവരിൽ നിന്നും അകറ്റുമെന്ന് അമ്മ ഭീഷണിപ്പെടുത്തി. ലക്ഷ്യക്ക് ലഭിക്കുന്ന ഗവൺമെന്റ് ഫണ്ടുകൾ അവർ നിറുത്തിച്ചു. ഞാൻ ആകെ തകർന്ന നിലയിലായി. എന്റെ അവസ്ഥയെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ എല്ലാം തുറന്നുപറയാൻ ഞാൻ തയാറായി. 

ഇതോടെ മാതാപിതാക്കൾ എന്റെ എല്ലാ രാജാധികാരങ്ങളും തിരിച്ചെടുത്ത് എന്നെ സ്ഥാനഭൃഷ്ടനാക്കി. രാജപിപ്പലയിലെ ജനങ്ങൾ എന്റെ കോലം കത്തിച്ചു. എനിക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നു. ഇതെല്ലാം കണ്ടും കേട്ടും ഞാൻ നിശബ്ദനായിരുന്നു. കാരണം എന്റെ പോരാട്ടം കൃത്യമായ ഒരു ലക്ഷ്യത്തിന് വേണ്ടിയാണെന്ന് ഉത്തമ ബോധ്യമുണ്ടായിരുന്നു.

ഒഫ്രവിൻഫ്രി ഞാനുമായി നടത്തിയ അഭിമുഖത്തോടെയാണ് കാര്യങ്ങൾ എനിക്ക് അനുകൂലമായി വന്നത്. അവരുടെ ഷോയിൽ പങ്കെടുക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായിരുന്നു ഞാൻ. ആ അഭിമുഖത്തിന് ശേഷം നിരവധി ലോകനേതാക്കൾ എന്നെ പ്രസംഗത്തിനും മറ്റുമായി ക്ഷണിച്ചു. പതിയെ മാതാപിതാക്കൾ എന്റെ അവസ്ഥ തിരിച്ചറിഞ്ഞു. എന്നെ അവർ തിരികെ അംഗീകരിക്കാൻ തയാറായി. 

ഇതൊരു വലിയ പോരാട്ടം തന്നെയായിരുന്നു. എനിക്ക് പക്ഷെ അത് ചെയ്യാതിരിക്കാനാവില്ലായിരുന്നു. അന്ന് ഞാൻ കരുത്ത് നഷ്ടപ്പെടാതെ പൊരുതി നിന്നതുകൊണ്ടാണ് ഇന്ന് എന്റെ 15 ഏക്കർ എസ്റ്റേറ്റ് എൽജിബിടി കമ്യൂണിറ്റി സെന്ററായി മാറ്റാൻ സാധിച്ചത്. വലിയ കൊട്ടാരസൗധത്തിന്റെ അവകാശിയെന്നതിനേക്കാൾ എന്നെ സന്തോഷിപ്പിക്കുന്നത് എന്നെ ഞാനായി സമൂഹം അംഗീകരിച്ചപ്പോഴാണ്. എന്നെ കാണാനും കേൾക്കാനും ഏവരും തയാറായതാണ് ഏറ്റവും വലിയ അംഗീകാരം.

        

MORE IN SPOTLIGHT
SHOW MORE