ട്രോളുകൾ നല്ലത്; അത് ജനത്തിന്റെ മനസ് മനസിലാക്കാൻ സഹായിക്കും: മോദി

modi-arrow-troll
SHARE

രാഷ്ട്രീയം പറയാതെ നരേന്ദ്രമോദിയുമായി ബോളിവുഡ് നടൻ അക്ഷയ്കുമാർ നടത്തിയ അഭിമുഖം ശ്രദ്ധേയമാകുന്നു.  തന്റെ ജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് നരേന്ദ്രമോദി തുറന്നുപറയുന്നുണ്ട്.

ഒരിക്കലും പ്രധാനമന്ത്രിയാകുമെന്ന് വിചാരിച്ചിരുന്നില്ല. അങ്ങനെയൊന്നും ആഗ്രഹിക്കാൻ സാധിക്കുന്ന ചുറ്റുപാടിൽ നിന്ന് അല്ല ഞാൻ വന്നത്. ഞാനൊരു സാധാരണജോലിയിൽ പ്രവേശിച്ചാലും അമ്മ സന്തോഷത്തോടെ അയൽകാർക്ക് ലഡു വിതരണം ചെയ്തേനേം.   സന്യാസിയാകണമെന്നാണ് ആഗ്രഹിച്ചിരുന്നത്. അതിനായി രാമകൃഷ്ണ മിഷനിൽ ചെറുപ്പത്തിൽ തന്നെ അംഗമായി.  സൈനികരുടെ ജീവിതം ചെറുപ്പത്തിൽ എന്നെ സ്വാധീനിച്ചിട്ടുണ്ട്. 

ഞാനൊരിക്കലും ആരോടും ദേഷ്യപ്പെടാറില്ല. മനസ് കലുഷിതമാക്കുന്ന വികാരമായിട്ടാണ് ഞാൻ ദേഷ്യത്തെകാണുന്നത്. ഞാൻ ദേഷ്യപ്പെടില്ലെന്ന് പറയുന്നത് പലർക്കും അത്ഭുതമാണ്. എല്ലാവരും ഒരുമിച്ച് കൂടുന്ന അവസരങ്ങളിൽ ഞാൻ മാത്രം ദേഷ്യപ്പെട്ടാൽ അത് ഏവർക്കും അലോസരമുണ്ടാകും. ഞാൻ സമൂഹമാധ്യമങ്ങളിലെ മെമ്മികളും ട്രോളുകളും ആസ്വദിക്കാറുണ്ട്. അവരുടെ ക്രിയാത്മകതയിൽ സന്തോഷം തോന്നാറുണ്ട്. സാധാരണക്കാരന്റെ ചിന്തകളെക്കുറിച്ചറിയാൻ ഇവ സഹായിക്കാറുണ്ട്. 

പണ്ടൊക്കെ അതിവൈകാരികമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോൾ അതൊക്കെ ഒരു കടലാസിൽ ഞാൻ കുറിക്കുമായിരുന്നു. തെറ്റുകൾ മനസിലാക്കാനും സ്വയം അവലോകനത്തിനും ഇത് സഹായിക്കാറുണ്ട്. പതിയെ പതിയെ സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രതികരിക്കാൻ ശീലിച്ചു. കർകശക്കാരനായ ഒരു ഭരണാധികാരിയല്ല ഞാൻ. ജോലികൾ ചിട്ടയോടെ നടന്നുപോകണമെന്ന് മാത്രമാണ് ആഗ്രഹം. കാർകശ്യവും അച്ചടക്കവും തമ്മിൽ വ്യത്യാസമുണ്ട്. അച്ചടകം പാലിക്കുന്നു എന്നുകരുതി ഞാൻ നർമ്മം ഇഷ്ടപ്പെടാത്ത വ്യക്തിയോ സൗഹൃദം കാത്തുസൂക്ഷിക്കാത്തയാളോ അല്ല. ഗുലാം നബി ആസാദുമായി സൗഹൃദമുണ്ട്. മമത ദീ എനിക്ക് സമ്മാനങ്ങൾ അയക്കാറുണ്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എനിക്ക് സമ്മാനങ്ങൾ അയക്കാറുണ്ട്. 

എംഎൽഎ ആകുന്നിടം വരെ എനിക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലായിരുന്നു. മുഖ്യമന്ത്രിയാകുന്നത് വരെ എന്റെ വസ്ത്രങ്ങൾ ഞാൻ തന്നെയാണ് അലക്കിയിരുന്നത്. നീളൻ കൈയുള്ള വസ്ത്രങ്ങൾ അലക്കുന്നത് ബുദ്ധിമുട്ടായി തോന്നിയത് കൊണ്ടാണ് കയ്യുടെ നീളം കുറച്ചത്. കരി തേപ്പുപെട്ടി വെച്ചാണ് വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. അമ്മ ഇന്നും ചെലവിനുള്ള പണം തരാറുണ്ടെന്നും നരേന്ദ്രമോദി പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE