കണ്ണ് തുറന്ന് ഉറങ്ങിയ 27 വർഷങ്ങൾ; ഒടുവിൽ മുനീറ ഉണർന്നു, ജീവിതത്തിലേക്ക്

muneera
SHARE

നാലുവയസുള്ള മകന്റെ കയ്യിൽപിടിച്ച് സ്കൂളിൽ നിന്നും തിരികെ കൂട്ടിക്കൊണ്ടുവരുന്നതാണ് മുനീറ അബ്ദുള്ളയുടെ മനസിലെ അവസാനത്തെ ഓർമ. പിന്നീടുള്ള 27 വർഷങ്ങൾ മുനീറയുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയി. കണ്ണതുറന്ന് കിടക്കുകയാണെങ്കിലും കൺമുന്നിൽ മകൻ വളർന്നതും കാലം മാറിയതുമൊന്നും മുനീറ അറിഞ്ഞതേയില്ല. യാതൊന്നും അറിയാതെ ആരെയും തിരിച്ചറിയാനാകാതെ മുനീറ കോമ അവസ്ഥയിൽ കിടന്നത് 27 വർഷം. ഇനി ഒരിക്കലും മുനീറ ജീവിതത്തിലേക്ക് തിരികെ എത്തില്ലെന്ന് ഡോക്ടറുമാർ ഒന്നടങ്കം വിധിയെഴുതി. പക്ഷെ മുനീറയെ ദയാവധത്തിന് വിട്ടുകൊടുക്കാൻ കുടുംബം തയാറായിരുന്നില്ല. ആ തീരുമാനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് 27 വർഷം നീണ്ട ഉറക്കത്തിന് ശേഷം മുനീറ ജീവിതത്തിലേക്ക് കണ്ണുതുറന്നിരിക്കുകയാണ്. യുഎഇ സ്വദേശിയായ മുനീറയുടെ കഥ ഇങ്ങനെ:

മകനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ടുവരുന്ന വഴിക്ക് ഇവരുടെ വാഹനം സ്കൂൾ ബസുമായി കൂട്ടിയിടിച്ചു. അപകടത്തിൽ മുനീറയുടെ തലയ്ക്ക് പരുക്കേറ്റു. മുനീറയുടെ മകൻ ഒമർ വെബറിനും വണ്ടിയോടിച്ചിരുന്ന ഇവരുടെ സഹോദരനും പരുക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. 1991ലായിരുന്നു അപകടം നടന്നത്. അന്ന് മൊബൈൽ ഫോൺ ഒന്നും സജീവമല്ലായിരുന്നു. അതിനാൽ ആംബുലൻസ് എത്താനും മുനീറയ്ക്ക് വൈദ്യസഹായം നൽകാനും താമസമുണ്ടായി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഇവർ കോമയിലേക്കാണ്ട് പോയി. വിദഗ്ധ ചികിൽസയ്ക്ക് ലണ്ടനിലുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നിരാശയായിരന്നു ഫലം. ഇവരെ തിരികെ യുഎഇയിലേക്ക് തന്നെ എത്തിച്ചു. വിവിധ ആശുപത്രികളിലായി 27 വർഷം കഴിഞ്ഞു. മകന് അപ്പോഴേക്കും വളർന്ന് യുവാവായി.

സ്കൂളിൽ പോകുന്ന സമയത്ത് എല്ലാദിവസവും അമ്മയുടെ അടുത്തിരുന്ന് വിശേഷങ്ങൾ പറയുന്ന രീതി മുതിർന്നിട്ടും വെബർ ഉപേക്ഷിച്ചില്ല. കഴിഞ്ഞവർഷം ഇതുപോലെ അമ്മയോട് സംസാരിച്ചപ്പോൾ അവർ പ്രത്യേകരീതിയിൽ ശബ്ദം പുറപ്പെടുവിക്കുന്നതായി വെബർ ശ്രദ്ധിച്ചു. ഇത് ഡോക്ടറുമാരോട് പറഞ്ഞപ്പോൾ വെബറിന്റെ തോന്നൽ മാത്രമാണെന്നും വീണ്ടുമൊരു തിരിച്ചുവരവ് മുനീറയ്ക്ക് സാധ്യമല്ലെന്നും അവർ ആവർത്തിച്ചു. എന്നാൽ ഡോക്ടറുമാരുടെ കണക്ക്കൂട്ടലുകൾ തെറ്റിച്ചുകൊണ്ട് രണ്ട് ദിവസങ്ങൾക്ക് ശേഷം മുനീറ മകനെ പേരെടുത്ത് വിളിച്ചു.

സ്വർഗത്തിലെത്തിയത് പോലെയുള്ള സന്തോഷമാണ് തനിക്ക് തോന്നിയതെന്നാണ് ഈ നിമിഷത്തെക്കുറിച്ച് ഒമർ പറയുന്നത്. വർഷങ്ങളായി ആ മുഹൂർതത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. പതിയെപതിയെ മുനീറയിലേക്ക് നഷ്ടപ്പെട്ടുപോയ ഓർമകളെല്ലാം തിരികെ വന്നു. ഈ നീണ്ട ഉറക്കത്തിനിടയ്ക്ക് കാലം മാറിയതും ജീവിതത്തിൽ വന്ന മാറ്റങ്ങളുമെല്ലാം ഒമർ ഒരു കൊച്ചുകുഞ്ഞിനോടെന്നപോലെ അമ്മയ്ക്ക് പറഞ്ഞുകൊടുത്തു. അപകടം നടക്കുമ്പോൾ മുനീറയുടെ പ്രായം 32 ആയിരുന്നു. മകന് ഇപ്പോൾ അതേ പ്രായമാണ്.  

മകന്റെ കൈപിടിച്ചി മുനീറ പുനർജന്മത്തിലേക്ക് പിച്ചവെച്ചു. നടക്കാനുള്ള കഴിവ് മുനീറയ്ക്ക് തിരിച്ചുകിട്ടിയിട്ടില്ല. വീൽചെയറിന്റെ സഹായം വേണം. എന്നാൽ ഇപ്പോൾ ശരീരത്തിൽ വേദനയുള്ള ഭാഗങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. കുടുംബാംഗങ്ങളോട് തെറ്റില്ലാതെ ആശയവിനിമയം നടത്താനും പറ്റും. അമ്മയെ ഷെയ്ഖ് സായിദ് ഗ്രാൻഡ് പള്ളിയിലാണ് ആദ്യം ഒമർ കൊണ്ടുപോയത്. വർഷങ്ങൾ നീണ്ട പ്രാർഥന സഫലമാക്കിയതിന് അമ്മയും മകനും ദൈവത്തോട് നന്ദി പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE