പാതിരാത്രി ബസ് പണിമുടക്കി; യാത്രക്കാർ നല്ല ഉറക്കം; പിന്നീട് സംഭവിച്ചത്: കുറിപ്പ്

karnataka-rtc-bus
SHARE

ടിക്കറ്റെടുത്ത യാത്രക്കാരെ ഒരു കാരുണ്യവുമില്ലാതെ ബസിനുള്ളിൽ തല്ലിച്ചതച്ച സുരേഷ് കല്ലട ബസിനെതിരെയും െതാഴിലാളികൾക്കെതിരെയും മലയാളിയുടെ രോഷം പുകയുകയാണ്. ഇതിനിടയിലാണ് ഒരു ഫെയ്സ്ബുക്ക് കുറിപ്പ് മലയാളിയുടെ ശ്രദ്ധ നേടുന്നത്. ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർടിസി ബസിൽ പുറപ്പെട്ട മലയാളിയുടെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

സുരേഷ് കല്ലട എന്ന ബസ് വഴിയരികിൽ ബ്രേക്ക് ഡൗൺ ആയതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണം. വേറേ ബസ് എത്തിക്കണമെന്ന യാത്രക്കാരുടെ ആവശ്യമാണ് ഗുണ്ടായിസത്തിലേക്ക് വരെ കടന്നത്. ഇത്തരത്തിൽ കർണാട ആർടിസി ബസും വഴിയരികിൽ തകരാറിലായി. എന്നാൽ ജീവനക്കാരുടെ പെരുമാറ്റം യാത്രക്കാരെ തന്നെ അമ്പരപ്പിച്ചായിരുന്നു. 

മൈസൂർ കഴിഞ്ഞ ശേഷമാണ് ബസ് കേടായത്. യാത്രക്കാരെല്ലാം നല്ല ഉറക്കത്തിലായിരുന്നു. എന്നാൽ ബസ് കേടായ വിവരം യാത്രക്കാരെ ജീവനക്കാർ അറിയിച്ചില്ല. വണ്ടി റോഡിന്റെ ഒാരം ചേർന്ന് നിർത്തിയിട്ടും, ബസ് ഒാഫ് ചെയ്തില്ല. എസി പ്രവർത്തിപ്പിക്കുകയും ചെയ്തു. ഉറക്കത്തിലായിരുന്ന യാത്രക്കാർ ഇതൊന്നും അറിഞ്ഞില്ല. പിന്നീട് മൈസൂരുവിൽ നിന്നും അതേ സൗകര്യങ്ങളുള്ള ബസ് എത്തിയ ശേഷമാണ് ജീവനക്കാർ ഉറക്കത്തിലായിരുന്ന യാത്രക്കാരെ വിളിച്ചുണർത്തിയത്. അപ്പോഴാണ് ബസ് കേടായവിവരം യാത്രക്കാർ അറിയുന്നത്. ഇരുട്ടത്ത് ജീവനക്കാർ തന്നെ ടോർച്ച് അടിച്ചു എല്ലാവരേയും പുതിയ ബസിലേക്ക് മാറ്റുകയും, ലഗേജ് മാറ്റാൻ സഹായിക്കുകയും ചെയ്തു. കർണാടക ആർടിസിയിൽ നിന്നുമുണ്ടായ മാതൃകാ പരമായ പെരുമാറ്റം ദിലീപ് മുതുമന എന്ന വ്യക്തിയാണ് ഫെയ്സ്ബുക്കിൽ പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം വായിക്കാം: 

ഇന്ന് രാത്രി നാട്ടിലേക്ക് വന്ന കർണ്ണാടക ആർടിസി, മൈസൂർ കഴിഞ്ഞ ശേഷം ബസ് കേടായി, (അറിഞ്ഞത് വേറേ ബസ് എത്തിയ ശേഷം ജീവനക്കാർ മാറാൻ പറഞ്ഞ ശേഷം ആണ്). എല്ലാ യാത്രക്കാരും നല്ല ഉറക്കത്തിൽ ആയിരുന്നു, ബസ് കേടായ ശേഷവും വണ്ടി ഓണാക്കി വച്ച് എസി പ്രവർത്തിപ്പിച്ചതിനാൽ യാത്രക്കാർ അറിഞ്ഞിരുന്നില്ല, ഏകദേശം 3.30 ക്ക് മൈസൂരിൽ നിന്ന് വേറേ ബസ് ആണ് എത്തിയത്,

ഇത് എഴുതാൻ കാരണം കല്ലട എന്ന സ്വകാര്യ ബസ് ജീവനക്കാർ ബസ് കേട് വന്ന ശേഷം യാത്രക്കാരേ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ കണ്ടു, അതും പുതിയ ബസ് എത്തിക്കാൻ മൂന്ന് മണിക്കൂർ വഴിയിൽ കിടത്തിയ ശേഷം. ഇവിടെ കർണ്ണാടക ബസ് ജീവനക്കാർ വളരേ പക്വതയോടേ ആണ് സാഹചര്യം കൈകാര്യം ചെയ്തത്. ബസ് ഏതോ വിജനമായ സ്ഥലത്ത് കേടായിേപ്പായി എങ്കിലും എസി ഒക്കെ ഓൺ ചെയ്ത വെച്ച് സുഖമായി ഉറങ്ങാൻ സമ്മതിച്ചു. മൈസൂരിൽ നിന്ന് വേറേ വണ്ടി എത്തിച്ചു. എല്ലാവരേയും അതിന് ശേഷം വിളിച്ച് ഉണർത്തി. ഇരുട്ടത്ത് ജീവനക്കാർ ടോർച്ച് അടിച്ചു എല്ലാവരേയും മാറ്റി, പലരുടെയും ലഗേജ് മാറ്റാൻ അവർ സഹായിച്ചു. ഇപ്പോ അതേ സൗകര്യങ്ങളുള്ള വേറൊരു ബസിൽ യാത്ര തുടർന്നു.

ഈ സാഹചര്യം നന്നായി കൈകാര്യം ചെയ്ത ബസ് ജീവനക്കാർക്കും, ഒന്ന് കണ്ണ് അടച്ച് തുറക്കുന്നിതിന് മുൻപേ മറ്റൊരു ബസ് എത്തിച്ചു തന്ന കെഎസ്ആർടിസി അധികൃതർക്കും ( കർണ്ണാടക ) എന്റെ പേരിലും യാത്രക്കാരുടെ പേരിലും നന്ദി അറിയിക്കുന്നു.

MORE IN SPOTLIGHT
SHOW MORE