യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ‘തള്ളുമില്ല, തല്ലുമില്ല: നമ്മുടെ ആനവണ്ടി’: കെഎസ്ആര്‍ടിസി ഇഷ്ടം

ksrtc-bus-troll-post
SHARE

കല്ലട എന്ന സ്വകാര്യ ബസിൽ നിന്നും യാത്രയിൽ പല ദുരനുഭവങ്ങളുണ്ടായിട്ടും മലയാളി വീണ്ടും ഗതികേട് കൊണ്ട് ഇത്തരം അതിക്രമങ്ങൾ മറന്ന് വീണ്ടും ടിക്കറ്റെടുക്കുന്നത് പതിവാണ്. എന്നാൽ യാത്രക്കാരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അറസ്റ്റ് വരെ സംഭവിച്ചതോടെ മനോഹര വാചകത്തോടെ ഒരു പോസ്റ്റാണ് സൈബർ ഇടങ്ങളിൽ വൈറലാകുന്നത്. ‘തള്ളുമില്ല, തല്ലുമില്ല... ദേ ഇത്രേം വണ്ടികളുണ്ട്.. സ്ഥിരമായി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക്.. കെ.എസ്.ആർ.ടി.സി എന്നാണ് പേര്...നമ്മുടെ ആനവണ്ടി’. ആനവണ്ടി ബ്ലോഗിൽ പങ്കുവച്ച ഇൗ പോസ്റ്റ് ഒട്ടേറെ പേരുടെ മനസ് നിറയ്ക്കുകയാണ്. 

കാര്യം കുറച്ച് ക്ഷീണത്തിലാണെങ്കിലും വഴിയൽ കിടന്നാൽ വേറെ ബസ് വിട്ടുതന്ന് ഇൗ ആനവണ്ടി നഷ്ടം നോക്കാതെ ഒാടുെമന്നാണ് അനുഭവങ്ങളുടെ വെളിച്ചത്തിൽ പലരുടെയും കമന്റുകൾ. ഐ ലവ് കെഎസ്ആർടിസി എന്ന തലവാചകത്തോടെ ഇൗ പോസ്റ്റ് ഒട്ടേറേപേരാണ് പങ്കുവയ്ക്കുന്നത്. ബെംഗളൂരുവിലേക്ക് തിരുവനന്തപുരത്ത് നിന്ന് ദിവസേന സർവീസ് നടത്തുന്ന മൾട്ടി ആക്സിൽ ബസുകളുടെ വിവരങ്ങളാണ് പോസ്റ്റിൽ പങ്കുവച്ചിട്ടുള്ളത്.  

യാത്രക്കാരെ ക്രൂരമായി മർദിച്ച സംഭവത്തിൽ സൈബർ ഇടങ്ങളിൽ കല്ലട ട്രാവൽസിനെതിരെ വൻ രോഷമാണ് ഉയരുന്നത്. സംഭവത്തിൽ കല്ലട ബസിന്‍റെ പെര്‍മിറ്റും റദ്ദാക്കി. ഇതിനൊപ്പം കല്ലട ഗ്രൂപ്പിന്‍റെ  എല്ലാ ബസുകളുടെയും രേഖകള്‍ പരിശോധിക്കുമെന്നും അറിയിച്ചു. യാത്രക്കാരെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലുമായി. മാനേജര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയിലുണ്ട്. കല്ലട ബസിന്റെ ഉടമയെ വിളിച്ച് വരുത്താന്‍ പൊലീസ് തീരുമാനിച്ചു. 

ഇന്നലെ ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെ ബസ് കേടായതിനെ തുടര്‍ന്ന് ബദല്‍ സംവിധാനം ആവശ്യപ്പെട്ട യാത്രക്കാര്‍ക്ക് കല്ലട ബസ് ജീവനക്കാരില്‍നിന്ന് നേരിടേണ്ടി വന്നത് അതിക്രൂര മര്‍ദനമാണ്. ബസ് ജീവനക്കാരും ഗുണ്ടകളും ഉള്‍പ്പെടെ പതിനഞ്ചോളംപേര്‍ വൈറ്റിലയില്‍വച്ച് ക്രൂരമായി മര്‍ദിച്ചെന്ന് ഇരയായ യുവാവ് അജയഘോഷ് മനോരമ ന്യൂസിനോട് പറഞ്ഞു. ഫോണും പെട്ടിയും ഒരു ലക്ഷം രൂപയും തട്ടിയെടുത്തു. തലയ്ക്ക് കരിങ്കല്ല് കൊണ്ടെറിഞ്ഞു. കല്ലട സുരേഷേട്ടനെതിരെ പൊലീസില്‍ പരാതി കൊടുക്കുമോ എന്നു ചോദിച്ചായിരുന്നു മര്‍ദനമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE