കിണർ വെള്ളത്തിൽ മെർക്കുറിയും സൈനേഡും; ആശങ്ക

well
representative image
SHARE

ചോറ്റാനിക്കര ∙ കിണറുകളിലെ വെള്ളത്തിൽ മെർക്കുറിയും സൈനേഡും, ആശങ്കയോടെ കുരീക്കാട് നിവാസികൾ. കൂരീക്കാട് ടൗൺ റസിഡന്റ്സ് അസോസിയേഷനിലെ ഇരുപതോളം വീടുകളിലെ കിണർ വെള്ളത്തിലാണ് ഉയർന്ന അളവിൽ മെർക്കുറിയുടെയും സൈനേഡിന്റെയും അംശം കണ്ടെത്തിയത്

വെള്ളം ഉപയോഗിക്കുമ്പോൾ പുളിപ്പും കുട്ടികൾക്ക് ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ നൽകിയ പരാതിയിൽ മലിനീകരണ നിയന്ത്രണ ബോഡ് നടത്തിയ പരിശോധനയിലാണു കണ്ടെത്തൽ.

കുരീക്കാട്-എരുവേലി റോഡിലെ സ്വകാര്യ സ്വർണാഭരണ നിർമാണ സ്ഥാപനത്തിന് 100 മീറ്റർ ചുറ്റളവിലുള്ള കിണറുകളിലെ വെള്ളമാണു പരിശോധനയ്ക്കു വിധേയമാക്കിയത്. ഒരു ലീറ്റർ കുടിവെള്ളത്തിൽ പരമാവധി 0.001 എംജി മെർക്കുറിയും 0.05 എംജി സൈനേഡുമാണ് ഉണ്ടാകാവുന്നത്. എന്നാൽ കുരീക്കാട് പ്രദേശത്തെ കിണറുകളിലെ വെള്ളത്തിൽ 0.12 എംജി മുതൽ 2.25 എംജി വരെ മെർക്കുറിയുടെ അളവുണ്ടെന്നാണു പരിശോധന ഫലം. 0.07 എംജി സൈനേഡും വെള്ളത്തിലുണ്ട്.

ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകാവുന്ന സംഭവത്തിൽ പഞ്ചായത്തോ ആരോഗ്യ വകുപ്പോ ഇടപെടുന്നില്ലെന്നാണു പ്രദേശവാസികളുടെ പരാതി. സ്വർണ നിർമാണ സ്ഥാപനത്തിലെ രാസമാലിന്യം കിണറുകളിൽ ഒഴുകിയെത്തുന്നതു പ്രശ്നത്തിനു കാരണമെന്നാണ് ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ചു 25നു സ്ഥാപനത്തിനു മുന്നിൽ ധർണ നടത്താനാണു റസിഡന്റ്സ് അസോസിയേഷന്റെ തീരുമാനം

MORE IN SPOTLIGHT
SHOW MORE