വീണ്ടുമൊരു ഏപ്രിൽ 20; അവളെ ഒന്നു കൂടിയിറുക്കി ചേർത്ത്പിടിക്കട്ടെ: ഉള്ളില്‍തട്ടും കുറിപ്പ്

ramesh-post
SHARE

രണ്ട് വർഷം മുൻപ് കാൻസർ വില്ലനായെത്തി ഭാര്യയെ തട്ടിയെടുത്തപ്പോൾ തോറ്റുപോയിട്ടും ആ ഓര്‍മകളില്‍ ജയിച്ചുജീവിക്കുന്ന ഭർത്താവാണ് എന്‍.രമേശ്കുമാർ. പിന്നീട് അവരുടെ സ്നേഹം അയാളുടെ എഴുത്തുകളിലൂടെ പലവട്ടം നാം അറിഞ്ഞു. ഇന്ന് രണ്ട് വർഷമാകുകയാണ് അശ്വതി രമേശ്കുമാറിനെ വിട്ട് പോയിട്ട്. ആ നോവോർമകൾ പങ്കുവച്ച് രമേശ് ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ : വീണ്ടുമൊരു ഏപ്രിൽ 20, രണ്ട് വർഷങ്ങളാവുകയാണ് അവൾ പോയിട്ട്.എത്ര വേഗത്തിലാണ് കാലമിങ്ങനെ മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുന്നത് .അവളെയോർക്കാത്ത ഒരു ദിവസംപോലുമില്ല, എല്ലായ്പ്പോഴും കൂടെയിങ്ങനെ ചേർന്ന് നടപ്പുണ്ട് .എങ്കിലും ഇന്നത്തെ ദിവസം ഒന്നുകൂടിയിറുക്കിയിറുക്കി അവളെയെന്നിലേക്ക് ചേർത്ത്പിടിക്കും. ഉള്ളിൽ തട്ടുന്ന കുറിപ്പ് കണ്ണുനിറയാതെ ആർക്കം വായിച്ചു തീർക്കാൻ സാധിക്കില്ല. 

രമേശ്കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം : 

വീണ്ടുമൊരു ഏപ്രിൽ 20, രണ്ട് വർഷങ്ങളാവുകയാണ് അവൾ പോയിട്ട്.എത്ര വേഗത്തിലാണ് കാലമിങ്ങനെ മുന്നോട്ട് കുതിച്ച് കൊണ്ടിരിക്കുന്നത് .അവളെയോർക്കാത്ത ഒരു ദിവസംപോലുമില്ല, എല്ലായ്പ്പോഴും കൂടെയിങ്ങനെ ചേർന്ന് നടപ്പുണ്ട് .എങ്കിലും ഇന്നത്തെ ദിവസം ഒന്നുകൂടിയിറുക്കിയിറുക്കി അവളെയെന്നിലേക്ക് ചേർത്ത്പിടിക്കും... അതങ്ങനെയാണ് .എല്ലാ വഴികളും നോക്കി തോറ്റ്പോയി ഞങ്ങളുരണ്ടും കൂടെ 'പോട്ടെ സാരമില്ലെന്നു പരസ്പരം സമാധാനിപ്പിച്ച് 'ഇരുന്നതോർമ്മയുണ്ട് .. ഒന്നും ചെയ്യാനില്ലാതെ ഒരു കസേര വലിച്ചിട്ട് ആ ബെഡിനരികിലിരുന്ന് പണ്ട് റയിൽവേ സ്റ്റേഷനിൽ നിന്ന് എന്റെ നേരെനീട്ടിയ കയ്യിൽ ഇറുക്കി കോർത്ത് പിടിച്ച് 'പേടിക്കണ്ട ഞാനിവിടെയടുത്തുണ്ട് .. ധൈര്യമായിരിക്കൂ .. കൂടെതന്നെയുണ്ട് എന്ന്പറഞ്ഞതോർമ്മയുണ്ട് .. നോക്കിയിരിക്കേ അവൾക്കേറ്റവും പ്രിയപ്പെട്ട കുഞ്ഞുമ്മയും വാങ്ങിക്കൊണ്ട് എന്റെ കയ്യിലങ്ങനെ ഇറുക്കി പിടിച്ച് ചിരിയോടെയാണ് പോയത് ... വഴി നീളെ മഞ്ഞ പൂക്കൾ വീണു കിടന്നിരുന്നു .. ഇടക്ക് ചെറിയ മഴ പെയ്തിരുന്നു ... എന്തിനാണിങ്ങനെയോർക്കുന്നത് ?മറന്നു കൂടെയെന്ന് ചോദിക്കാറുണ്ട് പലരും .മറക്കുകയെന്നാൽ മരിക്കുകയെന്നാണ് .തിരക്കുപിടിച്ച ഓട്ടത്തിനിടക്ക് സ്നേഹിക്കാനും,ചേർത്ത് പിടിക്കാനും ജീവിതം ആഘോഷമാക്കാനും മറന്നു പോവരുതെന്ന് ഒന്നുകൂടി ഓർമ്മപെടുത്തുന്നതാണ് .നഷ്ടങ്ങളെപറ്റിയോർത്ത് വിഷമിച്ചിരിപ്പല്ല.ഞങ്ങളൊരുമിച്ച് കണ്ട സ്വപ്നങ്ങളൊക്കെ നേടിയെടുക്കാൻ മുന്നോട്ട് പോവുമ്പോഴും അവളെക്കൂടി ചേർത്ത് പിടിക്കുന്നതാണ്. അവൾക്കായി ഒരു ഇടമൊരുക്കിവക്കുന്നതാണിവിടെ. പോകുന്ന വഴികളിലെല്ലാം അടയാളപ്പെടുത്തിവച്ചു കൊണ്ടേയിരിക്കും അതിലൊരാളും അസ്വസ്തരാവരുത് .ഇതെനിക്ക് മുന്നോട്ട് പോവാനുള്ള കരുത്ത് പകരുന്നതാണ്. കയ്യിലേൽപ്പിച്ച് പോയ പൊടിയൻ കുഞ്ഞനിപ്പോൾ അഞ്ചര വയസായിരിക്കുന്നു, അവനിപ്പോൾ എന്നേക്കാൾ മനോഹരമായി അവന്റെ അമ്മയെകുറിച്ച് പറയാൻ തുടങ്ങിയിരിക്കുന്നു. ഇച്ചിരികൂടെ കഴിയുമ്പോൾ ഇതിനേക്കാൾ മനോഹരമായി അവൻ അവന്റെ അമ്മയെ അടയാളപ്പെടുത്തി വക്കാൻ തുടങ്ങുമെന്ന് എനിക്കുറപ്പുണ്ട് .അമ്മയെ മറന്നല്ല, അറിഞ്ഞ് തന്നെയാണ് അവൻ വളരുന്നത്.അതങ്ങനെ തന്നെ വേണമെന്ന് എനിക്കും തോന്നി... ഞാൻ ഒരിക്കൽ പറയാമെന്ന് പറഞ്ഞ ആ പ്രണയകഥ ഇപ്പോഴും പറയാൻ കഴിഞ്ഞില്ല ,ഒരേ സമയം അച്ചനും അമ്മയും റോൾ തകർത്താടുന്ന തിരക്കിൽ എഴുത്തുകാരനല്ലാത്ത ഞാൻ എഴുത്ത് മാറ്റിവച്ചതാണ് .വർഷങ്ങളോളം പരസ്പരം കാണാതെ ഫോണിലൂടെ ,കത്തുകളിലൂടെ കൂട്ടുകൂടി ഒടുവിലാ റയിൽവേ സ്റ്റേഷനിൽവച്ച് കണ്ടുമുട്ടി, ഇത്തിരിയേ ഉണ്ടായിരുന്നെങ്കിലും ഒരുമിച്ചുള്ള മനോഹരമായ ജീവിതത്തെക്കുറിച്ച് ഒരുന്നാൾ പറയുന്നുണ്ട്. ഇപ്പോൾ മോനുമായി തിരക്കിലായതുകൊണ്ടാണ്. ഓർമ്മകളും ചിത്രങ്ങളുമിനിയുമൊരുപാട് ബാക്കിയാണ് .അവളെയിപ്പോൾ ഞാനും അവനും മാത്രമല്ല നിങ്ങളോരോരുത്തരും അത്രമേൽ ഹൃദയത്തിൽ ചേർത്തു പിടിച്ച് സ്നേഹിക്കുന്നുണ്ടെന്നറിയാം. എഴുത്തുകാരനല്ലാത്ത എന്നെകൊണ്ട് വരികളെഴുതിപ്പിച്ച് ഒരുപാട് സ്നേഹമുള്ള നിങ്ങളെപോലുള്ളവരെ ഞങ്ങൾക്കു ചുറ്റിനും കൊണ്ടുവന്നു നിർത്തിയത് അദൃശ്യമായി അവൾ ചെയ്തകാര്യമാണെന്നാണ് ഇപ്പോഴും കരുതുന്നത് .. "ദേ നിൽക്കുന്നു എന്റെ രണ്ട് ചെക്കൻമാര് ഒന്നു ശ്രദ്ധിച്ചോണെയെന്ന്" നിങ്ങളോടൊക്കെ പറഞ്ഞ് ചെറു കുസൃതിചിരിയോടെ നിൽക്കുന്ന അവളെയെനിക്ക് കാണാനാവുന്നുണ്ട്. കുറിപ്പുകൾക്കും, ചിത്രങ്ങൾക്കും ഇഷ്ടങ്ങൾ തരുന്നവരോട് ടൈം ലൈനുകളിൽ പൂമ്പാറ്റയെ പോലെ അവളെ ജീവിപ്പിച്ച് നിർത്തിയവരോട്, കൂടെ നിൽക്കുന്നവരോടെല്ലാം നിറയെ സ്നേഹം.. നമ്മളിവിടുള്ളപ്പോൾ അവളെങ്ങോട്ട് പോവാനാണ്.

MORE IN SPOTLIGHT
SHOW MORE