‘പണ്ട് എന്റെ അച്ഛനും ഇങ്ങനെ വീണിരുന്നു’; ആ വിവാദം ചിരിച്ചുതള്ളി പ്രിയങ്ക

priyanka-meet-rickson
SHARE

മുൻപ് എന്റെ അച്ഛൻ രാജീവ് ഗാന്ധി ഇത്തരത്തിൽ ബോധരഹിതമായി വീണത് എന്റെ ഒാർമയിലുണ്ട്. അന്ന് അദ്ദേഹം അനുഭവിച്ച അവസ്ഥ എന്താണെന്ന് ഞാൻ നേരിൽ കണ്ടതാണ്. ബോധരഹിതനായി വീഴുന്ന നിങ്ങളെ കണ്ടപ്പോൾ ഒരു മനുഷ്യൻ എന്ന രീതിയിൽ ‍ഞാൻ പ്രതികരിച്ചു. അത്രമാത്രം..’ കാണണമെന്ന് ആഗ്രഹിച്ച റിക്സണ്‍ നന്ദി പറയാന്‍ എത്തിയപ്പോള്‍ പ്രിയങ്കയുടെ പ്രതികരണം ഇങ്ങനെ. റിക്സണ്‍ ഉമ്മനെ അറിയില്ലേ..?‌ വയനാട്ടിലെ റോഡ് ഷോയ്ക്കിടെ വീണു പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍. 

വയനാട്ടിൽ രാഹുൽ ഗാന്ധി നാമനിർദേശപത്രിക സമർപ്പിക്കുന്ന ചടങ്ങിന് മുന്നോടിയായി നടന്ന റോഡ് ഷോയ്ക്കിടെയാണ് മാധ്യമപ്രവർത്തകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ലോറിയിൽ നിന്നും താഴെ വീണ മാധ്യമപ്രവർത്തകരെ രാഹുലും പ്രിയങ്കയും ചേർന്ന് ആശുപത്രിയിലെത്തിക്കാൻ സഹായിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 

എന്നാൽ ഇതിന് പിന്നാലെ ഇതെല്ലാം നാടകമാണെന്ന രാഷ്ട്രീയപ്രചാരണമാണ് സൈബർ ഇടങ്ങളിൽ ഉയർന്നത്. ഇതിനെതിരെ പരുക്ക് പറ്റിയ മാധ്യമപ്രവർത്തകരും രംഗത്തെത്തിയിരിന്നു. പ്രിയങ്ക  സുഖവിവരം തിരക്കിയെന്ന് റിക്സണ്‍ പറഞ്ഞു. പരുക്ക് പറ്റിയ മാധ്യമപ്രവർത്തകനെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്ന് പ്രിയങ്ക തന്നെയാണ് കേരളത്തിലെ നേതാക്കളെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്ച. 

‘മേഡം, എന്നെ ആശുപത്രിയിലെത്തിക്കാൻ മുൻകൈ എടുത്തത് കൂടാതെ എന്റെ ഷൂസും ആംബുലൻസിൽ എടുത്തുവച്ചത് പ്രിയങ്കാ ജീ ആണെന്ന് ‍ഞാൻ പിന്നീടാണ് അറിഞ്ഞത്. പക്ഷേ ഇതെല്ലാം രാഷ്ട്രീയനാടകമാണെന്നാണ് ഇവിടെ ഉയർന്ന പ്രചാരണം. അതറിഞ്ഞിരുന്നോ?’ ചിരിയോടെ റിക്സൺ പ്രിയങ്കാ ഗാന്ധിയോട് ചോദിച്ചു. ‘ഇത്തരം ആരോപണങ്ങളൊക്കെ വെറും വിഡ്ഢിത്തരമാണെന്നായിരുന്നു പ്രിയങ്കയുടെ ആദ്യ പ്രതികരണം. നിങ്ങൾ അപകടത്തിൽപ്പെടുന്നത് കണ്ടാണ് ഞങ്ങൾ ഒാടി എത്തിയത്. ബോധരഹിതനായ നിങ്ങൾക്ക് ആദ്യ പരിചരണം ഒപ്പമുണ്ടായിരുന്നവർ നൽകിയിരുന്നു. ഞാനാണ് കാലിൽ നിന്നും ഷൂസ് ഉൗരിമാറ്റിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരുങ്ങുമ്പോൾ ആ ഷൂസ് ഞാനെടുത്ത് ആംബുലൻസിൽ വച്ചു. ഇതിന്റെ വിഡിയോ എടുക്കുന്നതൊന്നും അറിഞ്ഞിരുന്നില്ല. പണ്ട് അച്ഛൻ ബോധരഹിതനായി വീഴുന്നത് ഞാൻ കണ്ടിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് കൊടുത്ത പരിഗണന ഞാൻ കണ്ടതാണ്. അങ്ങനെയുള്ള എനിക്ക് ഇങ്ങനെ പ്രവൃത്തിക്കാനെ കഴിയൂ..’ സൗഹൃദസംഭാഷണത്തിനിടെ പ്രിയങ്ക പറഞ്ഞതായി റിക്സൺ മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE