കൈനിറയെ മിഠായി; പിന്നെയൊരു സമ്മാനം: ‘ഇത് നീ എവിടെ സൂക്ഷിക്കും..?’: പ്രിയങ്കയുടെ ചോദ്യം

priyanka-meet-rahul-fan
SHARE

കണ്ണൂർ വിമാനത്താവളം. ചുറ്റും കോൺഗ്രസ് നേതാക്കൾ. ദിവസങ്ങൾക്ക് മുൻപ് കണ്ണൂരിൽ തന്നെ സമാന അനുഭവം നാഥാൻ ജോയ്സ് അനുഭവിച്ചതാണ്. വിമാനത്താവളത്തിലായിരുന്നില്ല, സാധു ഓഡിറ്റോറിയത്തിന്റെ മുന്നിൽ. അന്ന് കരഞ്ഞുകലങ്ങിയ കണ്ണുമായിട്ടാണ് വീട്ടിൽ പോയത്. പക്ഷേ ഇന്ന് ക്ഷണിക്കപ്പെട്ട അതിഥിയാണ്. രാഹുൽ ഗാന്ധിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇൗ കൂടിക്കാഴ്ച. നാദാനും കുടുംബവും കാത്തിരിപ്പ് തുടർന്നു. രാഹുൽ ഗാന്ധിയെയാണ് കാണാൻ കൊതിച്ചതെങ്കിലും രണ്ടാം ക്ലാസുകാരൻ നാഥാനെ തേടി പറന്നിറങ്ങുന്നത് അനിയത്തിയായ പ്രിയങ്കാ ഗാന്ധിയാണ്. ഇന്നലെയാണ് രാഹുലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയോട് നാഥാന് പ്രിയങ്കയെ കാണാനുള്ള ക്രമീകരണം ചെയ്യാൻ നിർദേശിച്ചത്.

പ്രിയങ്ക വിമാനത്താവളത്തിലെത്തിയതും നാഥാനെ കാണാൻ സമയം മാറ്റി വച്ചു. ‘ടാ..നിന്റെ രാഹുൽ ഗാന്ധിയുടെ സിസ്റ്ററാണ് പ്രിയങ്കാ ഗാന്ധി... മോന് അറിയാമല്ലോ അല്ലേ..’ അവൻ തലയാട്ടി. പ്രിയങ്ക അവനെ ചേർത്ത് നിർത്തി സംസാരിക്കാൻ തുടങ്ങി. ‘മോന്റെ കരയുന്ന ചിത്രം രാഹുൽ എനിക്ക് കാണിച്ച് തന്നിരുന്നു. അതുകണ്ടപ്പോൾ എനിക്കും തോന്നി മോനെ കാണണമെന്ന്. രാഹുൽ അടുത്ത തവണ വയനാട്ടിൽ വരുമ്പോൾ നാഥാനെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ നിനക്ക് തരാൻ കുറേ മിഠായി എന്റെ കയ്യിൽ തന്നുവിട്ടു. ഒപ്പം ഒരു വേറിട്ട സമ്മാനവും. എന്താണെന്ന് അറിയാമോ?.. നാഥാന്റെ കൗതുകം നിറഞ്ഞ കണ്ണുകളെ സാക്ഷിയാക്കി പ്രിയങ്ക ആ സമ്മാനം പുറത്തെടുത്തു. അവന്റെ പ്രിയ നേതാവായ രാഹുൽ ഗാന്ധി ഒപ്പിട്ട ഒരു ചിത്രമായിരുന്നു ആ കൈകളിലേക്ക് പ്രിയങ്ക വച്ചുകൊടുത്തത്. പിന്നീട് ചേർത്ത് നിർത്തി കവിളിൽ പ്രിയങ്കയുടെ വക ഒരു ഉമ്മ. നാഥാൻ ഹാപ്പി.

rahul-gift-fan

കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രിയങ്ക അവനോട് ചോദിച്ചു. അന്ന് രാഹുലിന് കൊടുക്കാൻ ഒരു കത്തെഴുതി കൊണ്ടുവന്ന കാര്യം രാഹുൽ പറഞ്ഞിരുന്നു. ആ കത്ത് എന്റെ കയ്യിൽ തന്നുവിടാമെങ്കിൽ ഞാൻ രാഹുലിന് കൊടുക്കാം. നിറഞ്ഞ ചിരിയോടെ, പ്രിയപ്പെട്ട രാഹുൽ ഗാന്ധി.. എന്നാരംഭിക്കുന്ന കത്ത് നാഥാൻ പ്രിയങ്കയ്ക്ക് കൊടുത്തു. അവനെ ഒന്നുകൂടി ഓമനിച്ച ശേഷം പ്രിയങ്കയോട് രാഹുൽ ചോദിക്കാൻ പറഞ്ഞ ഒരു ചോദ്യം നാഥാനോട് ചോദിച്ചു. ഇൗ ഒാട്ടോഗ്രാഫ് എവിടെയാണ് നീ സൂക്ഷിക്കാൻ പോകുന്നത്?.. മൗനം നിറഞ്ഞ മറുപടിയോടെ അവൻ ആ ഒാട്ടോഗ്രാഫ് അപ്പോഴും നെഞ്ചോട് ചേർത്ത് പിടിച്ചെന്ന് സന്തോഷത്തോടെ അമ്മ സ്മിത മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു. 

nadhal-letter-rahul

ഫ്ലാഷ്ബാക്ക് ഇങ്ങനെ: രാഹുൽ ഗാന്ധിയുടെ വലിയ ആരാധകനാണ് തളിപ്പറമ്പ് തൃച്ചംബരം സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയായ നാഥാൻ ജോയ്സ്. രാഹുൽ കണ്ണൂരിൽ പ്രചാരണത്തിനെത്തിയപ്പോൾ നാഥാന്റെ ആഗ്രഹപ്രകാരം വീട്ടുകാർ കൊണ്ടുപോയെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചിരുന്നില്ല. ഇൗ സങ്കടത്തിൽ പൊട്ടിക്കരഞ്ഞ നാഥാന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇൗ ചിത്രങ്ങൾ കണ്ട രാഹുൽ പിറ്റേ ദിവസം ഫോണിൽ വിളിച്ച് തന്റെ ആരാധകനോട് സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് നടന്ന പ്രിയങ്കാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച.

MORE IN SPOTLIGHT
SHOW MORE