15 മിനിറ്റ് അധികജോലി; ട്രെയിൻ പാതിവഴിയിലാക്കി ലോക്കോപൈലറ്റ് ഇറങ്ങിപ്പോയി

goods-train
SHARE

15 മിനിറ്റ് അധികം ജോലി ചെയ്തു, ട്രെയിൻ പാതിവഴിക്ക് നിർത്തിയിട്ട് എഞ്ചിൻ ഡ്രൈവർ ഇറങ്ങിപ്പോയി. നാഗപട്ടണം ജില്ലയിലെ സീർക്കാഴിക്കു സമീപം വൈദ്ദീശ്വരൻകോവിൽ റെയിൽവേ സ്റ്റേഷനിലാണ് അസാധാരണ സംഭവം. ലോക്കോ പൈലറ്റ് മുത്തുരാജാണ് ഈ വേറിട്ട പ്രതിഷേധനത്തിന് പിന്നിൽ.  തനെയ്‌വേലിയിൽനിന്ന് ലിഗ്നൈറ്റുമായി കാരയ്ക്കൽ തുറമുഖത്തേക്കു പോകുകയായിരുന്നു ട്രെയിന്‍. രാത്രി 7.30 ഓടെ വൈദ്ദീശ്വരൻകോവിൽ സ്റ്റേഷന് കടന്നുപോകാനുള്ള അനുമതി ലഭിച്ചു. എന്നാൽ ഏറെ നേരം കഴിഞ്ഞും ട്രെയിൻ മുന്നോട്ടെടുത്തില്ല. സ്റ്റേഷൻ മാസ്റ്ററെത്തി കാര്യം തിരക്കിയപ്പോഴാണ് മുത്തുരാജ് തന്റെ പ്രതിഷേധം അറിയിച്ചത്. 11 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തെന്നും അധികമായി 15 മിനുട്ട് ജോലിയും ചെയ്തു. ഇനി തനിക്ക് ട്രെയിൻ ഓടിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് മുത്തുരാജ് ഇറങ്ങിപ്പോയി.

ഇതോടെ ട്രെയിൻ ഗതാഗതം ഏകദേശം രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. പല സുപ്രധാന ട്രെയിനുകളും മുടങ്ങി. ലെവൽക്രോസ് അടച്ചിട്ടത് റോഡ് ഗതാഗതം മുടങ്ങാനും കാരണമായി. പിന്നീട് ഏറെ നേരത്തെ നിര്‍ബന്ധത്തിനു വഴങ്ങി മുത്തുരാജ് തന്നെ തൊട്ടടുത്തുള്ള മായാവരം സ്റ്റേഷനിലേക്ക് വണ്ടി മാറ്റിയിട്ടു. തുടര്‍ന്നാണ് ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവം തൃശൂര്‍ ഒല്ലൂര്‍ റെയില്‍വേസ്റ്റേഷനിലും അരങ്ങേറിയിരുന്നു. 

MORE IN SPOTLIGHT
SHOW MORE