മൊഴിമാറ്റക്കാര്‍ ‘താരങ്ങളാകുന്ന’ കാലം; പരിഭാഷാ പോരാളികള്‍: അന്നും ഇന്നും

transilation-story-web
SHARE

ബൂര്‍ഷ്വാ ശക്തികള്‍ പ്രചരിപ്പിച്ച കഥയായിരിക്കാം.

ഐക്യരാഷ്ട്ര സഭയിലെ ഉന്നതന്  കമ്യൂണിസ്റ്റ് ചൈനയില്‍  സ്വീകരണം നല്‍കുന്നു. ചൈനീസല്ലാതെ ഒരക്ഷരം അറിയാത്ത വന്‍ ജനക്കൂട്ടം. ഇംഗ്ലീഷില്‍ നിന്ന് ചൈനീസിലേക്ക് മൊഴിമാറ്റാന്‍  'സഖാവ് പരിഭാഷകന്‍ ' ഉള്ള ധൈര്യത്തില്‍ പ്രസംഗം തുടങ്ങി.  അല്‍പം സമയമെടുത്ത് പറയേണ്ട ഒരു തമാശയും പ്രാസംഗികന്‍ മനസില്‍ കരുതിയിരുന്നു. നാലഞ്ച് മിനിറ്റെടുത്ത് അത് പറഞ്ഞു കഴിഞ്ഞ് സായിപ്പ് പരിഭാഷകനെ നോക്കി. അയാള്‍ ഒരു കൂസലുമില്ലാതെ രണ്ടോ മൂന്നോ വാക്കുകള്‍ പറഞ്ഞു. ജനക്കൂട്ടം തലതല്ലി ചിരിച്ചു.  എങ്ങനെയാണ് ഇത്ര ചുരുങ്ങിയ വാക്കുകളില്‍ തന്‍റെ തമാശ ചൈനീസിലേക്ക് വിവര്‍ത്തനം ചെയ്തതെന്നോര്‍ത്തുള്ള അമ്പരപ്പ്  യോഗം തീര്‍ന്നിട്ടും മാറിയിരുന്നില്ല . ചോദിച്ചപ്പോള്‍ സഖാവ് ഗൗരവം വിടാതെ പറഞ്ഞു. 'ഞാനിത്രയേ പറഞ്ഞുള്ളൂ. ഇത് തമാശയാണ് ചിരിക്കുക'. പാര്‍ട്ടി അച്ചടക്കത്തെക്കുറിച്ച് നല്ല ബോധ്യമുള്ള ജനക്കൂട്ടം അനുസരിച്ചു.

നമ്മുടെ നാട്ടില്‍ ഏതായാലും പരിഭാഷ വിജയിപ്പിക്കാന്‍ ഇതുപോലെയുള്ള നമ്പരുകളൊന്നും നടപ്പില്ല.  പ്രസംഗം ശ്രദ്ധിച്ച് കേട്ട് വികാരവും വിചാരവും ചോരാതെ മൊഴിമാറ്റിയില്ലെങ്കില്‍ തീര്‍ന്നു കഥ. രാജ്യസഭാ ഉപാധ്യക്ഷനായിരുന്നു, മുതിര്‍ന്ന നേതാവായിരുന്നു എന്നൊന്നും  ആളുകള്‍നോക്കില്ല. ട്രോളിക്കുടഞ്ഞ് ഒരു മൂലയ്ക്കിടും. ശബ്ദ സംവിധാനമാണ് ശരിക്കുള്ള വില്ലനെങ്കിലും മാപ്പു കിട്ടില്ല.  ഇംഗ്ലീഷ് മനസിലാകാത്തത് മറച്ചുവയ്ക്കാനുള്ള അടവായേ മലയാളം പോലും ശരിക്കറിയാത്ത മലയാളിയും കണക്കാക്കൂ. 

ഉല്‍സവകാലത്ത് ആനക്ക് ഡിമാന്‍ഡു കൂടുന്ന പോലെയാണ് തിരഞ്ഞെടുപ്പ് കാലത്ത് പരിഭാഷകരുടെ കാര്യവും.  ദേശീയ നേതാവിനും അണികള്‍ക്കുമിടയിലെ ഭാഷാ പാലം എന്ന വലിയ ജോലിയായി തര്‍ജമ മാറി. പൊതുയോഗം ടിവിയിലും എഫ് ബിയിലും ലൈവു വരുന്നതുകൊണ്ട്  ഭാഷാ ജ്ഞാനം ലോകം മുഴുവന്‍ അറിയും. നാക്കൊന്നു പാളിയാല്‍, വിമാനം കയറി നേതാവ് വന്നതും ആളെക്കൂട്ടി യോഗം നടത്തിയതും വെറുതെയാകും.  ജനം  ആകെ ഓര്‍ക്കുക  തര്‍ജമക്കാരനുണ്ടാക്കിയ തമാശ മാത്രമായിരിക്കും.  സീന്‍ മൊത്തം മാറി. പരദേശി നേതാവുള്ള യോഗമെന്ന് കേട്ടാല്‍ തര്‍ജമ ആരെന്നായി  അടുത്ത  ചോദ്യം.  എങ്ങാനും തര്‍ജമ തെറ്റി ഒന്ന് ചിരിക്കാന്‍ പറ്റുമോ എന്നറിയാന്‍ മാത്രം പ്രസംഗം മുഴുവന്‍ കേള്‍ക്കുന്നവരുടെ എണ്ണം കൂടി. ദേശീയ നേതാവിനൊപ്പം ടിവി ഫ്രെയിമില്‍ വിവര്‍ത്തനം ചെയ്യുന്നയാള്‍ക്കും ഇടം കിട്ടി.  

വിവര്‍ത്തനം എന്ന 'പണി'

മൊഴിമാറ്റി പണി കിട്ടുന്ന ആദ്യത്തെ നേതാവൊന്നുമല്ല പി.ജെ.കുര്യന്‍. നരേന്ദ്ര മോദി മനസില്‍ പോലും ചിന്തിക്കാത്തത് പറഞ്ഞ കെ.സുരേന്ദ്രനും  

ബൃന്ദാ കാരാട്ടിനെ ക്ഷമയുടെ നെല്ലിപ്പലക കാട്ടിക്കൊടുത്ത വക്കീലുമൊക്കെയുണ്ട് മുന്‍ഗാമികളായി. സിദ്ധരാമയ്യ ദലിതര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് അമിത് ഷാ  ഹിന്ദിയിയില്‍പറഞ്ഞപ്പോള്‍ മോദി പാവങ്ങള്‍ക്ക് ഒന്നും ചെയ്യുന്നില്ലെന്ന്  കന്നഡയിലാക്കിയ ബിജെപി എംപി പ്രഹ്ളാദ് ജോഷിയെ ഒക്കെ വച്ചു നോക്കുമ്പോള്‍ ഇതൊക്കെ എന്ത്.  പരിഭാഷകന്‍റെ പരിതാപാവസ്ഥ കണ്ട് ബൃന്ദാ കാരാട്ട്  മലയാളത്തില്‍ പ്രസംഗിച്ച സംഭവം വരെയുണ്ടായി.  'സ്ത്രീകള്‍.. നോ രക്ഷ ' എന്നൊക്കെ ബൃന്ദ  വൈകാരികമായി പറഞ്ഞപ്പോള്‍ യുപിഎ സര്‍ക്കാര്‍  സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നില്ലെന്ന് വയനാട്ടുകാര്‍ മനസിലാക്കിയെടുത്തു. നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തില്‍ ലോകനേതാക്കള്‍ അനുശോചനം അറിയിച്ച  ജൊഹന്നാസ്ബര്‍ഗിലെ ചടങ്ങ് മൂക ബധിര ഭാഷയിലാക്കാന്‍ നിന്നയാള്‍ അര്‍ഥമില്ലാത്ത ചേഷ്ടകള്‍ കാണിച്ചത് ലോകം മുഴുവന്‍ കണ്ട പരിഭാഷാ ദുരന്തമായി. തനിക്ക് സ്കീസോഫ്രീനിയ രോഗമുണ്ടെന്നും പെട്ടെന്ന് വിഭ്രാന്തിയിലായിപ്പോയതാണെന്നും അയാള്‍ പിന്നീട് കുമ്പസരിച്ചു.

എംടിയുടെ കഥാപാത്രങ്ങളെപ്പോലെ ഇല്ല്യ എന്നൊക്കെ നല്ല ഈണത്തില്‍ മലയാളം പറയുന്ന കാരാട്ട് പക്ഷേ തട്ടേല്‍ കയറിയാല്‍ മട്ടു മാറും. പ്രസംഗം ഇംഗ്ലീഷില്‍ മാത്രം. അത് നിര്‍ബന്ധാ.. മലയാളം അറിയുന്ന കാരാട്ടിനു മുന്നില്‍ പ്രസംഗം മലയാളത്തിലാക്കല്‍ അത്ര എളുപ്പമല്ല. കൃത്യം വാക്കു പറഞ്ഞില്ലെങ്കില്‍ പിബി ഇടപെടല്‍ ഉണ്ടാകും.  സിപിഎമ്മാണ് പാര്‍ട്ടി. കമ്യൂണിസമാണ് പ്രത്യേയശാസ്ത്രം. വാക്കര്‍ഥം ഒരു കടുകുമണി അങ്ങോട്ടോ ഇങ്ങോട്ടോ പോയാല്‍ തീര്‍ന്നു. വിഭാഗീയത കത്തിനില്‍ക്കുന്ന കാലത്ത് വടക്കന്‍ മേഖല റിപ്പോര്‍ട്ടിങ്ങില്‍ എളമരം കരീമിനോട് കാരാട്ട് പിണങ്ങിയെന്ന് വാര്‍ത്ത വന്നിരുന്നു. പിണറായിയുടെ ഭാഗത്ത് 'സീരിയസ് ലാപ്സ്' ഉണ്ടായെന്ന കാരാട്ടിന്‍റെ റിപ്പോര്‍ട്ടിങ് കരീം  മലയാളത്തിലാക്കിയപ്പോള്‍ 'േവണ്ടത്ര ശ്രദ്ധിച്ചില്ല ' എന്നായി.  'ഗുരുതരം' എന്ന് കാരാട്ട് മലയാളത്തില്‍ തിരുത്തി. 'ആള്‍ ഇന്‍ ദ പാര്‍ട്ടി സെക്രട്ടേറിയറ്റ് 'എന്നത് സെക്രട്ടേറിയറ്റിലെ 'ഭൂരിപക്ഷം 'എന്നാക്കിയതും അന്നത്തെ പാര്‍ട്ടി സെക്രട്ടറിക്ക് പിടിച്ചില്ല.  

rahul-translation

രാജീവ് ഗാന്ധിയുടെ പ്രസംഗം ചെങ്ങന്നൂരില്‍ വിവര്‍ത്തനം ചെയ്യാന്‍ പോയ പീലിപ്പോസ് തോമസിനും (ഇന്ന് ഇടതുമുന്നണിയില്‍) പണി കിട്ടിയിട്ടുണ്ട്. തന്‍റെ വാക്കുകള്‍ക്ക് വേണ്ടത്ര പഞ്ച് കിട്ടിയില്ലെന്ന് തോന്നിയപ്പോളൊക്കെ രാജീവ് പ്രസംഗം നിര്‍ത്തി വാക്ക് ആവര്‍ത്തിച്ചു.  തീര്‍ന്നില്ല, വേദിയിലുള്ള  കെ.കരുണാകരന്  തൃപ്തിയാകാതെ വന്ന ഘട്ടങ്ങങ്ങളില്‍ അദ്ദേഹവും ഇടപെട്ടു. അങ്ങനെ ദേശീയ– സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നടുവില്‍ പീലിപ്പോസ് ഭാഷാ പ്രതിസന്ധിയില്‍ അകപ്പെട്ടു. 

പരിഭാഷാ പോരാളികള്‍

സിപിഎമ്മിന്‍റെ വലിയ നേതാക്കള്‍  പറയുന്നത് അടിസ്ഥാന വര്‍ഗത്തിലേക്ക് പകരാനുള്ള വിപ്ളവ നിയോഗം ഏറ്റെടുത്ത ഒരു ഫ്രാക്ഷന്‍ തന്നെയുണ്ട്. എംഎ ബേബിയാണ് അക്കാര്യത്തില്‍ കേരളത്തിലെ ബിഗ് ബി.  ഓരോരോ വാചകമായല്ല തര്‍ജമ. നേതാവ് ഒരു പാരഗ്രാഫ് പറഞ്ഞു  കഴിയുമ്പോള്‍  നോട്ട് പാഡില്‍ കുറിപ്പെടുത്ത്   അവധാനതയോടെ ബേബി അത് മലയാളീകരിക്കും. അരികുവല്‍ക്കരണം, നവ ഉദാരീകരണം, വെള്ളപ്പാളി, പൊങ്ങച്ച മൂല്യം  തുടങ്ങിയ പദങ്ങള്‍ കൊണ്ട് സമ്പന്നമായിരിക്കും പരിഭാഷ. ബേബിക്ക്  ഈ വാക്കുകളൊക്കെ ഉപയോഗിക്കാന്‍ തക്ക വിധത്തിലാണോ പ്രാസംഗികന്‍ തന്‍റെ പ്രസംഗം തയാറാക്കിയത് എന്നു പോലും തോന്നിപ്പോകും. ഞാന്‍ സാധാരണ പറയുന്നതില്‍ കൂടുതല്‍ എന്താണ് ഇദ്ദേഹത്തിന്‍റെ പ്രസംഗത്തില്‍ ഉള്ളത് എന്ന ഒരു മുഖഭാവത്തോടെ ബേബി ഇപ്പോഴും തര്‍ജമയെന്ന കലയെ പരിപോഷിപ്പിച്ച് പോരുന്നു. പി.രാജീവ്, കെ.ചന്ദ്രന്‍ പിള്ള , പി.പി.മുസ്തഫ തുടങ്ങിയവരൊക്കെ  വിവര്‍ത്തന സമര സഖാക്കളാണ്.

p-j-kurien-fb-post

കോണ്‍ഗ്രസില്‍ പിന്നെ എല്ലാവരും എല്ലാം അറിയുന്നവരായതുകൊണ്ട് തര്‍ജമക്കാര്‍ക്ക് ക്ഷാമമില്ല. ഹിന്ദിക്കാരെ തോല്‍പ്പിക്കുന്ന ഹിന്ദി പറയാന്‍  കഴിയുന്ന രമേശ് ചെന്നിത്തല തന്നെ   മുന്നില്‍ നിന്ന് നയിക്കും.  വയലാര്‍ രവിയൊക്കെ ആയിരുന്നു ഒരു കാലത്തെ താരങ്ങള്‍.   സിപിഎമ്മിന് എതിരായ പ്രസംഗമാണെങ്കില്‍ ഏതു ഭാഷായാലും വേണ്ടില്ല മലയാളമാക്കും എന്നതാണ് വി ഡി സതീശന്‍റെയും പിസി വിഷ്ണുനാഥിന്‍റെയുമൊക്കെ ഒരു ലൈന്‍. നരസിംഹ റാവു കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഭാഷകളറിയാവുന്ന കോണ്‍ഗ്രസുകാരനായ ശശി തരൂരും  മൊഴിമാറ്റാന്‍ നിന്നിട്ടുണ്ട്. സംസ്ഥാനം എന്നതിന് ഹിന്ദി സ്റ്റൈലില്‍ രാജ്യം എന്നു പറയും എന്നേ ഉള്ളു. അബ്ദു സമദ് സമദാനി മുസ്്ലിം ലീഗിന്‍റെ അതിരുകള്‍ക്ക് പുറത്തും പ്രിയങ്കരനായ പരിഭാഷകനാണ്. കവിതയും ഈണവുമൊക്കെ ചേര്‍ത്ത് ഒറിജിനലിനെ വെല്ലുന്ന മലയാളമുണ്ടാക്കും. അര്‍ഥം അല്‍പം മാറിയാലും ആവേശം ഒട്ടും കുറയില്ല.  ഇപ്പോള്‍ യുഡിഎഫിലെ താരം ജ്യോതി വിജയകുമാറാണ്. സോണിയാ ഗാന്ധിയുടെ വൈകാരികമായ പ്രസംഗം  അതേ തീവ്രതയോടെ മലയാളത്തിലാക്കിയപ്പോഴാണ് ജ്യോതിയെ കേരളം ശ്രദ്ധിച്ചത്. ഇപ്പോള്‍ രാഹുലിന്‍റെ പ്രസംഗം കൂടിയായപ്പോള്‍ പരിഭാഷകരുടെ തിരഞ്ഞെടുപ്പില്‍ ജ്യോതി വന്‍ ലീഡോഡുകൂടെ മുന്നേറുകയാണ്.

rahul-joice-transilation

പറഞ്ഞു വന്നത്, പരിഭാഷ ഒരു ചെറിയ കളിയല്ല എന്നാണ്. പണ്ടും അങ്ങനെ തന്നെയാണ്. വിരുതു നഗര്‍ തമിഴും കൈയില്‍ വച്ച് ഇന്ത്യയുടെ രണ്ട് പ്രധാനമന്ത്രിമാരെ നിശ്ചയിച്ച കിങ് മേക്കര്‍ കാമരാജിന്‍റെ പരിഭാഷകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്  പിന്നീട് രാഷ്ട്രപതിയായ ആര്‍.വെങ്കിട്ടരാമന്‍.   പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ പല  ദേശീയ നേതാക്കളും തമിഴ് മക്കളുടെ കാതുകളില്‍ എത്തിയത് പി.ചിദംബരത്തിന്‍റെ ശബ്ദത്തിലാണ്. അതുകൊണ്ട് ഇന്നത്തെ പരിഭാഷകര്‍ നാളെ എവിടെയെത്തുമെന്ന് പറയാനാകില്ല.  അവരുടെ കഴിവുകള്‍ സ്വന്തം പാര്‍ട്ടി തന്നെ കണ്ടെത്തണമെന്നുമില്ല. 2009 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്  രാഹുല്‍ ഗാന്ധി പറഞ്ഞത്  കട്ടപ്പനക്കാര്‍ക്കു വേണ്ടി  വിവര്‍ത്തനം   ചെയ്ത വക്കീല്‍ തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ ജയിച്ച് എംപിയായി.  ജോയ്്സ് ജോര്‍ജ്.  മൊഴി മാറ്റാനറിയാമെങ്കില്‍ പിന്നെ രാഷ്ട്രീയം മാറ്റാനാണോ പാട്.

MORE IN SPOTLIGHT
SHOW MORE