ഗാർഹിക പീഡനമെന്ന് കരുതി; പക്ഷേ അത് വിവാഹശേഷമുള്ള മാനഭംഗം; വെളിപ്പെടുത്തൽ

zoe-parsons-09
Image Credits: DailyMail
SHARE

ഭർത്താവ് പറയുന്നതെല്ലാം അനുസരിക്കുകയായിരുന്നു സോയി പാഴ്സണ്‍. നിരന്തരം ഉപദ്രവിച്ചപ്പോൾ സുഹൃത്തിനോട് സോയി പറഞ്ഞത് താൻ ഗാർഹിക പീഡനത്തിന്റെ ഇരയാണെന്ന്. എന്നാൽ സോയിയുടെ കഥ കേട്ടപ്പോൾ സുഹൃത്ത് പറഞ്ഞു, ഇത് മാനഭംഗമാണെന്ന്. പിന്നീട് നടുക്കത്തിന്റെ നാളുകള്‍. നാലു ചുവരുകൾക്കുള്ളിൽ നിന്നുള്ള അതിജീവനത്തിന്റെയും രക്ഷപെടലിന്റെയും കഥയാണ് സോയിക്ക് പറയാനുള്ളത്. 

''എഡിസൺ പെർട്ട് എന്ന മനുഷ്യനെ 10 വർഷമായി എനിക്ക് പരിചയമുണ്ടായിരുന്നു. അതിലുപരി അയാൾ എന്റെ സഹോദരിയുടെ സുഹൃത്തുമായിരുന്നു. വർഷങ്ങൾ നീണ്ട സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ ജമൈക്കയിൽ വച്ച് ഞങ്ങൾ വിവാഹിതരായി. എന്റെയൊപ്പം യുകെയിലേക്ക് വരുന്നതുവരെ എല്ലാം സാധാരണപോലെയായിരുന്നു. ആഴ്ചകൾ കടന്നുപോകെ അയാളുടെ സ്വഭാവത്തില്‍ മാറ്റങ്ങൾ കണ്ടുതുടങ്ങി. അയാൾ ആവശ്യപ്പെടുമ്പോഴൊക്കെ ലൈംഗിക ബന്ധത്തിന് തയാറാകണം. സമ്മതിച്ചില്ലെങ്കിൽ ബലമായി മാനഭംഗം ചെയ്യും. ഏകദേശം മൂന്നുവർഷക്കാലം അതു തുടർന്നു. എല്ലാ ആഴ്ചയിലും അയാൾ ബലപ്രയോഗത്തിലൂടെ എന്നെ കീഴടക്കും.

''ഈ പീഡനത്തിനിടയിൽ ഞാൻ ഗർഭിണിയായി. കുഞ്ഞുണ്ടായാൽ അയാളുടെ സ്വഭാവത്തിൽ മാറ്റം വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ഒരിക്കൽ കൂട്ടുകാരുമായി മദ്യപിച്ച് ലക്കുകെട്ടെത്തിയ ദിവസം അയാൾ എന്ന‌െ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു.  കുഞ്ഞിനൊപ്പമായതിനാൽ ഞാൻ വിസമ്മതിച്ചു.  പുലർച്ചെ 2 മണി ആയിക്കാണും. കുഞ്ഞുമായിരുന്ന എന്റെ അരികിലെത്തി എന്നെ വലിച്ചു താഴെയിട്ടു. എന്റെ ചെവി അടിച്ചുപൊട്ടിച്ച ശേഷം   അയാൾ എന്നെ മാനഭംഗം ചെയ്തു. 2012 ൽ ആയിരുന്നു ആ സംഭവം.

''ഇതൊന്നും ആരോടും പറഞ്ഞിരുന്നില്ല, അയാളെ പേടിയായിരുന്നു എനിക്ക്. പിറ്റേന്ന് പതിവു പോലെ ഞാൻ ജോലിക്കുപോയി. ശരീരത്തിലെ പാടുകൾ കണ്ട് സഹപ്രവർത്തക കാര്യം തിരക്കി. ആദ്യം ഒന്നും പറഞ്ഞില്ല. പക്ഷേ അവൾ നിർബന്ധിച്ചപ്പോൾ ഞാൻ സംഭവിച്ചതെല്ലാം തുറന്നുപറഞ്ഞു  ഗാർഹിക പീഡനം എന്ന രീതിയിലാണ് ഞാൻ ഇക്കാര്യങ്ങൾ അവതരിപ്പിച്ചത്. അവളുടെ മറുപടി ഇങ്ങനെയായിരുന്നു: 'സോയി അതിന്റെ പേരാണ് മാനഭംഗം' . ഗാർഹിക പീഡനം മാത്രമല്ല വിവാഹശേഷമുള്ള മാനഭംഗവും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാൻ അന്നാണ് മനസ്സിലാക്കിയത്.

''എത്രകൊടിയ പീഡനത്തിനാണ് എഡിസൺ എന്നെ ഇരയാക്കിയിരുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. അപ്പോൾ മാത്രമാണ് ആ വിവാഹം ഒരു കെണിയാണെന്നും അതിൽ നിന്നും പുറത്തു കടക്കണമെന്നും ഞാൻ ആഗ്രഹിച്ചത്. വിവാഹമോചനം വേണമെന്ന് എഡിസണോട് പറഞ്ഞപ്പോഴൊക്കെ അയാൾ കരഞ്ഞുകൊണ്ട് എന്റെ കാലുപിടിച്ചു. എന്റെ തീരുമാനത്തിൽ മാറ്റം വരാൻവേണ്ടി അയാളുടെ മോശം സ്വഭാവങ്ങളൊക്കെ മാറ്റാമെന്ന് അയാൾ ഉറപ്പു നൽകി.

''പക്ഷേ അയാൾ ഒരിക്കലും നേരയാവില്ലെന്നുറപ്പായപ്പോൾ 2015 ൽ വിവാഹമോചനത്തിനായി ശ്രമിച്ചു. ഫോൺകോളുകളായും മെസേജുകളായും ഭീഷണികൾ ഒരുപാടെത്തി. ഒരിയ്ക്കൽ ഒരു സുഹൃത്ത് എന്നെ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞു. അയാളും ഞാനും വീടുവരെ നടന്നു. അയാളെ വീട്ടിലേക്ക് ക്ഷണിക്കുകയും അയാൾക്കു കുടിക്കാനായി എന്തെങ്കിലും എടുക്കാനായി അടുക്കളയിലേക്ക് പോയപ്പോഴാണ് വീടിന്റെ മുൻവാതിലിൽ അതിശക്തമായ ശബ്ദം കേട്ടത്. ഉടൻ തന്നെ സുഹൃത്തിനോട് പൊലീസിനെ വിളിക്കാൻ പറഞ്ഞു അപ്പോഴേക്കും വാതിൽ തകർത്ത് അകത്തെത്തിയ എഡിസൺ എന്നെയും സുഹൃത്തിനെയും ഉപദ്രവിക്കാൻ തുടങ്ങി. സുഹൃത്തിനെ ഉപദ്രവിക്കുന്നതിൽ നിന്ന് എഡിസനെ തടയാൻ ശ്രമിച്ച എന്റെ തലയിൽ അയാൾ ശക്തിയായി പ്രഹരിച്ചു. അയാൾ എന്നെ കൊല്ലുമെന്നു തന്നെ ഞാൻ ഉറപ്പിച്ചു. പക്ഷേ അപ്പോഴേക്കും പൊലീസെത്തി അയാളെ അറസ്റ്റ് ചെയ്തു.

''തലയിൽ 12 സ്റ്റിച്ചുണ്ടായിരുന്നു.  ആശുപത്രിയിൽ ഞാൻ സുഖംപ്രാപിച്ചു വരുന്ന സമയത്ത് അയാൾ ജയിലിലായിക്കഴിഞ്ഞിരുന്നു. എട്ടരവർഷമാണ് അയാളുടെ ശിക്ഷാകാലാവധി. ഞാൻ തകർന്നുപോയി എന്ന തോന്നലിലായിരിക്കും അയാൾ ജയിലിലേക്ക് പോയത്. പക്ഷേ അയാളുടെ പീഡനങ്ങൾ എന്നെ കൂടുതൽ കരുത്തയാക്കി. ഞാൻ കൗൺസിലിങ് പഠിച്ചു. ഇപ്പോൾ ഞാനൊരു ലൈഫ് കോച്ച് ആണ്. എന്നെപ്പോലെ ക്രൂരപീഡനങ്ങൾക്കിരയായവർക്ക് കൗൺസിലിങ് നൽകി അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരികയാണ് ഞാനിപ്പോൾ. ജീവിതത്തിലെ നെഗറ്റീവ് അനുഭവങ്ങളിൽ തളരാതെ മറ്റുള്ളവരുടെ ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്ക്കുകയാണ് ഞാനിപ്പോൾ''- സോയി പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE