'കേറി വാടാ മോനേ'; ഉടമ വിളിച്ചപ്പോൾ അനുസരണയോടെ ആന കയറി; ആശങ്ക ഒഴിഞ്ഞു

kalamassery-elephant-09
SHARE

പാപ്പാന്മാരെ അനുസരിക്കാതെ രണ്ടരമണിക്കൂർ പെരിയാറിൽ നീന്തിക്കളിച്ച വിനോദ് എന്ന കൊമ്പനാന ഒടുവിൽ ഉടമയ്ക്ക് മുന്നിൽ മുട്ടുമടക്കി. 'കേറി വാടാ മോനേ, നാണക്കേട് ഉണ്ടാക്കല്ലേ, നാട്ടുകാരെക്കൊണ്ട് പറയിക്കല്ലേ''-ഉടമയുടെ ശബ്ദം തിരിച്ചറിഞ്ഞ വിനോദ് നിമിഷങ്ങൾക്കകം കരയിലേക്ക് കയറിവന്നു. 

കളമശേരിയിലാണ് സംഭവം. ഞായറാഴ്ച രാത്രി 10.30ന് എലൂർ നാറാണത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിളക്കിനെഴുന്നള്ളിപ്പിനു ശേഷം പറമ്പിൽ തളയ്ക്കുന്നതിനിടയിൽ പാപ്പാൻമാരുടെ നിർദേശങ്ങൾ അനുസരിക്കാതെ ആന വേഗത്തിൽ നടന്നു. 

രണ്ടര കിലോമീറ്ററോളം നടന്ന ആന പാതാളത്തെത്തിയപ്പോൾ പള്ളിക്കര റോഡിലേക്കു തിരിഞ്ഞ് പെരിയാറിലേക്ക് ഇറങ്ങി. പുഴയിൽ നീന്തിക്കുളിച്ചുകൊണ്ടിരുന്ന ആനയെ പഴക്കുല കാണിച്ചും ഓലമടൽ എറിഞ്ഞുകൊടുത്തും അനുനയിപ്പിക്കാൻ പാപ്പാൻമാർ ഏറെ നേരം ശ്രമിച്ചുവെങ്കിലും പിണക്കം മാറിയില്ല,  കരയ്ക്കു കയറിയതുമില്ല. മയക്കുവെടി വയ്ക്കാൻ വിദഗ്ധനെ കൊണ്ടുവരാൻ പൊലീസ് തയാറായെങ്കിലും പാപ്പാൻമാർ സമ്മതിച്ചില്ല. ആന കുഴപ്പങ്ങളൊന്നും ഉണ്ടാക്കില്ലെന്ന് അവർക്കുറപ്പായിരുന്നു. തടിച്ചുകൂടിയ നാട്ടുകാർക്കും ആശങ്കയായി. 

വിവരമറിഞ്ഞ് ഉടമ പാലാ മഞ്ഞക്കടമ്പ്  ഷാജി എത്തുകയായിരുന്നു. ഷാജിയുടെ സ്നേഹത്തോടെയുള്ള വിളികേട്ടതും ആന കരയ്ക്കുകയറി. ഷാജി നൽകിയ പഴവും കഴിച്ച് അനുസരണയോടെ നിന്നു. കണ്ടുനിന്നവർക്കെല്ലാം കൗതുക കാഴ്ചയായിരുന്നു അത്. 

MORE IN SPOTLIGHT
SHOW MORE