‘മകനേ മാപ്പ്’; തൊഴുകൈയ്യോടെ ഇൗ മനുഷ്യൻ; ഫോട്ടോയെടുത്ത് വേറെ ചിലർ; രോഷം

kid-death-mobile
SHARE

‘ഇയാളാരെന്ന് അറിയില്ല..എങ്കിലും ചേട്ടാ..നിങ്ങൾ കേരളത്തിന്റെ മനസാണ്.. നിങ്ങളുടെ ഇൗ കൂപ്പുകൈ..’ ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ ആരോ പങ്കുവച്ച ഇൗ ചിത്രത്തിന് താഴെ ലഭിക്കുന്ന കമന്റുകളിലൊന്നാണിത്. അതേ സമയം മറ്റുചിലരാകട്ടെ കുട്ടിയുടെ ചിത്രം മൊബൈലിൽ പകർത്തുകയായിരുന്നു. ഇതിനെതിരെ വിമർശനങ്ങളും രോഷവും പുകയുകയാണ് സമൂഹമാധ്യമങ്ങളിൽ.  തൊടുപുഴയിൽ കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ മൃതദേഹത്തിന് ആദരാഞ്ജലി അർപ്പിക്കുന്ന ചിത്രമാണിത്.  എന്നാൽ അക്കൂട്ടത്തിൽ നിറകണ്ണുകളോടെ കൈകൂപ്പി ആ കുഞ്ഞിന് ആദരമർപ്പിക്കുകയാണ് ഇൗ മനുഷ്യൻ. ‘മകനെ മാപ്പ്’ എന്ന് കേരളം മണിക്കൂറുകളായി ഏറ്റുപറയുന്നതിന് അടിവരയിടുന്നു ഇൗ മനുഷ്യൻ. 

നടുക്കുന്ന പോസ്മോർ‌ട്ടം റിപ്പോർട്ട്

തൊടുപുഴയിൽ ഏഴു വയസുകാരന്‍റെ മരണത്തിന് ഇടയാക്കിയത് തലയ്ക്കും വാരിയെല്ലിനുമേറ്റ ഗുരുതര പരുക്കുകളെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ക്രൂരമര്‍ദനത്തില്‍ കുട്ടിയുടെ തലയോട്ടി പിളർന്നതിന് പുറമെ വലതു വാരിയെല്ല് ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. ശരീരത്തിൽ മുപ്പതിലേറെ ഭാഗത്ത് ആഴത്തിലുള്ള ചതവുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.

കുട്ടിയുടെ തലയുടെ ഇടത് വലത് ഭാഗങ്ങളിലും പിന്നിലും ആഴത്തിൽ ക്ഷതമുണ്ടായിട്ടുണ്ട്. ശക്തിയിൽ എടുത്ത് എറിയുകയോ തല ഭിത്തിയിൽ പലവട്ടം ഇടിച്ചപ്പോളോ ഉണ്ടായതാകാം മുറിവുകളെന്നാണ് നിഗമനം. വലതു വാരിയെല്ല് ഒടിഞ്ഞു തൂങ്ങിയതും ഈരീതിയിലുള്ള ആക്രമണത്തിലാണ്. ഇടതു വൃഷണം ചതഞ്ഞ നിലയിലാണ് ഇവിടെ ചവിട്ടുകയോ ഞെരിക്കുകയോ ചെയ്തിട്ടുണ്ടാകാം. ഇതിന് പുറമെ മുഖത്തും കൈകളിലും കാലുകളിലും നിരവധി ക്ഷതങ്ങളുണ്ട്. തൂക്കിയെടുത്തതിന്റെയും എടുത്തെറിഞ്ഞതിന്‍റെയും സൂചനകളിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ശരീരത്തിലുടനീളം ഉണങ്ങിയ നിരവധി മുറിവുകള്‍ കണ്ടെത്തി. സ്ഥിരമായി കുട്ടിക്ക് മർദ്ദനം ഏറ്റിരുന്നുവെന്ന് ഈ മുറിവുകളിലൂടെ വ്യക്തമാക്കുന്നു. ആന്തരിക അവയവങ്ങളും വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. രഞ്ജു രവീന്ദ്രൻ, അസിസ്റ്റന്റ് പ്രഫസർ ഡോ. സന്തോഷ് ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമണ് കുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

MORE IN SPOTLIGHT
SHOW MORE