'ഡൗൺ സിൻഡ്രോമുള്ള കുഞ്ഞിനെ എന്തിന് ദത്തെടുത്തു'; കണ്ണുനിറച്ച് അമ്മയുടെ മറുപടി

child-down-syndrome-06
SHARE

കുഞ്ഞുങ്ങളെ ദത്തെടുത്തിട്ടുള്ള നിരവധി മാതാപിതാക്കൾ നമുക്കിടയിലുണ്ട്. എന്നാൽ ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ ദത്തെടുത്ത എത്ര പേരെ നമുക്കറിയാം? കവിതയും ഹിമാൻശുവും വ്യത്യസ്തരാകുന്നത് അങ്ങനെയാണ്. വേദ എന്ന മൂന്നുവയസ്സുകാരി അവർക്ക് ദത്തെടുത്ത മകളല്ല, സ്വന്തം മകൾ തന്നെയാണ്. 

വിവാഹശേഷം കുട്ടികളുണ്ടാകാതിരുന്നതോടെയാണ് കവിതയും ഹിമാൻശുവും കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. അമേരിക്കയിലായിരുന്ന സമയത്ത് ഡൗൺ സിൻഡ്രോം എന്ന അവസ്ഥയിലുള്ള ഒരുപാട് കുഞ്ഞുക്കളെ അവർ കണ്ടിട്ടുണ്ടായിരുന്നു. പക്ഷേ ഇന്ത്യയിൽ അങ്ങനെയുള്ള കുഞ്ഞുങ്ങളെ പുറത്തേക്ക് കാണാനില്ലായിരുന്നു. അങ്ങനെയാണ് രണ്ടുപേരും ഡൗൺ സിൻഡ്രോം ഉള്ള കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്. 

ദത്തെടുക്കുന്ന സമയത്ത് അവര്‍ അമേരിക്കയിലായിരുന്നു. അമേരിക്കയിൽ തന്നെ നില്‍ക്കണോ അതോ ഇന്ത്യയിലേക്ക് തിരികെ വരണോ എന്നായി അടുത്ത ചിന്ത. ഒടുവിൽ അവര്‍ ഇന്ത്യയിലേക്ക് മടങ്ങി. മാര്‍ച്ച് 2017 -ലായിരുന്നു ഇത്.  ഏപ്രിലോടുകൂടി ഫോര്‍മാലിറ്റിയൊക്കെ പൂര്‍ത്തിയായി. 2017 മെയ് മാസത്തില്‍ അവര്‍ വേദയെ തങ്ങള്‍ക്കൊപ്പം കൂട്ടി. സാധാരണ, ദത്തെടുക്കല്‍ പ്രക്രിയ രണ്ടോ മൂന്നോ വര്‍ഷം വരെ നീണ്ടുപോയേക്കാം. പക്ഷെ, അപേക്ഷിച്ച് 45 ദിവസത്തിനകം വേദയെ കൂടെ കൂട്ടാനുള്ള അനുമതി കിട്ടി.

വേദയ്ക്ക് മൂന്ന് വയസ്സായി. എങ്കിലും കണ്ടാല്‍ ഒരു ഒമ്പത് മാസത്തില്‍ കൂടുതല്‍ പ്രായം തോന്നില്ലായിരുന്നു. ഒരു ഫിസിക്കല്‍ തെറാപ്പി സെഷന് ശേഷം ഒരു ടാക്സി വിളിച്ച് വീട്ടിലേക്ക് തിരികെ വരികയായിരുന്നു കവിതയും വേദയും. സന്ദീപ് കുമാറെന്ന ഒരാളായിരുന്നു ടാക്സിയുടെ ഡ്രൈവര്‍. അയാള്‍ അദ്ഭുതത്തോടെ വേദയെ നോക്കി ചോദിച്ചു, 'ഇത്ര ചെറുപ്രായത്തിൽ എന്തിനാണ് കുഞ്ഞ് കണ്ണട വച്ചത്' എന്ന്. കവിതയുടെ മറുപടി ഇതായിരുന്നു, 'കണ്ണട വെക്കാന്‍ കഴിയുന്നതിനാണ് നന്ദി പറയുന്നത്. കാരണം അതുകൊണ്ട് അവള്‍ക്ക് കാഴ്ചകളെല്ലാം നന്നായി കാണാനാകുന്നൂ'വെന്ന്.

ആ സംഭാഷണം അവിടെ അവസാനിച്ചില്ല. താന്‍ വേദയെ ദത്തെടുത്തതാണ് എന്നുകൂടി കവിത പറഞ്ഞു. അത് ഡ്രൈവറെ അദ്ഭുതപ്പെടുത്തി. എന്തുകൊണ്ടാണ് വേദയെപ്പോലെ ഒരു കുഞ്ഞിനെ ദത്തെടുത്തത് എന്നതായി അയാളുടെ പിന്നത്തെ സംശയം. മാത്രവുമല്ല, എതെങ്കിലും എന്‍ ജി ഒയ്ക്ക് കുറച്ച് പണം നല്‍കിയാല്‍ അവര്‍ വേദയുടെ കാര്യം നോക്കുമല്ലോ എന്നുകൂടി ഡ്രൈവര്‍ പറഞ്ഞു. 'നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെ അങ്ങനെ നോക്കാനായി വല്ലോര്‍ക്കും കൊടുക്കുമോ' എന്നായിരുന്നു കവിതയുടെ ചോദ്യം. അത് അയാളെ സ്പര്‍ശിച്ചു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. സംഭാഷണം നിര്‍ത്തി ഇറങ്ങാറായപ്പോഴേക്കും അയാള്‍ കരഞ്ഞു തുടങ്ങിയിരുന്നു.

അയാള്‍ കവിതയോട് പറഞ്ഞു, ഒരുനാള്‍ വേദ കാരണം നിങ്ങള്‍ അഭിമാനിക്കുന്ന നിമിഷം വരുമെന്ന്. മാത്രവുമല്ല വേദയ്ക്ക് ചോക്ലേറ്റ് വാങ്ങി നല്‍കുന്നതിനായി അവളുടെ കയ്യില്‍ കുറച്ച് പൈസയും നല്‍കി. ഡ്രൈവറുടെ അത്തരമൊരു മാറ്റം അവള്‍ പ്രതീക്ഷിച്ചേയില്ലായിരുന്നു.

അയാള്‍ പറഞ്ഞു, ഒരു ഡ്രൈവറെന്ന നിലയിലുള്ള അയാളുടെ ജീവിതത്തില്‍ ഇങ്ങനെ ഒരു കുഞ്ഞിനെയോ, രക്ഷിതാക്കളെയോ അവര്‍ കണ്ടിട്ടേ ഇല്ലായിരുന്നുവെന്ന്. പലരും വേദയെ കാണുമ്പോള്‍ തുറിച്ച് നോക്കാറുണ്ട്. ആ ഡ്രൈവര്‍ അത് തുറന്നു ചോദിക്കാനുള്ള മനസ്സ് കാണിച്ചു എന്നത് തന്നെയാണ് വലിയ കാര്യം കവിത പറയുന്നു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.