അവനോടി നടന്ന മുറ്റം; സ്കൂൾ ബാഗ്, ചെരുപ്പ്; നെഞ്ച് പിടയുന്നു; കാമറാമാൻ പറയുന്നു

thodupuzha-murder-cameraman
SHARE

നടുക്കത്തോടെയാണ് തൊടുപുഴയിലെ ഏഴുവയസ്സുകാരന്റെ മരണവാർത്ത കേരളം കേട്ടത്. അസ്വസ്ഥതയോടെയല്ലാതെ ആ കുഞ്ഞിനെപ്പറ്റി ഓർക്കാനും കേൾക്കാനും കഴിയാത്ത അവസ്ഥ. അത്യാസന്നനിലയിൽ ഒരാഴ്ച വെന്റിലേറ്ററിൽ കഴിഞ്ഞ ശേഷമാണ് ആ കുരുന്ന് മരണത്തിന് കീഴടങ്ങിയത്. കൊടുംക്രൂരതയും പൂർണചിത്രവുമായി 'മകനേ മാപ്പ്' എന്ന പരിപാടി മനോരമ ന്യൂസ് സംപ്രേഷണം ചെയ്തിരുന്നു. കൊടുംപീഡനം നടന്ന കുമാരമംഗത്തെ വീട്ടിലെ ദൃശ്യങ്ങള്‍ പകർത്തിയ കാമറാമാൻ മഹേഷ് പോലൂർ എഴുതുന്നു..

ചില കാഴ്ചകൾ ഇങ്ങനെയാണ്, വ്യൂ ഫൈൻഡറിൽ കണ്ണീരുവീഴാതെ ഷൂട്ട് ചെയ്യാനാവില്ല. മൂന്നു ദിവസം മുൻപാണ് കൊടും ക്രൂരത നടന്ന തൊടുപുഴ കുമാരമംഗലത്തെ വീട്ടിലേക്ക് പോയത്. പ്രോഗ്രാം പ്രൊഡ്യൂസർ അഭിലാഷ് പി ജോണും, ഇടുക്കി റിപ്പോർട്ടർ റെയ്സൺ കുര്യാക്കോസും, ക്യാമറാമാൻ പി.ടി മധുവും ഒപ്പം  ഉണ്ടായിരുന്നു. രണ്ടു നില വീടിന്റെ ചുറ്റും നടന്ന് റെയ്സൺ ഞങ്ങൾക്ക് കാര്യങ്ങൾ വിവരിച്ചു തന്നു. വീടിന്റെ മുൻഭാഗത്ത് കുഞ്ഞുങ്ങളുടെ ഷൂസുകൾ കിടപ്പുണ്ടായിരുന്നു. കൂട്ടത്തിൽ വലിയ ഷൂസ് കണ്ടപ്പോൾ തന്നെ നെഞ്ചൊന്നു പിടഞ്ഞതാണ്. 

അയൽവാസി വന്ന് കാര്യങ്ങൾ കൃത്യമായി വിവരിച്ചതുമുതൽ കൊടും ക്രൂരതയുടെ ചീളുകൾ മനസ്സിൽ തറയ്ക്കുന്നുണ്ടായിരുന്നു. ക്യാമറയെടുത്ത് ഷൂട്ട് തുടങ്ങി, ആ കുരുന്ന് ഓടി നടന്ന മുറ്റത്ത് അവനേറ്റ വേദനങ്ങൾ ഓരോന്നായി അഭിലാഷ് പറയുന്നുണ്ടായിരുന്നു. പറഞ്ഞ് പറഞ്ഞ് ഞങ്ങൾ വീടിന്റെ പുറക് വശത്തെത്തി. തുറന്ന് കിടക്കുന്ന ജനാലകൾക്കുള്ളിലൂടെ അകത്തേക്ക് നോക്കി. സ്കൂളിൽ നിന്ന് കൊണ്ടുവന്ന ബാഗ്, ആ കുഞ്ഞുങ്ങളുടെ കളിപ്പാട്ടങ്ങൾ, ചെരുപ്പ് എല്ലാം കാണാം, അതിനു മുകളിൽ ആ കുഞ്ഞിനെ ഇല്ലാതാക്കിയ അരുൺ ആനന്ദിന്റെ  ഷർട്ട് തൂങ്ങി കിടപ്പുണ്ടായിരുന്നു.

വീടിനകം ക്യാമറയിൽ പതിപ്പിക്കുമ്പോഴാണ് ജനലരികിൽ രണ്ട് കാഴ്ചകൾ കണ്ടത്. എപ്പോൾ വേണമെങ്കിലും തകരാവുന്ന ഒരു സ്വപ്നം നെയ്തെടുക്കുന്ന ചിലന്തി. അതിനു താഴെ തന്റെ സ്വപ്നങ്ങൾ മുഴുവൻ വരച്ചു വച്ച ആ കുരുന്നിന്റെ പുസ്തകം. തെല്ലൊന്നുമല്ലാത്ത സങ്കടത്തോടെയാണ് അവന്റെ പുസ്തകം ഞങ്ങൾ തുറന്നത്. നിറയെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. പൂമ്പാറ്റങ്ങൾ, വീട് ,കുഞ്ഞനുജൻ എല്ലാം.... എല്ലാമുണ്ട് അവന്റെ കുഞ്ഞു പുസ്തകത്തിൽ. ഹൃദയം നുറുങ്ങുന്ന വേദനയോടെ പറയട്ടെ... അവൻ ഒരുപാട് പേജുകളിലായി  വരച്ച ആ വലിയ മനുഷ്യന്റെ മുഖങ്ങളിലെല്ലാം കണ്ണടയുണ്ടായിരുന്നു. ആരാണ് ആ കണ്ണട വെച്ച മനുഷ്യൻ? ഞാൻ അഭിലാഷിനെ നോക്കി.. ആ കുരുന്നിന്റെ സ്വപ്നങ്ങളിൽ, ചിന്തകളിൽ, കൈവിരൽ തുമ്പിലൂടെ ഊർന്നിറങ്ങിയ പെയിന്റുകളിൽ എല്ലാം അവന്റെ അച്ഛനായിരുന്നു. കണ്ട് കൊതിതീരും മുൻപേ, ലാളനകൾ ഏറ്റുവാങ്ങി അച്ഛന്റെ നെഞ്ചിൽ കിടന്ന ചൂടുമാറും മുൻപേ അച്ഛൻ പോയതിന്റെ സങ്കടം അവന്റെ നെഞ്ചിൽ ഉണ്ടായിരുന്നു എന്നു വ്യക്തം.

ആ വീട്ടിൽ കൊടിയ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും അന്ന് ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിച്ച് ആ ക്രൂരൻ മർദ്ദിക്കുമ്പോഴും അവന് അച്ഛനെ കാണാൻ തോന്നിക്കാണും. അച്ഛനുണ്ടായിരുന്നെങ്കിൽ എന്നു കൊതിച്ചു കാണും ആ കുരുന്ന്. അവന്റെ സ്വപ്നങ്ങൾ, അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ. എല്ലാം വരച്ച അവന്റെ കുഞ്ഞു ഹൃദയപുസ്തകം തിരികെ വച്ചപ്പോഴും. കൊലപാതകിയുടെ ഷർട്ടിന്റെ നിഴൽ പോലും അതിനു മുകളിൽ പതിയരുത് എന്നാഗ്രഹിച്ചാണ് അന്ന് കുമാരമംഗലത്തെ വീട്ടിൽ നിന്നും മടങ്ങിയത്. ഇന്നിപ്പോൾ ഈ കുറിപ്പെഴുതുമ്പോൾ അവനില്ല. അവൻ കണ്ട് കാണുമായിരിക്കും അവന്റെ പുസ്തകം നിറയെയുള്ള കണ്ണടയിട്ട ആ മനുഷ്യനെ... അവന്റെ സ്നേഹമുള്ള അച്ഛനെ.

MORE IN SPOTLIGHT
SHOW MORE