പരീക്ഷയ്ക്കു പോയത് കുതിരപ്പുറത്ത്; മാളയിലെ പത്താം ക്ലാസുകാരി താരം; വിഡിയോ

krishna-horse2
SHARE

മാള, പുത്തന്‍വേലിക്കര റോഡുകളിലൂടെ കൊച്ചു പെണ്‍കുട്ടി കുതിരപ്പുറത്ത് പോകുന്നത് കാണാം. എല്ലാവരും ആകാംക്ഷയോട് അത് നോക്കി നില്‍ക്കാറുണ്ട്. വളരെ സമര്‍ഥമായി കുതിര സവാരി നടത്തുന്ന ആ പെണ്‍കുട്ടി ആരാണെന്ന് മാളക്കാര്‍ എല്ലാവരും അന്വേഷിച്ചു. നാരായണത്ത് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരി അജയ് കാലിന്ദിയുടെ മകള്‍ സി.എ.കൃഷ്ണയായിരുന്നു അത്. മാള ഹോളിഗ്രേസ് സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനി. പത്താം ക്ലാസിലെ അവസാന പരീക്ഷയ്ക്കു മറ്റു കുട്ടികള്‍ പതിവുപോലെ സ്കൂള്‍ ബസില്‍ പോയപ്പോള്‍ കൃഷ്ണയുടെ പോക്ക് കുതിരപ്പുറത്തായിരുന്നു. ഒന്നാന്തരം ആണ്‍കുതിരയുടെ പുറത്ത്. റാണാ കൃഷ് എന്നു പേരിട്ട ആ കുതിരയുടെ പുറത്ത് മൂന്നര കിലോമീറ്റര്‍ ദൂരം പോയാണ് സ്കൂളില്‍ എത്തിയതും പരീക്ഷ എഴുതിയതും.

എങ്ങനെ കിട്ടി ഈ കുതിര കമ്പം

മാള ഹോളിഗ്രേസ് സ്കൂളില്‍ ഒരു ദിവസം കുതിര സവാരി പഠിപ്പിക്കാന്‍ ആളെത്തി. കുതിരയുടെ പുറത്തു കയറി കുറച്ചു ദൂരം പോയപ്പോള്‍ ഇതു കൊള്ളാമല്ലോ സംഗതിയെന്ന് കൃഷ്ണയ്ക്കു തോന്നി. കുതിര സവാരി പരിശീലിക്കാന്‍ തുടങ്ങി. വീട്ടില്‍ പറഞ്ഞപ്പോള്‍ അച്ഛന്‍റെ കട്ടസപ്പോര്‍ട്ട്. അച്ഛന്‍ അജയിയുടേയും അമ്മ ഇന്ദുവിന്റേയും ഏകമകളാണ് കൃഷ്ണ. കുതിരപ്പുറത്തു കയറാന്‍ കുട്ടികള്‍ വാശി പിടിക്കുമ്പോള്‍ ഏതൊരു അച്ഛന്റേയും അമ്മയുടേയും നെഞ്ചു പിടിയ്ക്കും. ആ പേടിയെല്ലാം മനസില്‍ ഒളിപ്പിച്ച് മകളുടെ ഇഷ്ടത്തിന് കൂട്ടുനിന്നു. പരിശീലകര്‍ കൃഷ്ണയുടെ പ്രകടനം സൂപ്പറാണെന്ന് പറഞ്ഞതോടെ അച്ഛന്‍ ഒരു കാര്യം തീരുമാനിച്ചു. മകള്‍ക്ക് ഒരു കുതിരയെ വാങ്ങി നല്‍കണം. ബംഗ്ലുരൂവില്‍ നിന്ന് ഒരു കുതിരയെ വാങ്ങി നല്‍കി. ജാന്‍സി റാണി അങ്ങനെ കൃഷ്ണയുടെ വീട്ടില്‍ എത്തി.

പാല്‍ വാങ്ങാനും കുതിരപ്പുറത്ത്

കടയില്‍ നിന്ന് എന്തെങ്കിലും സാധനം വാങ്ങാന്‍ മകളോട് പറഞ്ഞാല്‍. കൃഷ്ണ കടയിലേക്ക് പോകുന്നത് കുതിരപ്പുറത്താണ്. രാവിലെയും വൈകിട്ടും കുതിരപ്പുറത്ത് നാട്ടില്‍ കറങ്ങും. കുട്ടികളെ പരിശീലിപ്പിക്കും. മാളയില്‍ അങ്ങനെ കുതിരക്കമ്പം പരത്താന്‍ കൃഷ്ണയുടെ കുതിര സവാരിക്കൊണ്ട് കഴിഞ്ഞു. ആദ്യം വാങ്ങിയ കുതിരയെ അച്ഛന്‍ വിറ്റു. പകരം രണ്ടു കുതിരകളെ വാങ്ങി. ഒരാണും പെണ്ണും. റാണാ കൃഷ്, ജാന്‍വി. ആണ്‍ കുതിരകള്‍ക്ക് പുറത്തുള്ള സവാരി ഏറെ ബുദ്ധിമുട്ടാണെന്ന് പരിശീലകര്‍ പറയും. പക്ഷേ, കൃഷ്ണയ്ക്ക് അതൊന്നും ഒരു പ്രശ്നമല്ല. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ പോയതും ഈ ആണ്‍കുതിരയുടെ പുറത്താണ്. 

കുതിരയോട്ടത്തില്‍ പങ്കെടുക്കണം

കുതിരയോട്ട മല്‍സരങ്ങളെക്കുറിച്ച് ഇനി പഠിക്കണം. അതാണ് കൃഷ്ണയുടെ സ്വപ്നം. പിന്നെ, കുതിര സവാരി സംബന്ധിച്ച് വിദേശ രാജ്യങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളും കാണണം. ഒരുപാട് സ്വപ്നങ്ങളുണ്ട് പ്രാവര്‍ത്തികമാക്കാന്‍. പരീക്ഷയ്ക്കു കുതിരപ്പുറത്ത് പോയപ്പോള്‍ അത് മൊബൈലില്‍ വീഡിയോയില്‍ പകര്‍ത്തിയത് പരിശീലകരായിരുന്നു. ഇതു നവമാധ്യമങ്ങളില്‍ വൈറലായതോടെ കൃഷ്ണയുെട െപരുമ മാളയും കടന്ന് ലോകമൊട്ടാകെ അറിഞ്ഞു. കൃഷ്ണയെ പരിചയപ്പെടാനും അറിയാനും നിരവധി പേരാണ് വിവരങ്ങൾ തിരക്കുന്നത്. ‘‘ആനയും കുതിരയും എല്ലാം ഇഷ്ടപ്പെട്ട മൃഗങ്ങളായിരുന്നു. അവയുടെ പുറത്തു കയാറാന്‍ മറ്റു കുട്ടികളെപ്പോലെതന്നെ എനിക്കും വലിയ ആഗ്രഹമായിരുന്നു. ആ ഇഷ്ടമാണ് ഈ നിലയില്‍ എത്തിച്ചത്’’. മനോരമ ന്യൂസിനോട് കൃഷ്ണ മനസ് തുറന്നു. 

കുതിരകമ്പം മാത്രമല്ല, സംഗീതവും

കുതിരയില്‍ മാത്രമല്ല കൃഷ്ണയ്ക്കു കമ്പം. സംഗീതത്തിലും ശോഭിക്കണമെന്നാണ് സ്വപ്നം. നല്ല ഡ്രമ്മര്‍ ആകണമെന്നും ആഗ്രഹമുണ്ട്. ഇടയ്ക്കയും പഠിക്കുന്നുണ്ട്. ഇടയ്ക്കയില്‍ അരങ്ങേറ്റം ഉടനുണ്ടാകും. കുതിരക്കമ്പം പോലെതന്നെ സംഗീത പരിശീലനവും വലിയ സ്വപ്നമുണ്ട്. അവധിക്കാലത്ത് വിശ്രമമില്ല. കുതിര സവാരി പരിശീലകയാണ്. ഒപ്പം, സംഗീത ക്ലാസുകളിലും സജീവമാകണം. 

MORE IN SPOTLIGHT
SHOW MORE