കാട്ടാന വീടിനകത്ത്; അമ്മയും മകനും 4 മണിക്കൂർ തീ തിന്നു

elephant-at-home
SHARE

മറയൂരിൽ അടുക്കള വാതിലിലൂടെ അകത്തുകടന്ന കാട്ടാന അമ്മയെയും മകനെയും മുൾമുനയിൽ നിർത്തിയതു 4 മണിക്കൂർ. കീഴാന്തൂർ സ്വദേശി പിറൈസൂഡി പിത്തന്റെ ഭാര്യ സെൽവറാണി, മകൻ അജയ് എന്നിവരാണ് വീടിനുള്ളിൽ എത്തിയ കാട്ടാനയുടെ പിടിയിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗൃഹനാഥൻ സ്ഥലത്തില്ലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടരയോടെ വീട്ടുമുറ്റത്തെത്തിയ ഒറ്റയാൻ അടുക്കള വാതിൽ തകർത്ത്  കാലിത്തീറ്റ അകത്താക്കി. ഈ സമയം തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയിരുന്ന സെൽവറാണിയും  മകനും വീടിന്റെ തട്ടിൻ പുറത്ത് അഭയം തേടി. 

അടുക്കളയിൽ നിന്നു തിരിഞ്ഞ ഒറ്റയാൻ  മുറിയുടെ ഭിത്തി തകർക്കാൻ ശ്രമിച്ചതായും, വരാന്തയിലെ അഴയിലുണ്ടായിരുന്ന വസ്ത്രങ്ങൾ വലിച്ചിട്ട് ചവിട്ടിക്കീറിയതായും സെൽവറാണി പറഞ്ഞു. തുടർന്നു മുറ്റത്തെ കുളത്തിൽ ഇറങ്ങിയ ആന കയറാൻ പ്രയാസപ്പെടുന്നത് കണ്ട ഇവർ ഒന്നര കിലോമീറ്ററോളം ഇരുട്ടത്ത് കാട്ടിലൂടെ ഓടി വെട്ടുകാട്ടിലെ റിസോർട്ടിൽ അഭയം തേടുകയായിരുന്നു. ഒറ്റയാൻ വീടിന്റെ മേൽക്കൂരയും ഭാഗികമായി തകർത്തു. കീഴാന്തൂർ ഗ്രാമത്തിൽ നിന്നു അൽപം മാറി ഗ്രാന്റീസ്, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലാണ് ഇവരുടെ ഓട് മേഞ്ഞ  വീട്. കാലപ്പഴക്കത്താൽ വീട് ഏറെ ശോച്യാവസ്ഥയിലാണ്. 

വേനലിന്റെ ആരംഭം മുതൽ ഇവിടെ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം ഇവരുടെ തെങ്ങ്, കമുക് തുടങ്ങിയ വിളകൾ പൂർണമായും നശിപ്പിക്കുകയും വെള്ളത്തിനായി സ്ഥാപിച്ചിരുന്ന പൈപ്പുകൾ തകർക്കുകയും ചെയ്തിരുന്നു. കാട്ടാനശല്യം രൂക്ഷമായ ഇവിടെ, കെട്ടുറപ്പില്ലാത്ത വീട്ടിൽ കഴിയുന്നതു ജീവന്   ഭീഷണി ആണെന്നും  പഞ്ചായത്തിൽ ലൈഫ് മിഷൻ പോലുള്ള ഭവന പദ്ധതികളിൽ അപേക്ഷിച്ചിട്ടും നടപടിയുണ്ടായില്ലെന്നും ഇവർ പറയുന്നു.  സുരക്ഷിതമായ ഭവനം നിർമിക്കാനുള്ള സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ഈ കർഷക കുടുംബത്തിന്റെ ആവശ്യം.

MORE IN SPOTLIGHT
SHOW MORE