സീറ്റുകിട്ടാന്‍ ഒരു ലക്ഷത്തിന്റെ പൂജ; അതും പണ്ട് തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്ത കക്ഷി വക..!

pooja-election
പ്രതീകാത്മകചിത്രം
SHARE

ഏതു മന്ത്രവാദി വന്നാലും കോഴിക്കു കിടക്കപ്പൊറുതിയില്ല എന്നു പറയാറുണ്ട്. എന്നാൽ, സ്ഥാനാർഥി മൂലം കിടക്കപ്പൊറുതി ഇല്ലാതായ മന്ത്രവാദിയെക്കുറിച്ച് ആദ്യമായി കേൾക്കുകയാണ്.  സ്ഥാനാർഥിയുടെ 2 സുഹൃത്തുക്കൾ 3 മാസം മുൻപാണു മന്ത്രവാദിയെത്തേടിപ്പോയത്. എല്ലാം കേട്ട മന്ത്രവാദി തൃശൂരിൽത്തന്നെ നമ്മുടെ കക്ഷിയെ സ്ഥാനാർഥിയാക്കാമെന്ന് ഉറപ്പിച്ചു പറഞ്ഞു. അതിനായി ഒരു ലക്ഷത്തോളം രൂപയുടെ പൂജകൾ ചെയ്യണമെന്നു മാത്രം. അവസാനം സുഹൃത്തുക്കൾ സമ്മതിച്ചു. പക്ഷേ, സ്ഥാനാർഥി ഇതിനു വഴങ്ങിയില്ല. പൂജ കഴിക്കുന്നതു നല്ല കാര്യമാണെങ്കിലും കൂട്ടുവരില്ലെന്നായിരുന്നു നിബന്ധന. പൂജ നടന്നു. 

അതോടെ മാറ്റം കണ്ടു തുടങ്ങി. ആദ്യ രണ്ടാഴ്ചകളിൽ നമ്മുടെ കക്ഷിതന്നെയാണു സ്ഥാനാർഥിയെന്ന വാർത്ത പരന്നു. അതോടെ മന്ത്രിവാദിയുടെ തല നാലിഞ്ച് ഉയർന്നു. ‘ഫലം കണ്ടു തുടങ്ങിയില്ലേ’ എന്നദ്ദേഹം സ്ഥാനാർഥിയുടെ സുഹൃത്തുക്കളോടു ചോദിച്ചു. അക്കാര്യത്തിൽ രണ്ടഭിപ്രായമില്ലായിരുന്നു. പെട്ടെന്നാണു കാലാവസ്ഥ മാറിയത്. തൃശൂരിൽ  കക്ഷി സ്ഥാനാർഥിയാകില്ലെന്ന് ഉറപ്പായി. മന്ത്രവാദിയോടു ചോദിച്ചപ്പോൾ, തൃശൂരിലില്ലെങ്കിലും സ്ഥാനാർഥി ആകുമെന്നു തറപ്പിച്ചു പറഞ്ഞു. സുഹൃത്തുക്കൾ ഉടക്കാൻ പോയില്ല. എന്തെല്ലാം പറഞ്ഞാലും ആളു മന്ത്രവാദിയല്ലേ. 

കാലാവസ്ഥ വീണ്ടും മാറി. നമ്മുടെ കക്ഷി എവിടെയും സ്ഥാനാർഥിയാകില്ലെന്ന സൂചന പരന്നു. അതോടെ മന്ത്രവാദിയുടെ ഫോൺ സ്വിച്ച്ഡ് ഓഫ്. നേരിൽ കാണാൻ പോയപ്പോൾ പറയുന്നത് അദ്ദേഹം പൂജയിലാണെന്നാണ്. ഒരു ലക്ഷം രൂപ മുടക്കിയ സുഹൃത്തുക്കൾ സ്വരം മാറ്റിയപ്പോൾ മൂന്നാമൻ വഴി മന്ത്രവാദിയുടെ ഓഫർ വന്നു. പൂജാ സാമഗ്രികളുടെ പണം കഴിച്ചു തിരിച്ചു നൽകാമെന്ന്. ഏതായാലും കെട്ടിവച്ച പണമെങ്കിലും തിരിച്ചു കിട്ടിയെന്ന സന്തോഷത്തിലാണു സുഹൃത്തുക്കൾ. 

ധാരണയുറപ്പിച്ചു പിരിയുന്നതിനു മുൻപു മന്ത്രവാദി ഒരു കാര്യം പറഞ്ഞു, ‘അവസാന പട്ടിക പരിഗണിക്കുമ്പോൾ ഒരു പൂജ കൂടി നടത്തിയിരുന്നെങ്കിൽ കടന്നു കൂടിയേനെ.’ തിരിച്ചുപോരുമ്പോൾ ടാക്സി ഡ്രൈവർ പറഞ്ഞ കാര്യം കേട്ടതോടെ സുഹൃത്തുകൾ ഞെട്ടിപ്പോയി. കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റു കിട്ടാതെപോയ കക്ഷിയാണു മന്ത്രവാദിയെന്ന്.

MORE IN SPOTLIGHT
SHOW MORE