കഥകളിയുടെ രംഗപാഠചരിതത്തിനു ശേഷം ഇതാ പുതിയ അനുഭവ ചരിത്രം: പൗഹാന

mps-namboothiri
SHARE

പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായരാശാന്‍റെ ആറാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കലാമണ്ഡലം കൂത്തമ്പലത്തിൽ നടന്ന ആചാര്യാനുസ്മരണച്ചടങ്ങിൽ ആയിരുന്നു കലാമണ്ഡലം എംപിഎസ് ആശാൻ രചിച്ച 'പൗഹാന' എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം. കലാമണ്ഡലം ഗോപിയാശാൻ, കുഞ്ചു വാസുദേവൻ, ഡോ.ചാത്തനാത്ത് അച്യുതനുണ്ണി, വൈസ് ചാൻസലർ ഡോ.ടി.കെ.നാരായണൻ, രജിസ്ട്രാർ ഡോ.ജയപ്രകാശ് ആർ.കെ, വളളത്തോൾ വാസന്തി മേനോൻ തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുവിന് ശിഷ്യയുടെ ആശംസാക്കുറിപ്പ്. 

ആശാന്‍റെ ഒരുപാട് കാലത്തെ ആഗ്രഹം അങ്ങനെ നിറവേറി. ഒരു മനസ്സും ഇരുദേഹവുമായി കഴിഞ്ഞവരായിരുന്നു സൂപ്രണ്ട് മുത്തശ്ശനും എംപിഎസ് ആശാനും. ആശാന്  ഒരേസമയം ഗുരുവും സഹോദരനും എല്ലാം ആയിരുന്നു മുത്തശ്ശൻ. ഇവരുടെ വിശിഷ്ടമായ കൂട്ടുകെട്ട് ആണ് കേരളചരിത്രത്തിലെ തന്നെ ആദ്യത്തെ 'കഥകളിയുടെ രംഗപാഠചരിത്ര'ത്തിന് നിദാനമായി തീർന്നത്. ആശാന്‍റെ ജീവിതരേഖകൂടിയായ ഈ കൃതി വളരെ വിചിത്രമായ പേരുകൊണ്ടും വ്യത്യസ്തത പുലർത്തുന്നു. 

mps-namboothiri-2

പൗഹാന. കൂട്ടായി ഒരു പ്രവൃത്തി ചെയ്ത ശേഷം വിശ്രമത്തിനിടക്ക് അതേക്കുറിച്ച് വിലയിരുത്തുക എന്നതാണ് പൗഹാന വാക്കിന് അർത്ഥം. ഗുരുനാഥൻമാർ എന്നതിലുപരി എന്‍റെ സ്വകാര്യ അഹങ്കാരം കൂടിയാണ് മുത്തശ്ശനും ആശാനും. കലാലോകത്തിന്‍റെ സൈദ്ധാന്തിക വശങ്ങൾ ഞാൻ അറിഞ്ഞത്  ഇവരിൽ നിന്നും ആയിരുന്നു. ഏറനാടിന്‍റെ മണ്ണിൽ നിന്നും കഥകളിയോടുളള അഭിനിവേശം കൊണ്ട് കലാമണ്ഡലത്തില്‍ എത്തിച്ചേർന്ന വ്യക്തിയാണ് എംപിഎസ് ആശാൻ. കഥകളിയുടെ  പ്രയോഗപാഠത്തിനുപരി അക്കാദമികതരത്തിലും പണ്ഡിത്യം നേടിയ ചുരുക്കം ചിലരിൽ പ്രഥമ സ്ഥാനം അർഹിക്കുന്ന വ്യക്തി കൂടിയാണ് കലാമണ്ഡലം എംപിഎസ്.

ആശാൻ തന്‍റെ അനുഭവങ്ങളും അറിവും ഇനിയും വരുന്ന തലമുറകൾക്ക് കൈമാറണം. കലാചരിത്രത്തിന്‍റെ മുതൽക്കൂട്ടാണ് അതെല്ലാം. 

കലാമണ്ഡലം സംഘത്തോടൊപ്പവും സ്വന്തം നിലക്കും അമേരിക്ക, ഫ്രാൻസ്, ജർമനി, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങി നിരവധി രാജ്യങ്ങളിൽ സഞ്ചരിച്ചു. അമേരിക്കൻ സർവകലാശാലകളിൽ മൂന്നു തവണ വിസിറ്റിങ്  പ്രൊഫസറായി സേവനം നടത്തി. കലാപണ്ഡിതൻ കിളളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടുമായി ചേർന്ന് കഥകളി യുടെ രംഗപാഠചരിത്രം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കൂടാതെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ കഥകളി സംബന്ധിച്ച് ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തി.

mps-namboothiri-4

പാശ്ചാത്യമായ പരിഷ്കാരഭ്രാന്ത് പിടിപെട്ട് ദേശീയമായ ഒന്നിലും സംസ്കാരമോ പരിഷ്കാരമോ കാണാൻ കഴിയാതിരുന്ന സമൂഹത്തിൽ വലിയൊരു വിഭാഗത്തിന്‍റെ എതിർപ്പുകളെ അവഹേളനങ്ങളെ നിസ്സാരമാക്കി വടക്ക് രബീന്ദ്രനാഥടാഗോറും തെക്ക് മഹാകവി വളളത്തോളും രുഗ്മിണി അരുൺഡേലും മററും ചെയ്ത കലകളുടെ സംരക്ഷണം, നവോത്ഥാന ശ്രമങ്ങൾ എന്നിവയെ അപഗ്രഥിച്ച്,  ഏതിനെയും ഗവേഷണബുദ്ധ്യാ വിലയിരുത്തുന്ന കറകളഞ്ഞ കലാപാണ്ഡിത്യമുളള എംപിഎസ് ആശാന്‍റെ പുതിയ ലേഖനങ്ങളുടെ സമാഹാരം ആണ് പൗഹാന.  

ഹവായ് ദ്വീപുകളിൽ സംസാരിക്കുന്ന ഭാഷയിലെ ഒരു വാക്കാണ് പൗഹാന(Pau Hana). ഒരു പ്രവൃത്തി കൂട്ടായി ചെയ്തു തീർത്ത ശേഷം എല്ലാവരും ഒത്തുചേർന്ന് ചർച്ച നടത്തി അതിനെ വിലയിരുത്തുക. അതാണ് പൗഹാന. പ്രവൃത്തി കഴിഞ്ഞതിനുശേഷമുളള അനൗപചാരികമായ ഒരു ഒത്തുചേരൽ കൂടിയാണിത്. അമേരിക്കയിലെ ലോസാഞ്ജലസിലെ കാലിഫോർണിയാ സർവകലാശാലയിൽ 1979 ആഗസ്റ്റ് മൂന്നാം തീയതി ഇത്തരത്തിൽ ഒരു പരിപാടി ഉണ്ടായി. ഏഷ്യയിലെ രംഗകലകളെ സംബന്ധിച്ച് ആറ് ആഴ്ചകളോളം നീണ്ടു നിന്ന ഒരു കോഴ്സിന്‍റെ അവസാന ദിനമായിരുന്നു അന്ന്. അത്യന്തം രസാവഹവും വിജ്ഞാനപ്രദവുമായ അനുഭവങ്ങൾ തിങ്ങി നിറഞ്ഞ ആറ് ആഴ്ചകളുടെ അവസാനത്തെ ദിനം മഹത്തായ ആ സംരംഭത്തിൽ പങ്കെടുത്ത ആർക്കും വിസ്മരിക്കാൻ വയ്യാത്തതാണ്. ഏഷ്യയിലേതുപോലെ ഇത്രമാത്രം വൈവിധ്യവും വൈചിത്ര്യവും കലർന്ന കലാരൂപങ്ങൾ പാശ്ചാത്യ രാജ്യങ്ങളിൽ ഇല്ല. ഗവേഷണ കുതുകികളും സാഹസികളുമായ പാശ്ചാത്യർ ഏഷ്യയുമായി ബന്ധപ്പെടാൻ തുടങ്ങിയ കാലം മുതൽക്കേ ഏഷ്യയിലെ സംസ്കാരവും കലകളും അവരുടെ പ്രത്യേക ശ്രദ്ധക്ക് വിഷയമായിട്ടുണ്ട്.

കലാജീവിതം: മലപ്പുറം ജില്ലയിലെ കരിക്കാട് ഗ്രാമത്തിൽ മൂത്തേടത്ത് പാലശേരി നാരായണൻ നമ്പൂതിരിയുടെയും ദേവസേന അന്തർജ്ജനത്തിന്‍റെയും മകനായി 1943ൽ ജനിച്ച കലാമണ്ഡലം എംപിഎസ് നമ്പൂതിരി ആശാൻ, സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ കുചേലവൃത്തത്തിൽ കൃഷ്ണൻ ആയി വേഷം കെട്ടി കഥകളിയിൽ ഹരിശ്രീ കുറിച്ചു. പിന്നീട് ഹയർസെക്കൻഡറി(പ്രീ യൂണിവേഴ്സിററി) വിദ്യാഭ്യാസത്തിനു ശേഷം 1958 ജൂണിൽ കേരള കലാമണ്ഡലത്തിൽ കഥകളിയിൽ വേഷം പഠിക്കാൻ ചേർന്നു. പത്മശ്രീ വാഴേങ്കട കുഞ്ചുനായർ, പത്മഭൂഷൺ കലാമണ്ഡലം രാമൻ കുട്ടി നായർ, കലാമണ്ഡലം പത്മനാഭൻ നായർ, പത്മശ്രീ കലാമണ്ഡലം ഗോപി എന്നീ ആചാര്യ ശ്രേഷ്ഠന്മാരുടെ കീഴിൽ പത്ത് കൊല്ലം അഭ്യസിച്ചു. താമസിയാതെ കലാമണ്ഡലത്തിലെ വേഷവിഭാഗത്തിൽ അദ്ധ്യാപകനായി ചേർന്നു. മുപ്പത് കൊല്ലം അദ്ധ്യാപക പദവിയിലിരുന്നു. രണ്ടു വർഷം പ്രിൻസിപ്പൽ ആയും സേവനം അനുഷ്ഠിച്ചു. ഒരു ഇടവേളയ്ക്കു ശേഷം 2007ൽ കലാമണ്ഡലം കല്‍പിത സർവകലാശാലയായി ഉയർത്തപ്പെട്ടപ്പോൾ കഥകളി വിഭാഗത്തിന്‍റെ ഡീൻ ആയി. ഇപ്പോൾ കലാമണ്ഡലത്തിൽ വിസിറ്റിങ് പ്രൊഫസറായി തുടരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്(2013), കലാമണ്ഡലം അവാർഡ്(2009), പട്ടിക്കാന്തൊടി അവാർഡ്(2017, 2018), കോഴിക്കോട് തോടയം കഥകളി ക്ലബ് അവാർഡ്(2015), വാഴേങ്കട കുഞ്ചുനായർ ആദരമുദ്ര തുടങ്ങിയ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.

MORE IN SPOTLIGHT
SHOW MORE