നടവരവായി ലഭിച്ചത് 101 കുപ്പി ഓൾഡ് മങ്ക്; ചിത്രം വൈറൽ

kollam-temple
SHARE

ക്ഷേത്രങ്ങളിലെല്ലാം ഉൽസവക്കാഴ്ചകളുടെ കാലമാണ്. ഇക്കൂട്ടത്തിൽ വിചിത്രമായ ഒട്ടേറെ ആചാരങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ക്ഷേത്രങ്ങളുമുണ്ട്. അക്കൂട്ടത്തിൽ ഒന്നാണ് കൊല്ലം ജില്ലയിലെ പോരുവഴി പെരുവിരുതി മലനട ക്ഷേത്രം. ഇന്ത്യയിലെ തന്നെ ഏക ദുര്യോധന ക്ഷേത്രമായ ഇവിടെ ഇൗ വർഷത്തെ നടവരവിൽ ലഭിച്ചത് 101 കുപ്പി വിദേശമദ്യമാണ്. ക്ഷേത്രത്തില്‍ മാര്‍ച്ച് 22 ന് നടക്കുന്ന ഉത്സവാഘോഷത്തിന് മുന്നോടിയായി കിട്ടിയ നടവരവിലാണ് ഇത്രയും മദ്യകുപ്പികൾ ലഭിച്ചത്. 

101 കുപ്പിയും ഓൾഡ് മങ്കിന്റേതാണ്. ചില ക്ഷേത്രങ്ങളിൽ നിവേദ്യമായി കള്ള് സമർപ്പിക്കുന്ന ചടങ്ങുകൾ കേരളത്തിൽ പലയിടത്തും കാണാറുണ്ട്.  എന്നാൽ വിദേശ മദ്യം സമർപ്പിക്കുന്ന ചടങ്ങ് ഏറെ കൗതുകമുണർത്തുന്നതാണ്. 

കൗരവരില്‍ ദുര്യോധനന്‍ മുതല്‍ ദുശ്ശളവരെ 101 പേര്‍ക്കും മലനട ഗ്രാമത്തില്‍ ക്ഷേത്രങ്ങളുണ്ട്. ഈ 101 പേര്‍ക്കായാണ് 101 കുപ്പി റം ഭക്തർ കാഴ്ചവെക്കുന്നത്. പാണ്ഡവരെ ഇല്ലാതാക്കാന്‍ ഇറങ്ങിത്തിരിച്ച ദുര്യോധനന് മലനടയിലെത്തിയപ്പോള്‍ ദാഹം തോന്നി. അടുത്തുള്ള വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോള്‍ വീട്ടുകാരി കള്ളാണ് നല്‍കിയത്. ഇതിന്റെ സ്മരണയ്ക്കായിട്ടാണ് ഇൗ മദ്യസമർപ്പണം ഇപ്പോഴും തുടരുന്നതെന്നാണ് ഐതിഹ്യം. ഇത്തവണ കിട്ടിയ ഓൾഡ് മങ്കിന്റെ കുപ്പികളുടെ ചിത്രം ഉൾപ്പെടെ ദീപു എന്ന വ്യക്തിയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. നാടിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കളെ ക്ഷണിച്ചുകൊണ്ട് ഇട്ട കുറിപ്പ് വൈറലായതോടെ കമന്റുകളുമായി ഒട്ടേറേ പേരും രംഗത്തെത്തി. 

MORE IN SPOTLIGHT
SHOW MORE