മാലിന്യം വാരിത്തിന്ന ആ മനുഷ്യൻ; പണം വാങ്ങാത്ത നടത്തം; വിശപ്പ് ഉള്ളില്‍ തട്ടും കുറിപ്പ്

fb-post5
SHARE

വിശപ്പിന്റെ വിലയും നോവും നിസ്സഹാതയും ജീവിതവും പങ്കിട്ട് പത്രപ്രവര്‍ത്തകന്റെ കുറിപ്പ്. തെരുവിൽ അലഞ്ഞു നടക്കുന്ന ഒരു യുവാവിനെ കുറിച്ചും ആ ജീവിതം കാണാനിടയായ സാഹചര്യത്തെ കുറിച്ചും വിവരിക്കുകയാണ് മലയാള മനോരമ ചീഫ് റിപ്പോർട്ടർ മഹേഷ് ഗുപ്തൻ തന്റെ ഫെയ്സ്ബുക് കുറിപ്പിലൂടെ. ഭക്ഷണത്തിന്റെ വിലയെന്താണെന്നും ജീവിതത്തിൽ ഒാരോരുത്തരും ഭക്ഷണത്തിനായി എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്നും വികാരഭരിതമായ അനുഭവത്തിലൂടെ പറയുകയാണ് കുറിപ്പ്.   

കുറിപ്പ് വായിക്കാം: ഇന്നലെ രാത്രി 12 മണിയോടെ ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അതു കണ്ടത്. മോഡൽ സ്കൂൾ ജംക്ഷനിൽ കെസിഎ ഓഫിസിനു മുന്നിലെ വളവിലെ ഇരുട്ടിൽ വഴിവക്കിൽ ആരോ തള്ളിയ മാലിന്യത്തിൽ നിന്ന് ഭക്ഷണം വാരിത്തിന്നുന്ന മനുഷ്യൻ. പെട്ടെന്നുണ്ടായ ഷോക്കിൽ അൽപം മുന്നോട്ടുപോയെങ്കിലും വണ്ടി തിരിക്കാതിരിക്കാനായില്ല. 

അപ്പോഴേയ്ക്കും അയാൾ എഴുന്നേറ്റിരുന്നു. ഏകദേശം 30 വയസു തോന്നുന്ന ചെറുപ്പക്കാരൻ. കയ്യിലിരുന്ന കുപ്പിയിലെ വെള്ളം കുടിക്കുന്നുണ്ടായിരുന്നു. പിന്നാലെ ചെന്ന് നിൽക്കാൻ പറഞ്ഞു. പഴ്സിൽ നിന്ന് കിട്ടിയ 100 രൂപയുടെ നോട്ട് എടുത്തുനീട്ടി. അയാൾ എന്നെ സൂക്ഷിച്ചു നോക്കുന്നതല്ലാതെ പൈസ വാങ്ങുന്നില്ല. ഭക്ഷണം വാങ്ങി കഴിച്ചോളൂ എന്നു പറഞ്ഞപ്പോഴും മറുപടി പറയുന്നില്ല. 

തമിഴിലും ഹിന്ദിയിലുമൊക്കെ ഭക്ഷണം കഴിക്കാനാണെന്നു പറഞ്ഞുനോക്കി. അൽപസമയം കൂടി നോക്കിനിന്ന ശേഷം വേണ്ടെന്ന മട്ടിൽ എന്തോ പറഞ്ഞ് അയാൾ നടന്നുപോയി. ആദ്യമായാണ് ഇങ്ങനെ ഒരനുഭവം. എങ്ങോട്ടാണു പോകുന്നതെന്നറിയാൻ വീണ്ടും അയാളുടെ പിന്നാലെ പോയി. 

മോഡൽ സ്കൂൾ ജംക്ഷനിലെത്തിയപ്പോൾ ഒരു തട്ടുകടക്കാരൻ. വേസ്റ്റിൽ നിന്ന് വാരിത്തിന്നുകയായിരുന്നു, പണം വാങ്ങുന്നില്ല, കുറച്ചു ഭക്ഷണം കൊടുക്കാമോ എന്നു ചോദിച്ചയുടൻ കക്ഷി അയാളെ വിളിച്ചു. ആദ്യം മടിച്ചുനിന്ന അയാൾ മടിച്ചുമടിച്ച് തട്ടുകടയുടെ സമീപത്തു വന്നു. ചൂടുദോശയും ചട്നിയും പൊതിഞ്ഞുകിട്ടിയപ്പോൾ വാങ്ങി. എന്റെ മുഖത്തേയ്ക്കു നോക്കി– തീക്ഷ്ണമായ അതേ നോട്ടം. പിന്നെ എന്തൊക്കെയോ പിറുപിറുത്ത് റോഡ് കടന്ന് നടന്നുപോയി.

എന്നെ കാണാത്തത്ര ഇരുട്ടിലെത്തുമ്പോൾ അയാൾ അതു ആർത്തിയോടെ കഴിച്ചിട്ടുണ്ടാകണം. പൊതിഞ്ഞുകൊടുത്ത ഭക്ഷണത്തിനു പണം വേണ്ടെന്നു പറഞ്ഞ തട്ടുകടക്കാരൻ അജിയോട് സ്നേഹം. # വിശപ്പാണ് ഏറ്റവും വലിയ സത്യം.

mahesh-gupthan
MORE IN SPOTLIGHT
SHOW MORE