കാൻസർ പിടികൂടി; അമ്മയെപ്പോലെ നോക്കി ഭാര്യ; അവള്‍ പുണ്യം: കണ്ണുനിറയും കുറിപ്പ്

lalson-cancer
SHARE

കാൻസറിന് മുന്നിൽ തോൽക്കാതെ പിടിച്ചുനിൽക്കാൻ ലാൽസൺ എന്ന യുവാവിന് മരുന്നും കരുത്തുമാണ് സ്റ്റെഫി. ദൈവം ഒരുപാടു ദുരിതങ്ങൾ സമ്മാനിച്ചപ്പോൾ അതിനിടയിൽ തന്ന പുണ്യമാണ് എന്റെ സ്റ്റെഫി എന്ന തുറന്നെഴുത്തിനപ്പുറം അവളുടെ സ്നേഹത്തിന് പകരം വയ്ക്കാൻ ഇൗ യുവാവിന് മറ്റൊന്നുമില്ല. കല്ല്യാണം കഴിഞ്ഞു മൂന്നുവർഷം തികയുമ്പോഴാണ് വില്ലനായി കാൻസർ എത്തിയത്. എന്നാൽ ജീവിതത്തിന്റെ പ്രതിസന്ധിയിൽ അയാളെ ഇട്ടിട്ടുപോകാൻ അവൾ തയാറായില്ല. ഒപ്പം നിന്ന് അയാളെ പരിചരിച്ച് ആത്മവിശ്വാസം പകർന്ന് സ്റ്റെഫി ഒപ്പമുണ്ട്. 

‘വേദന കൊണ്ട് പുളയുമ്പോൾ പലപ്പോഴും എന്റെ ദേഷ്യം മുഴുവൻ കാണിക്കുന്നത് അവളോടാണ്. പക്ഷെ അവൾക്കു പരിഭവം ഇല്ല. പകരം സ്നേഹം മാത്രം. ഉമിനീര് ഇറക്കാൻ സാധിക്കാത്തതു കൊണ്ട് എല്ലാം ഒരു പാത്രത്തിൽ തുപ്പിക്കളയും. അങ്ങനെ ഉള്ളതെല്ലാം അവൾ സ്നേഹത്തോടെ കൊണ്ട് കളഞ്ഞു പാത്രം എപ്പോഴും വൃത്തിയാക്കി കൊണ്ടുവരും. ഇതെല്ലാം ഇത്ര സ്നേഹത്തോടെ എങ്ങനെ ചെയ്യുന്നു എന്നുള്ളത് സത്യത്തിൽ എനിക്ക് അദ്ഭുതമാണ്. ഒരു പെണ്ണും ഭർത്താവിനെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല.’ ലാൽസൺ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

ഇവളാണ് എന്റെ ഹീറോയിൻ. എന്റെ പ്രിയപ്പെട്ട ഭാര്യ. ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന, എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കുന്ന എന്റെ പ്രിയപ്പെട്ട സ്റ്റെഫി.... രാവിലെ അഞ്ചു മണിക്ക് ട്യൂബിലൂടെ പൊടിച്ച ഗുളിക തന്നു കൊണ്ട് തുടങ്ങുന്ന അവളുടെ ജീവിതം വീണ്ടും ആറു മണി ആവുമ്പോൾ പിന്നെയും ഗുളികയും, ഫീഡും എല്ലാം ശരിയാക്കി ട്യൂബിലൂടെ അവൾ അതു തരും.. അതു കഴിഞ്ഞാൽ എന്നെ പല്ല് തേപ്പിക്കും, ഷേവ് ചെയ്തു തരും, ശരീരം മുഴുവൻ തുടച്ചു ക്ലീൻ ആക്കും, പ്രാഥമിക കാര്യങ്ങൾക്കു കൊണ്ടുപോകും എല്ലാം കഴിഞ്ഞു ഡ്രസ്സ്‌ മാറ്റി ക്രീമും പൗഡറു എല്ലാം ഇട്ടു വരുമ്പോഴേക്കും അടുത്ത ഫീഡിനുള്ള സമയം.... അതു കഴിയുമ്പോഴേക്കുംഒരു വയസു മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാര്യങ്ങൾ നോക്കണം രാത്രി പന്ത്രണ്ടു മണി വരെ ഇങ്ങനെ എന്നെയും, മോനെയും നോക്കി ഞങ്ങളുടെ കാര്യങ്ങൾ നോക്കി അവൾ നിൽക്കും ഇതിനിടയിൽ ജീവൻ നിലനിർത്താൻ വല്ലതും കഴിച്ചാൽ കഴിച്ചു അത്രയും മാത്രം... കല്യാണം കഴിഞ്ഞു മൂന്നു കൊല്ലം മാത്രമേ ആയിട്ടുള്ളു.

ഒരു പക്ഷെ ദൈവം ഒരുപാടു ദുരിതങ്ങൾ സമ്മാനിച്ചപ്പോൾ അതിനിടയിൽ തന്ന പുണ്യമാണ് എന്റെ സ്റ്റെഫി. സ്വന്തം ആരോഗ്യവും, ഭക്ഷണവും ഒന്നും നോക്കാതെ അവൾ എന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു.. എന്ത് പകരം ഞാൻ നൽകും എന്ന് എനിക്കറിയില്ല..... ആല്മവിശ്വസമാണ് അവൾ നൽകുന്നത് ഞാൻ തോറ്റു കൊടുക്കാതിരിക്കാൻ അവളാണ് പ്രചോദനം. .... വേദന കൊണ്ട് പുളയുമ്പോൾ പലപ്പോഴും എന്റെ ദേഷ്യം മുഴുവൻ കാണിക്കുന്നത് അവളോടാണ് പക്ഷെ അവൾക്കു പരിഭവം ഇല്ല പകരം സ്നേഹ മാത്രം.... ഉമിനീര് ഇറക്കാൻ സാധിക്കാത്തതു കൊണ്ട് എലാം ഒരു പാത്രത്തിൽ തുപ്പി കളയും അങ്ങനെ ഉള്ളതെല്ലാം അവൾ സ്നേഹത്തോടെ കൊണ്ട് കളഞ്ഞു പാത്രം എപ്പോഴും വൃത്തിയാക്കി കൊണ്ടുവരും.... ഇതെല്ലാം ഇത്ര സ്നേഹത്തോടെ എങ്ങനെ ചെയ്യുന്നു എന്നുള്ളത് സത്യത്തിൽ എനിക്ക് അത്ഭുദമാണ് ഒരു പെണ്ണും ഭർത്താവിനെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല എന്ന് എനിക്ക് തോന്നുന്ന ഈ നിമിഷത്തിൽ ഈ ലോക വനിതാ ദിനത്തിൽ എന്റെ പ്രിയപ്പെട്ട വനിതാ എന്റെ ഭാര്യയാണ്..... എന്റെ പുന്നാര സ്റ്റെഫിക്കു എന്റെ വനിതാ ദിന ആശംസകൾ..... ഒപ്പം സ്നേഹത്തിന്റെ നിറകുടങ്ങളായ എല്ലാ വനിതകൾക്കും എന്റെ ലോക വനിതാ ദിന ആശംസകൾ.  

സ്നേഹം മാത്രം.

MORE IN SPOTLIGHT
SHOW MORE