ആൺ ഡോക്ടറെ കാണാൻ അനുവദിക്കാത്ത ഭർത്താവ്; വേദന കടിച്ചമർത്തി പെൺകുട്ടി; നോവനുഭവം

image-for-representation-woman
SHARE

വയറുവേദനയെ തുടര്‍ന്ന് സ്‌കാനിംഗിന് എത്തി, 'ആണ്‍' ഡോക്ടറാണ് നോക്കുന്നത് എന്നറിഞ്ഞ് പിന്മാറിയ പത്തൊമ്പതുകാരിയെ സ്കാനിംഗ് മുറിയിലെത്തിച്ച കഥ പറയുകയാണ് അബുദാബിയിൽ സീനിയര്‍ റേഡിയോഗ്രാഫറായി പ്രവര്‍ത്തിക്കുന്ന തസ്ലീമ റഹ്മാൻ.ആൺ ഡോക്ടർ നോക്കുന്നത് ഭർത്താവിന് ഇഷ്ടമല്ലെന്ന് പറഞ്ഞ് മാറിനിന്ന് കരഞ്ഞ പെൺകുട്ടിയെ അസുഖത്തെ കുറിച്ച് സാവധാനം പറഞ്ഞ് മനസിലാക്കി സ്കാനിംഗിന് കയറ്റുകയായിരുന്നു.

സ്ഥിരം പോകാറുള്ള ഹോസ്പിറ്റലുകളിലൊന്നും ഫീമെയിൽ ഡോക്ടർനു അപ്പോയിൻമെന്റ് കിട്ടാത്തതിനാൽ ഭർത്താവ് സമ്മതിക്കുതന്നുണ്ടായിരുന്നില്ല..ഇന്ന് അയാൾ ഒരു യാത്രയിലാണ് തിരിച്ചെത്താൻ മൂന്നു മണിക്കൂറെടുക്കും.. വേദന സഹിക്കാൻ കഴിയാതെ ഞാൻ പെട്ടെന്നു വന്നതാണ്.. വയറിന്റെ സ്കാനിങ് തന്നെ 'ആൺ' ഡോക്ടറെക്കൊണ്ട് ചെയ്യിക്കാൻ ഇഷ്ടമില്ലാത്ത ആൾ വജൈനൽ സ്കാനിങ്ങിനു സമ്മതിക്കില്ല.അതു കൊണ്ട് ആൾ തിരിച്ചെത്തുന്നതു വരെ ഞാൻ വെയിറ്റ് ചെയ്യാം.. അനുവാദമില്ലാതെ ഇതൊന്നും ചെയ്യുന്നത് ശരിയല്ലല്ലോ എന്നും പറഞ്ഞ് കരച്ചിലൊതുക്കി... "– തസ്ലീമ നോവനുഭവം പറയുന്നു. 

തസ്ലീമ റഹ്മാന്റെ കുറിപ്പിന്റെ പൂർണരൂപം 

പത്തൊമ്പത് വയസ്സുള്ള ഒരു പെൺകുട്ടി ഭയങ്കരമായ വയറുവേദനയെ തുടർന്ന് സ്കാനിങിനു വന്നു. കൂടെ ഭർത്താവിന്റെ സഹോദരിയും ഉണ്ടായിരുന്നു.ഫീമെയിൽ ഡോക്ടർ അന്ന് അവധിയായതിനാൽ വളരെ വിഷമത്തിലാണ് ആ കുട്ടി സ്കാൻ മുറിയിലേക്ക് വന്നത്..

റേഡിയോളജിസ്റ്റ് സാധാരണ രീതിയിലുള്ള വയറിന്റെ സ്കാൻ ചെയ്തതിനു ശേഷം ട്യൂബൽ പ്രഗ്നൻസിയാണോന്ന് സംശയമുള്ളതിനാൽ വജൈനൽ സ്കാനിങ് സജസ്റ്റ് ചെയ്തു.. രോഗിയെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി സ്കാനിങിനു റെഡിയാക്കാൻ എന്നെ ഏൽപ്പിച്ച് ഡോക്ടർ മുറിയിലേക്ക് പോയി.ഞാൻ ആ കുട്ടിയോട് സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും അവൾ പറഞ്ഞു തുടങ്ങി..

''എനിക്കു കുറേ ദിവസങ്ങളായിട്ട് വയറിനു വേദനയും അസ്വസ്ഥതകളും ഉണ്ട്... സ്ഥിരം പോകാറുള്ള ഹോസ്പിറ്റലുകളിലൊന്നും ഫീമെയിൽ ഡോക്ടർനു അപ്പോയിൻമെന്റ് കിട്ടാത്തതിനാൽ ഭർത്താവ് സമ്മതിക്കുതന്നുണ്ടായിരുന്നില്ല..ഇന്ന് അയാൾ ഒരു യാത്രയിലാണ് തിരിച്ചെത്താൻ മൂന്നു മണിക്കൂറെടുക്കും.. വേദന സഹിക്കാൻ കഴിയാതെ ഞാൻ പെട്ടെന്നു വന്നതാണ്.. വയറിന്റെ സ്കാനിങ് തന്നെ 'ആൺ' ഡോക്ടറെക്കൊണ്ട് ചെയ്യിക്കാൻ ഇഷ്ടമില്ലാത്ത ആൾ വജൈനൽ സ്കാനിങ്ങിനു സമ്മതിക്കില്ല.അതു കൊണ്ട് ആൾ തിരിച്ചെത്തുന്നതു വരെ ഞാൻ വെയിറ്റ് ചെയ്യാം.. അനുവാദമില്ലാതെ ഇതൊന്നും ചെയ്യുന്നത് ശരിയല്ലല്ലോ എന്നും പറഞ്ഞ് കരച്ചിലൊതുക്കി... "

ഞാനവളുടെ അടുത്തിരുന്ന് എന്നെയൊരു സഹോദരിയായി കണ്ട് ഇനി പറയുന്ന കാര്യങ്ങൾ കേൾക്കണമെന്ന് പറഞ്ഞ് സംസാരിച്ച് തുടങ്ങി..അവൾക്ക് ട്യൂബൽ പ്രഗ്നൻസി എന്താണെന്നോ അതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചോ ഒന്നും അറിയില്ലാര്ന്നു എന്നെനിക്ക് വളരെ പെട്ടെന്ന് തന്നെ മനസ്സിലായി.. ആ സമയത്ത് അവളെ കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കാതെ വളരെ ലളിതമായി വിശദീകരിച്ചു..

ബീജവും അണ്ഡവും കൂടിച്ചേർന്നതിനു ശേഷംഗർഭപാത്രത്തിലേക്ക് എത്തുന്നതിനു മുമ്പേ അണ്ഡവാഹിനിക്കുഴലിൽ ഭ്രൂണം വളരാൻ തുടങ്ങുന്നതിനെയാണ് സാധാരണയായി ട്യൂബൽ പ്രഗ്നൻസി എന്ന് പറയാറുള്ളത്..ഒരു കുഞ്ഞിനു വളരാനുള്ള യാതൊരു സാഹചര്യങ്ങളും ഇല്ലാത്തതിനാൽ ആ ട്യൂബ് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്.. അങ്ങനെ സംഭവിച്ചാൽ അത് നിന്നെയാണ് ബാധിക്കുക.. അതിനാൽ ഈ സമയത്ത് നിന്റെ ശരീരത്തിനുമേൽ ഒരു തീരുമാനമെടുക്കേണ്ടത് നീയാണെന്നും പറഞ്ഞപ്പോൾ അവളൊന്ന് ഉഷാറായി..

വജൈനയിലേക്ക് സ്കാൻ ചെയ്യുന്ന ഉപകരണം (പ്രോബ്) ഇൻസെർട്ട് ചെയ്യുന്നത് ഡോക്ടറല്ല ഞാനോ വേറെ ഏതെങ്കിലും നഴ്സോ ആയിരിക്കുമെന്നും ഡോക്ടർ മോണിറ്ററിലേക്ക് മാത്രമേ നോക്കുകയുള്ളൂ എന്നതു കൂടി കേട്ടപ്പോൾ അവൾക്ക് ധൈര്യമായി..ഡോക്ടർ വരുന്നതിനു മുമ്പെയുള്ള ആ ചെറിയ സമയത്തിനുള്ളിൽ ഞാനവളോട് പിന്നേം ഒരുപാട് സംസാരിച്ചു..ഇതു പോലെയുള്ള ചെറിയ കാര്യങ്ങൾക്ക് ഭർത്താവിനെ ആശ്രയിക്കരുതെന്ന നഗ്ന സത്യവും ആ സംസാരത്തിനിടയിൽ ഞാനവളോട് പറഞ്ഞു..

ഡോക്ടർ വന്നു, ഞാൻ പ്രോബ് ഇൻസെർട്ട് ചെയ്തു.. സ്കാൻ കഴിഞ്ഞപ്പോൾ റിപ്പോർട്ട് പോസിറ്റീവ്.. സർജറി വേണം.. പെട്ടെന്ന് ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞ് ഡോക്ടർ പോയി..അവളെ വീൽചെയറിലിരുത്തി ഗൈനക്കോളജിസ്റ്റിന്റെ മുറിയിലേക്ക് ഞാൻ തന്നെയാണ് കൊണ്ടു പോയത്.. 

ആ വഴിയുടനീളം അവളുടെ കൈ എന്റെ കൈയിൽ ചേർത്തു പിടിച്ചിരുന്നു.. ഡോക്ടറുടെ മുറിയിലെ ബെഡിൽ കിടത്തി ഞാൻ തിരിച്ച് പോകാൻ നേരം ഇത്താന്നു വിളിച്ച് അവളെന്നെ കെട്ടിപ്പിടിച്ചു...

കരഞ്ഞു കലങ്ങിയ ആ കണ്ണുകളിൽ വർഷങ്ങൾക്കു മുമ്പെയുള്ള എന്നെയാണ് കണ്ടത്.. പത്തൊമ്പത് വയസ്സെന്ന് പറയുമ്പൊ ഇങ്ങനൊക്കെത്തന്നെയല്ലേ..? സ്വന്തമായി ഞാനന്ന് എന്തെങ്കിലും തീരുമാനം എടുത്തിരുന്നതായി ഓർമയില്ല..സ്വന്തം വീട്ടിൽ പോകാൻ പോലും പലരുടെയും അനുവാദങ്ങൾക്ക് കാത്തുനിന്ന ഒരു കാലം..ചെറിയ കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ കഴിയാതിരുന്ന നിസ്സഹായാവസ്ഥയിൽ നിന്ന് ഒരാൾക്ക് എന്തെങ്കിലും വിധത്തിൽ പ്രചോദനമാകാൻ കഴിയുന്ന ഒരാളെന്ന തരത്തിലെത്തിയ ഞാൻ തന്നെയാണ് ഇപ്പോൾ എന്റെ ബെസ്റ്റ് റോൾ മോഡൽ..

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.