പൊരിവെയിലത്ത് കുഞ്ഞുമായി ഉപജീവനം; ഗീതുവിന് ‘ഭാഗ്യ’വുമായി കലക്ടര്‍: നന്‍മ

geethu-lottery-help-09-03
SHARE

ചുട്ടുപൊള്ളുന്ന വെയിലിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞുമായി ലോട്ടറി വിൽക്കുന്ന ഗീതുവിനെ കേരളം വേദനയോടെയാണ് വായിച്ചറിഞ്ഞത്. ലോട്ടറി ഷെഡ്ഡിന്റെ ഓരത്തുള്ള മരത്തണലിലെ തൊട്ടിലിലാണ് ഗീതുവിന്റെ മകൻ അഭിരാജിന്റെ ജീവിതം. കുഞ്ഞിനെ മാറോടടുക്കി വെയിലും മഴയും വകവെയ്ക്കാതെ ഭിന്നശേഷിക്കാരിയായ ഗീതു എല്ലാദിവസവും ചേർത്തല തണ്ണീർമുക്കം റോഡിൽ ലോട്ടറി വിൽക്കാൻ എത്തുന്ന വാർത്ത അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഗീതുവിന് സഹായവുമായെത്തിയിരിക്കുകയാണ് ആലപ്പുഴ ജില്ലാ കലക്ടർ എസ്.സുഹാസ്. 

വനിതാ ദിനത്തിൽ ഗീതുവിനെ നേരിൽ കണ്ട കലക്ടർ, വീടു നിർമിക്കാൻ ഭൂമി കണ്ടെത്താനായി തഹസിൽദാറെ ചുമതലപ്പെടുത്തുകയും ചെയ്തു. ഭൂമി കണ്ടെത്തിയാൽ വീടു നിർമിക്കാനായി ഏതെങ്കിലും സന്നദ്ധ സംഘടനകളുടെ സഹായം നൽകാമെന്നും അറിയിച്ചു. ‘എന്റെ വനിതാ ദിനം ഇങ്ങനെ ആയിരുന്നു’ എന്നു തുടങ്ങുന്ന കുറിപ്പ് ആലപ്പുഴ ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചാണ് എസ്.സുഹാസ് ഇക്കാര്യങ്ങൾ അറിയിച്ചത്.

കുറിപ്പ് വായിക്കാം:

എൻ്റെ വനിതാ ദിനം ഇങ്ങനെ ആയിരുന്നു :

ട്രോൾ ആലപ്പുഴ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഗീതു എന്ന സഹോദരിയെ പറ്റി ഞാൻ ഇന്ന് അറിഞ്ഞത് ,ഉപജീവനത്തിനും കൈക്കുഞ്ഞിനെ പരിപാലിക്കുവാനും കേറിക്കിടക്കാൻ ഒരു വീട് എന്ന സ്വപ്നത്തിനും വേണ്ടി കൈക്കുഞ്ഞുമായി റോഡരികിൽ ലോട്ടറി വിൽക്കുന്നു. ഇന്ന് അവരെ നേരിട്ട് കാണുകയും സ്വന്തമായി ഭൂമി ഇല്ല എന്ന് മനസിലാക്കി വീട് നിർമിക്കാൻ ഉള്ള ഭൂമി കണ്ടെത്താനുള്ള സഹായം ചെയ്യാൻ തഹസിൽദാറെ ചുമതലപ്പെടുത്തുകയും ചെയ്തു . ഭൂമി കണ്ടെത്തിക്കഴിഞ്ഞാൽ വീട് നിർമിക്കുവാൻ ഏതെങ്കിലും സന്നദ്ധ വ്യക്തി / സംഘടനയുടെ സഹായം നൽകാമെന്നും അറിയിച്ചു

ഉപജീവനത്തിന് വേണ്ടി പറ്റാവുന്ന ജോലി ചെയ്തു ജീവിക്കുന്ന ഗീതുവിനെ പോലെയുള്ള വനിതകൾ മറ്റുള്ളവർക്ക് പ്രചോദനം ആകണം എന്ന ഉദ്ദേശത്തോടു കൂടി ആണ് ഇത് പോസ്റ്റ് ചെയ്യുന്നത് .

ഗീതുവിന്‌ ബിഗ്‌ സല്യൂട്ട് .

ഈ വിവരം പുറം ലോകത്തെ അറിയിച്ച ട്രോൾ ആലപ്പുഴ എന്ന കൂട്ടായ്മക്ക് അഭിനന്ദനം. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.