അർധരാത്രി രണ്ടുമണിക്ക് കല്യാണാലോചന; മതം തോറ്റുപോയ പ്രണയം: വിഡിയോ

kalamandalam-love
SHARE

രസകരമായ ഒരുപാട് മുഹൂർത്തങ്ങളിലൂടെയും പലരുടെയും ജീവികഥകളിലൂടെയുമാണ് മഴവിൽ മനോരമയിലെ ഉടൻപണം പരിപാടി കടന്നുപോകുന്നത്. കേരളകലാമണ്ഡലത്തിൽ എത്തിയ ഉടൻപണം ടീമിനെ കാത്തിരുന്നതും ഹൃദയഹാരിയായ ഒരു പ്രണയകഥയായിരുന്നു. ജാതിയുടെയും മതത്തിന്റെ വേലികെട്ടുകൾ തകർത്ത് പ്രണയിനിയെ സ്വന്തമാക്കിയ കഥ ഒരു യുവാവ് പങ്കുവെച്ചു. കഥയിലെ നായകൻ ഹിന്ദുവും നായിക ക്രിസ്ത്യാനിയുമാണ്. എതിർപ്പുകൾ ഒരുപാടുണ്ടായിരുന്നു. എങ്കിലും ഇവർ കാത്തിരുന്നത് രണ്ടര വർഷം. ആ യുവാവ് പറയുന്നതിങ്ങനെ;

അവളെന്റെ സഹപാഠിയാണ്. ഏറ്റവും അടുത്ത കൂട്ടുകാരി. അവളോടുള്ള അടുപ്പം വീട്ടുകാരോടുമുണ്ടായിരുന്നു. നാലുവർഷമായുള്ള പരിചയമാണ്. ഒരു ദിവസം അവളുടെ അമ്മ എന്നെ വിളിച്ചിട്ട് പറഞ്ഞു, അവൾക്ക് കല്യാണം നോക്കുന്നുണ്ട് എന്റെ കയ്യിൽ അവളുടെ നല്ല ഫോട്ടോസ് എന്തെങ്കിലും ഉണ്ടെങ്കിൽ അയച്ചുകൊടുക്കണമെന്ന്. അവൾക്ക് കല്യാണം ആലോചിക്കുന്നു എന്ന് കേട്ടപ്പോൾ തന്നെ നെഞ്ചിലൊരു തീയാളി. എങ്കിലും ഫോട്ടോസ് എടുത്തു. ഫോട്ടോ എടുത്തോണ്ടിരുന്നപ്പോൾ എനിക്ക് മനസിലായി, എനിക്കിവളോട് സൗഹൃദമല്ല പ്രണയമാണെന്ന്. രണ്ടുദിവസം കഴിഞ്ഞ് ഞാനവളോട് പറഞ്ഞു ഈ ബന്ധം ഇങ്ങനെ പോയാൽ ശരിയാകില്ല, സൗഹൃദമായിട്ടാണെങ്കിലും തുടരുന്നത് ശരിയാകില്ല, എനിക്ക് ഇഷ്ടമാണെന്ന്. അവളുടെ അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.

അങ്ങനെ ഒരുവർഷത്തോളം പ്രണയിച്ചു. എന്നിട്ട് കാര്യം എന്റെ വീട്ടിൽ അവതരിപ്പിച്ചപ്പോൾ വീട്ടുകാരാദ്യം മതം മാറണമെന്ന് പറഞ്ഞു. അവളുടെ വീട്ടിലും ഇഷ്ടമാണെന്നുള്ള വിവരവും മതം മാറണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ട വിവരവും അറിയിച്ചു. സ്വാഭാവികമായും അവളുടെ പപ്പ എതിർത്തു. പിന്നീടുള്ളത് എതിർപ്പിന്റെ നാളുകളായിരുന്നു. ഫോൺവിളിക്കാനൊന്നും അനുവാദമില്ലായിരുന്നു. എങ്കിലും അവൾ ആരും കാണാതെ വിളിക്കുമായിരുന്നു. ഒരുവർഷം വീണ്ടും അങ്ങനെ കടന്നുപോയി. ആ സമയത്ത് അവളുടെ കല്യാണാലോചന മുറുകി, ഒരെണ്ണം ഏകദേശം ഉറപ്പിക്കുന്ന ഘട്ടമെത്തി. അവൾ വിളിക്കുമ്പോഴൊക്കെ കരച്ചിലായിരുന്നു. നീ വിഷമിക്കേണ്ട, താലികെട്ടുന്നതിന് മുമ്പ് വരെ നമുക്ക് സമയമുണ്ടെന്നൊക്കെ പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. അവസാനം വീട്ടിലെ സമ്മർദം സഹിക്കാൻവയ്യാതെ അവൾ നമുക്ക് പിരിയാമെന്ന് പറഞ്ഞു. അപ്പോഴും ഞാൻ നീ ക്ഷമിക്ക് ഇനിയും സമയമുണ്ടെന്നാണ് പറഞ്ഞത്. എങ്കിലും പിരിയാമെന്നുള്ള വാക്ക് കേട്ട് ഞാനാകെ തകർന്ന് പോയി. അവൾ സമ്മാനമായി തന്ന ഷർട്ടും മുണ്ടുമിട്ട് മൂന്നുദിവസമാണ് വീട്ടിൽ നിന്ന് പുറത്തിറങ്ങാതിരുന്നത്.

മൂന്നാം ദിവസം എന്റെ അച്ഛൻ പറഞ്ഞു നീ വണ്ടിയിൽ കയറെന്ന്. ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് ബാറിൽ പോയി. അവിടെയിരുന്നിട്ടാണ് അച്ഛൻ അവളുടെ പപ്പയെ വിളിക്കുന്നത്. കുട്ടികളുടെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞു. എന്നാൽ നാളെ വരൂ എന്ന് പപ്പ പറഞ്ഞു. അച്ഛൻ ഡാൻസ്മാഷാണ്. പിറ്റേദിവസം ജില്ലാകലോത്സവം തുടങ്ങുകയാണ്. അച്ഛനതിന്റെ തിരക്കുണ്ടായിരുന്നു. അതുകൊണ്ട് അവരോട് എന്നാൽ ഇപ്പോൾ വരട്ടെയെന്ന് ചോദിച്ചു. സമയം അപ്പോൾ രാത്രി പത്തുമണിയായിക്കാണും. അമ്മയേയും അച്ഛന്റെ സഹോദരനെയും ഭാര്യയേയും ഒപ്പം കൂട്ടി രാത്രി പതിനൊന്നുമണിയോടെ ഞങ്ങൾ അവളുടെ വീട്ടിലേക്ക് തിരിച്ചു. ഏകദേശം രണ്ട് മണിയൊക്കെയായി അവിടെയെത്തിയപ്പോൾ. അവിടെചെന്ന് കാര്യം അവതരിപ്പിച്ചു. അപ്പോഴും പപ്പ സമ്മതിക്കാൻ കൂട്ടാക്കിയില്ല. അവസാനം അവളെ വിളിച്ച് ചോദിച്ചപ്പോൾ, എന്റെ കൂടെ തന്നെ ജീവിച്ചാൽ മതിയെന്ന് ധൈര്യപൂർവ്വം പറഞ്ഞു. ഇതുകേട്ട് അവളുടെ വീട്ടുകാർ പറഞ്ഞു, ഞങ്ങൾക്ക് വിവാഹം നടത്തിത്തരാൻ സാധിക്കില്ല ഇറങ്ങിപൊയ്ക്കോളാൻ. പിന്നെ വേറെ വഴിയൊന്നുമില്ലായിരുന്നു. ആ ആർധരാത്രി സമയത്ത് അവളെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുവരികയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ വിവാഹവും കഴിച്ചു.– യുവാവ് പറഞ്ഞു. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.