96 ലെ പ്രണയം; യാത്രകൾ: ആ മാതൃകയിൽ മനോഹര സേവ് ദ ഡേറ്റ്: വിഡിയോ

save-the-date
SHARE

96 ലവ്സ്റ്റോറി എല്ലാവരുടേയും മനസിൽ പതിഞ്ഞതാണ്. ഇപ്പോഴിതാ അതേ സ്റ്റൈലിൽ ഒരു സേവ് ദ ഡേറ്റ് വിഡിയോയും. ധനുഷ്കോടിയിലെയും തെങ്കാശിയിലെയും ഗ്രാമീണ സൗന്ദര്യം, തെന്മലയിലെ കാനന കാഴ്ചകൾ, കുട്ടിക്കാനത്തിന്റെ പ്രകൃതി ഭംഗി. തമിഴ് ചിത്രം 96ൽ റാമിന്റെ യാത്രകളെ ഹൃദയത്തിൽ പതിപ്പിച്ച ഗാനം പശ്ചാത്തലത്തിൽ. പ്രകൃതിയുടെ സൗന്ദര്യം പ്രണയത്തിന്റെ മേമ്പൊടി ചേര്‍ത്തൊരുക്കിയ അതിമനോഹരമായൊരു സേവ് ദ് ഡേറ്റ് വിഡിയോ സമൂഹമാധ്യമങ്ങളിൽ അഭിനന്ദനങ്ങൾ നേടുന്നു.

അമ്പലകുളത്തിൽ കുളിച്ചുകൊണ്ടിരിക്കെ നായകൻ മൂന്നു പെൺകുട്ടികളെ കാണുന്നു. ഇതിലൊരാളെ പിന്തുടരാൻ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീട് നായകന്റെ യാത്രകളാണ്. ഈ രംഗങ്ങളാണ് 96ലെ റാമിന്റെ യാത്രകൾക്കു സമാനമായി ചിത്രീകരിച്ചിരിക്കുന്നത്. പ്രകൃതിയോടിണങ്ങി, ചിത്രങ്ങൾ പകർത്തി ഏകാന്തമായൊരു യാത്ര. ഇതിനിടയിൽ വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി പെണ്ണുകാണാന്‍ എത്തുന്ന നായകൻ എത്തുന്നു. അമ്പലകുളത്തിന്റെ പടവിൽ കണ്ട ആ പെൺകുട്ടി അതാ ചായയുമായി നിൽക്കുന്നു. 

കേരളപുരം സ്വദേശിയായ ശ്രീജിത്ത് ശ്രീനിവാസന്റെയും തഴുത്തല സ്വദേശിനി ധ്വനിക എസ്. കുമാറിന്റെയും സേവ് ദ് ഡേറ്റ് വിഡിയോ ഒരുക്കിയത് കൊല്ലം ആർ.പി. മാളിലെ ലെ വെഡിങ് സ്റ്റുഡിയോ ആണ്.

8 ദിവസങ്ങള്‍ കൊണ്ടു ചിത്രീകരിച്ച വിഡിയോ പ്രകൃതി ദൃശ്യങ്ങളാലാണു ശ്രദ്ധേയമാകുന്നത്. ഒരു യാത്രയുടെ ഫീൽ കാണുന്നവരിൽ ജനിപ്പിക്കുന്ന സേവ് ദ് ഡേറ്റിൽ ഒറിജിനൽ ശബ്ദങ്ങളും ഉപയോഗിച്ചിരിക്കുന്നു. മൂന്നു ദിവസം ധനുഷ്കോടിയിലും പിന്നീട് തെങ്കാശി, കുട്ടിക്കാനം, തെന്മല വനം, ആശ്രാമം എന്നിവിടങ്ങളിലുമായി 8 ദിവസത്തെ ഷൂട്ട്.

96 സിനിമ കണ്ടപ്പോള്‍ തന്നെ ഇത്തരമൊരു ആശയം മനസ്സിലെത്തിയിരുന്നതായി ലേ വെഡ്ഡ് ഉടമ റിജാസ് പറയുന്നു. ഈ പാട്ടിനെ ആസ്പദമാക്കി ഒരു കഥ തയാറാക്കി. ഇതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ശ്രീജിത്തിനു പൂർണസമ്മതം. കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തിയായിരുന്നു ഈ സേവ് ദ് ഡേറ്റ് ഒരുക്കിയത്.

MORE IN SPOTLIGHT
SHOW MORE