പാതിയിൽ മുറിഞ്ഞ പഞ്ചാരിമേളം,‘സുരാജ് ഷോ’യ്ക്ക് ഒരുങ്ങവെ ക്രൂരകൊല

kripesh-sarath
SHARE

പെരിയ ഇരട്ടക്കൊലപാതകത്തിന്റെ മുറിപ്പാടുകൾ കേരളത്തെ വേട്ടയാടുകയാണ്. ശരത് ലാലിന്റേയും കൃപേഷിന്റേയും മുഖങ്ങൾ അത്രപെട്ടെന്ന് മനസിൽ നിന്നും മായില്ല. ഇവരുടെ ഉറ്റവരുടെ വിലാപങ്ങൾ കേരളത്തിന്റെ വിലാപമായി മാറിയിരിക്കുകയാണ്. 

രാഷ്ട്രീയത്തിൽ മാത്രമല്ല, കലാകായിക രംഗത്തും ഇരുവരും വളരെ സജീവമായിരുന്നെന്ന് കല്ല്യോട്ടെ സുഹൃത്തുക്കൾ പറയുന്നു. രണ്ടു പേരും പഞ്ചാരിയിൽ വിദഗ്ധർ. ശരതും കൃപേഷും കൊട്ടിക്കയറിയത് നാട്ടുകാരുടെ മനസിലേക്കു കൂടിയായിരുന്നു. നാട്ടിൽ മാത്രമല്ല, ജില്ലയ്ക്കു പുറത്തും നിരവധി പരിപാടികളിൽ പങ്കെടുക്കാറുണ്ടായിരുന്നു. കൊടിയുടെ നിറം നോക്കാതെ എല്ലാ പരിപാടികളിലും സാന്നിധ്യമറിയിച്ചു. കല്യോട്ട് യുവജന വാദ്യകലാസംഘത്തിന്റെ ജീവനാഡികളായിരുന്നു ഈ രണ്ടു യുവാക്കൾ. 70 ഓളം പേർ സംഘത്തിലുണ്ട്. ഇതിന്റെ ആദ്യ സെക്രട്ടറി ശരതായിരുന്നു. 

ചെണ്ടകൊട്ട് നേരംപോക്കിന് അഭ്യസിച്ചതല്ല. ശാസ്ത്രീയമായിട്ട് തന്നെയായിരുന്നു പഠനം. രതീഷ് അമ്പലത്തറ, അജയൻ പുങ്ങംചാൽ എന്നിവരായിരുന്നു ഗുരുക്കൻമാർ. 

പഞ്ചാരി മേളത്തിനൊപ്പം അനുകരണ കലയിലും മിടുക്കനായിരുന്നു ശരത് ലാൽ. കൂടെ നടക്കുന്ന സുഹൃത്തുക്കളുടെ ചലനങ്ങളും സംസാരവും അതേപടി ഒപ്പിയെടുത്ത് അനുകരിക്കും. നടൻമാരേയും രാഷ്ട്രീയക്കാരേയും അനുകരിക്കും. ആരിലും ചിരിയുണർത്തുന്ന പ്രകടനമായിരുന്നു ശരത്തിന്റേതെന്നു കൂട്ടുകാർ ഓർക്കുന്നു.

ഒരു സ്വകാര്യചാനലിൽ നടൻ സുരാജ് വെഞ്ഞാറമൂടിനൊപ്പം കോമഡി ഷോയിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു ശരത്. എന്നാൽ പങ്കെടുക്കാൻ വിധി അനുവദിച്ചില്ല. അതിനു മുൻപ്..സ്കൂൾ പഠനകാലത്ത് നാടകാഭിനയത്തിലും സജീവമായിരുന്നു. പിന്നീട് ഷോർട് ഫിലിമുകളും ചെയ്തു. 

കൃപേഷ് മികച്ച കായികതാരം കൂടിയായിരുന്നു. സ്കൂൾ പഠന കാലത്ത് 100, 200 മീ ഓട്ടത്തിൽ മികച്ച പ്രകനം കാഴ്ച വച്ചു. ലോങ് ജംപിലും ചാംപ്യൻ. ഫുട്ബോളിലെ മുന്നേറ്റ നിര താരം . സ്കൂൾ കാലത്ത് ഉപജില്ലാ ടീമിൽ ഇടംനേടി. നാട്ടിലെ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സീസൺ തുടങ്ങിയാൽ പിന്നെ കൃപേഷിനു തിരക്കോടു തിരക്കായിരിക്കും. 

കൃപേഷിനെക്കുറിച്ചും ശരതിനെക്കുറിച്ചും സുഹൃത്തുക്കൾക്കു പറയാനേറെ. തുടങ്ങി വച്ച ദൗത്യങ്ങൾ പാതിവഴിയിൽ അവസാനിപ്പിച്ചാണ് ഇരുവരും ഓർമയായത്. 

MORE IN SPOTLIGHT
SHOW MORE