ആറുമക്കളും വന്നില്ല; ഉറ്റവർ ഏറെയുള്ള അമ്മ ഇനി വൃദ്ധ മന്ദിരത്തിൽ: ദാരുണം

ammma2
SHARE

ആർഡി ഓഫിസ് പടിക്കൽ ലക്ഷ്മിയുടെ(75) കാത്തിരിപ്പ് വെറുതെയായി; 6 മക്കളും ഏറ്റെടുക്കാൻ തയാറാകാത്തതിനാൽ ലക്ഷ്മിയെ ആർഡിഒ വൃദ്ധമന്ദിരത്തിലാക്കി. തറവാടു വീടും സ്ഥലവുമെല്ലാം ഉണ്ടെങ്കിലും ഇരവിമംഗലം പുന്നാട്ടുകര പരേതനായ കുമാരന്റെ ഭാര്യ കെ.കെ.ലക്ഷ്മി അങ്ങനെ  രാമവർമപുരം വൃദ്ധമന്ദിരത്തിലെ അന്തേവാസിയായി. 7 മക്കളാണു ലക്ഷ്മിക്ക്. ഒരാൾ നേരത്തെ മരിച്ചു. 6 മക്കളിൽ ഒരാളോടൊപ്പമായിരുന്നു കുറെ കാലമായി കഴിഞ്ഞിരുന്നത്.

ഒറ്റയ്ക്കു നോക്കാനാവില്ലെന്നും എല്ലാ മക്കളും സംരക്ഷിക്കാൻ തയാറാകണമെന്നും ഈ മകൾ നിലപാടെടുത്തു. എന്നാൽ, ആരും തയാറായില്ല. അങ്ങനെയാണ് ലക്ഷ്മിയുടെ വിഷയം ആർഡിഒയുടെ മുൻപിലെത്തുന്നത്. രക്ഷിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും ക്ഷേമം സംബന്ധിച്ച നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി നടന്ന സിറ്റിങ്ങിൽ ലക്ഷ്മിയെയും മക്കളെയും വിളിച്ചുവരുത്തിയിരുന്നു. 10.30ന് നിശ്ചയിച്ച സിറ്റിങ്ങിൽ 1.30ന് ആണ് ഇവരെ വിളിച്ചത്. മക്കളാരെങ്കിലും ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ ആർഡിഒ ടി.എൻ.സാനു സിറ്റിങ് വൈകിട്ടത്തേക്കു നീട്ടിയെങ്കിലും ഫലമുണ്ടായില്ല. 

തറവാട്ടിൽ പോകാമെന്ന് ലക്ഷ്മി പറഞ്ഞെങ്കിലും ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന ഈ വീട്ടിൽ ഇവർ സുരക്ഷിതയായിരിക്കില്ല എന്നതിനാൽ വേണ്ടെന്നു വച്ചു. അങ്ങനെയാണ് രാമവർമപുരത്തെ വൃദ്ധമന്ദിരത്തിൽ ഇവരെ പാർപ്പിക്കാൻ തീരുമാനിച്ചത്. വൃദ്ധമന്ദിരം സൂപ്രണ്ട് കെ.ജി.വിൻസന്റും ഈ നിർദേശമാണ് മുന്നോട്ടുവച്ചത്.  മക്കളാരെങ്കിലും ഏറ്റെടുക്കുന്നതുവരെ ഒന്നോ രണ്ടോ ദിവസം വൃദ്ധമന്ദിരത്തിൽ താമസിക്കാമെന്നു പറഞ്ഞാണു ലക്ഷ്മി സാമൂഹിക നീതി വകുപ്പ് ജീവനക്കാർക്കൊപ്പം വൃദ്ധമന്ദിരത്തിലേക്കുള്ള വാഹനത്തിൽ കയറിയത്. 

MORE IN SPOTLIGHT
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.