പ്രളയത്തിന്റെ നന്മവഴിയിൽ കണ്ടുമുട്ടി; പ്രണയ സാഫല്യമായി കല്യാണം: ആ കഥ

sneha-sujai-love
SHARE

പ്രളയം കടന്ന് സ്നേഹയും ഡോ. കെഎസ് സുജയ്‌യും എത്തിയത് പ്രണയതീരത്ത്. പ്രളയപ്പേമാരി തകർത്ത ജീവിതകഥകൾ നമ്മളൊരുപാട് കേട്ടുകഴിഞ്ഞു. എന്നാൽ പ്രളയം പ്രണയം കൊണ്ടുവന്ന വഴിയാണ് സ്നേഹയ്ക്കും സുജയ്‌ക്കും പറയാനുള്ളത്.

പ്രളയത്തിൽ ആലപ്പുഴയിലെ അശരണരായ നിരവധിപ്പേർക്ക് സഹായമെത്തിക്കാൻ മുന്നിട്ടിറങ്ങിയതായിരന്നു കെ.എസ്.യു പ്രവർത്തക കൂടിയായ ആർവി സ്നേഹ. അപ്പോഴാണ് പ്രളയബാധിത മേഖലയിലേക്ക് കൊല്ലത്ത് നിന്നും സഹായവുമായി ഡോക്ടറുമാരുടെ ഒരു സംഘം വരുന്നുണ്ടെന്ന് സ്നേഹയോട് മറ്റൊരു കെ.എസ്.യു പ്രവർത്തകൻ പറഞ്ഞത്. പ്രളയം തകർത്തെറിഞ്ഞ ജീവിതങ്ങളിലേക്ക് കൈത്താങ്ങുമായി എത്തിയ ഡോക്ടർ സംഘത്തിന് വഴികാട്ടിയായത് സ്നേഹയായിരുന്നു. അന്ന് അവർക്കിടയിലെ അപരിചിതൻ മാത്രമായിരുന്നു സ്നേഹയ്ക്ക് ഡോക്ടർ സുജയ്. എന്നാൽ ആ കൈത്താങ്ങായ യാത്രയിലെപ്പോഴോ  പ്രണയവും ഇരുവരുടെയും മനസിലേക്ക് പ്രളയംപോലെ ഇരമ്പിയെത്തുകയായിരുന്നു. ഇതിനെക്കുറിച്ച് സ്നേഹ പറയുന്നത് ഇങ്ങനെ

ഞാനാദ്യം സുജയ് എന്ന പേര് പോലും തെറ്റിച്ചാണ് വിളിച്ചത്. സഹായവുമായി എത്തുന്ന അനേകരിൽ ഒരാൾ മാത്രമായിരുന്നു സുജയ് ആദ്യം എനിക്ക്. പിന്നിടെപ്പോഴോ ഞങ്ങൾ പോലുമറിയാതെ പ്രണയം കടന്നുവരികയായിരുന്നു. പ്രണയാഭ്യർഥനയൊന്നും നടത്തിയില്ല, പകരം എന്നോട് ചോദിച്ചത് എനിക്ക് മറ്റാരെങ്കിലുമായി പ്രണയമുണ്ടോയെന്നായിരുന്നു. ഇല്ലെന്ന് പറഞ്ഞപ്പോൾ എന്നാൽ ജീവിതകാലം മുഴുവൻ എന്റെ കൂടെക്കൂടുന്നോയെന്ന് ചോദിച്ചു. 

sneha-sujai

എനിക്കും സുജയ്‌യോട് പ്രണയം തോന്നിയിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. മനസിലുള്ളത് തുറന്നുപറഞ്ഞപ്പോൾ ആദ്യം കുറച്ച് എതിർപ്പുകൾ വന്നു. പിന്നീട് അവർ സമ്മതിച്ചു. പ്രണയദിനത്തിന്റെ പിറ്റേദിവസം ഫെബ്രുവരി 15 വെള്ളിയാഴ്ചയാണ് വിവാഹനിശ്ചയം. ചിങ്ങമാസത്തിലാണ് ഇവരുടെ വിവാഹം. കഴിഞ്ഞകൊല്ലം ചിങ്ങമാസം പ്രളയഓർമകളാണെങ്കിൽ ഈ വരുന്ന ചിങ്ങം ഇരുവർക്കും പ്രണയസുരഭിലമായ ദിനങ്ങളാണ് കാത്തുവെച്ചിരിക്കുന്നത്. 

ചെറുപ്പത്തിൽ തന്നെ ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വന്ന വ്യക്തിയാണ് സ്നേഹ. അച്ഛൻ ചെറുപ്പത്തിലെ മരിച്ചു. അതിനുശേഷം അമ്മയ്ക്കൊപ്പം തട്ടുകട നടത്തിയാണ് കുടുംബചെലവിനുള്ള വഴി കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളേജില്‍  എം.എ. പൊളിറ്റിക്സ് അവസാന സെമസ്റ്റര്‍ വിദ്യാര്‍ഥിനിയാണ്.  പിജി പഠനത്തിനൊപ്പം രാഷ്ട്രീയത്തിലും തിളങ്ങുകയാണ് സ്നേഹ. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റാണ്.  പുലര്‍ച്ചെ ഹരിപ്പാട്ടുനിന്ന് തീവണ്ടിയില്‍ എറണാകുളം വരെ  പോയാണ് പഠനം. വൈകീട്ട് മടങ്ങിയെത്തി, തട്ടുകടയുടെ ചുമതല ഏറ്റെടുക്കും. 

ഡോ. സുജയ് കരുനാഗപ്പള്ളിയില്‍ ഒരു ക്ലിനിക്കില്‍ ജോലിചെയ്യുന്നു. അച്ഛന്‍ സുരേഷ് കുമാര്‍ വ്യവസായ വകുപ്പില്‍നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ചു. തെക്കുംഭാഗം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റാണ്. അമ്മ ശങ്കരമംഗലം ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപിക എസ്. ജയ. സഹോദരന്‍ സൂരജ്.

MORE IN SPOTLIGHT
SHOW MORE