കെഎസ്ആർടിസിക്കുമുന്നിൽ പൊലീസ് ജീപ്പിന്റെ ‘ലൈറ്റ്’ അഭ്യാസം; റോഡുകാണാതെ ഡ്രൈവർ; വിഡിയോ

ksrtc-bus-police-light
SHARE

നിരത്തുകളിലെ രാത്രികാല യാത്രയിൽ ഏറെ അപകടങ്ങൾക്ക് കാരണമാകുന്നത് ഏതിരെ വരുന്ന വാഹനങ്ങളിൽ നിന്നുള്ള വെളിച്ചമാണ്. കാഴ്ച തന്നെ മറയ്ക്കുന്ന രീതിയിൽ ഹെഡ് ലൈറ്റിട്ട് പായുന്ന വാഹനങ്ങൾ പലപ്പോഴും വൻവിപത്തുകൾക്കാണ് വഴിവയ്ക്കുന്നത്. അമിത പ്രകാശമുള്ള ലൈറ്റുകൾ തെളിയിച്ച് രാത്രി പായുന്ന വാഹനങ്ങൾക്കെതിരെ പൊലീസ് നടപടിയും ആരംഭിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസി ബസിലെ രാത്രിയാത്രയ്ക്കിടെയുള്ള ഇൗ ദൃശ്യങ്ങൾ വ്യക്തമാക്കുന്നത് മറ്റൊന്നാണ്.

കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ രാത്രി യാത്രയിലാണ് സംഭവം. കണ്ണുതുറക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ ബുദ്ധിമുട്ടുകയായിരുന്നു ഇൗ കെഎസ്ആർടിസി ഡ്രൈവർ. ബസിനു മുൻപിൽ പോകുന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ജീപ്പാണ് പ്രശ്നങ്ങൾക്ക് കാരണം. പൊലീസ് ജീപ്പിന് മുകളിൽ വച്ചിരിക്കുന്ന ബീക്കൺ ലൈറ്റിൽ നിന്നും ചുവപ്പും, മഞ്ഞയും, നീലയും നിറത്തിൽ  അമിത വെളിച്ചം റോഡിൽ നിറഞ്ഞതോടെ പിന്നാലെ വരുന്ന വാഹനങ്ങളിലെയും എതിരെ വന്ന വാഹനങ്ങളിലെ ഡ്രൈവർക്ക് റോഡ് പോലും കാണാൻ കഴിയാത്ത അവസ്ഥയിലായി. ‘ഒന്നും കാണാൻ കഴിയുന്നില്ല സാറെ..’ എന്ന് നിസഹായനായി  ഡ്രൈവർ അടുത്തിരിക്കുന്ന വ്യക്തിയോട് പറയുന്നതും വിഡിയോയിൽ നിന്നും വ്യക്തമാണ്. ഒടുവിൽ ഭയന്ന യാത്രക്കാരും ബസിൽ ഇരുന്നു പറഞ്ഞുപോയി. ‘ആരെങ്കിലും ഒന്ന് പറയൂ ആ വണ്ടി ഒന്ന് നിർത്താൻ, കണ്ണ് കാണാൻ പോലും കഴിയുന്നില്ല.’ ബസിലുണ്ടായിരുന്ന യാത്രക്കാരനാണ് ഇൗ വിഡിയോ പകർത്തിയത്. 

സുനിൽ കെ സുധീർ എന്ന വ്യക്തിയാണ് ഇൗ ദുരനുഭവം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്. അമിത പ്രകശം പരത്തുന്ന ലൈറ്റുകൾക്ക് മേൽ നിയന്ത്രണം വരുമ്പോൾ ഈ ലൈറ്റ് കൂടെ അമിത പ്രകാശ പരത്തൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രിച്ചാൽ നമ്മുടെ ട്രാഫിക് പോലീസിന് ലഭിക്കുന്ന കയ്യടികൾ അളവറ്റതാകുമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: 

കേരളാ ട്രാഫിക് പോലീസിന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജ് ഏറെ ഇഷ്ടപെടുന്ന ഒരാൾ ആണ് ഞാൻ .. ട്രാഫിക് നിയമങ്ങൾ വളരെ ലളിതമായി നമ്മുടെ യുവതലമുറയിൽ എത്തിക്കാൻ ഈ പേജ് നിർവഹിക്കുന്ന പങ്ക് ചെറുതല്ല ... അങ്ങനെ ഇരിക്കെ ഇന്നലെ ആ പേജിൽ വന്ന ഒരു പോസ്റ്റ് ശ്രദ്ധയിൽ പെട്ടു, മറ്റുള്ള വാഹങ്ങളിൽ വരുന്നവരുടെ കണ്ണടിച്ചു പോകുന്ന തരത്തിൽ അമിത പ്രകാശമുള്ള ലൈറ്റുകൾ കത്തിച്ചു വരുന്ന വാഹനങ്ങൾക്ക് എതിരെ കർശന നടപടി ഉണ്ടാകുമെന്ന്... തീർച്ചയായും വളരെ നല്ല തീരുമാനം, നടപടി കൈക്കൊള്ളേണ്ട കാര്യം തന്നെ .. അങ്ങനെ ഇരിക്കുമ്പോളാണ് കഴിഞ്ഞ ആഴച ഒരു സുഹൃത്ത് അയച്ചു തന്ന ഭീതി ജനകമായി പ്രകാശം പരത്തി പോകുന്ന ഒരു വാഹനത്തിന്റെ വീഡിയോ ഓർമയിൽ വന്നത്. 

കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിൽ രാത്രിയിലെ യാത്ര എത്ര ദുഷ്കരം ആണെന്ന് ആ റൂട്ടിൽ യാത്ര ചെയ്തിട്ടുള്ളവർക്ക് അറിയാവുന്നതാണ് .. അപ്പോളാണ് കണ്ണ് തുറക്കാൻ പോലും പറ്റാതെ ഒരു ബസ് ഓടിച്ചു പോകുന്ന ഒരു ഡ്രൈവർ , ജീവൻ കയ്യിൽ എടുത്ത് പിടിച്ചു യാത്ര ചെയ്ത കുറെ യാത്രക്കാർ,. സംഭവം വേറെ ഒന്നുമല്ല ബസിനു മുമ്പിലായി പോകുന്ന മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിന്റെ ജീപ്പാണ് വില്ലൻ .. ചുവപ്പും, മഞ്ഞയും, നീലയും ഒക്കെ അന്തരീക്ഷത്തിൽ മൊത്തമായി വിതറിയാണ് ആശാൻ പറക്കുന്നത് ... കൊടും വളവുകളിൽ എത്തുമ്പോൾ പേടിച്ചിട്ടാകണം ആരൊക്കെയോ പറയുന്നത് കേൾക്കാം,"ആരെങ്കിലും ഒന്ന് പറയു ആ വണ്ടി ഒന്ന് നിർത്താൻ, കണ്ണ് കാണുന്നില്ലെന്ന് പറയു " ... തീർച്ചയായും അമിത പ്രകശം പരത്തുന്ന ലൈറ്റുകൾക്ക് മേൽ നിയന്ത്രണം വരുമ്പോൾ ഈ ലൈറ്റ് കൂടെ അമിത പ്രകാശ പരത്തൽ വിഭാഗത്തിൽ ഉൾപ്പെടുത്തി നിയന്ത്രിച്ചാൽ നമ്മുടെ ട്രാഫിക് പോലീസിന് ലഭിക്കുന്ന കയ്യടികൾ അളവറ്റതാകും . ഇതൊരു പൗരന്റെ എളിയ അഭ്യർത്ഥന മാത്രമായി വായിക്കണം

Video courtesy : Abhi N Salin

MORE IN SPOTLIGHT
SHOW MORE