‘ചാലക്കുടിക്കരൻ ചങ്ങാതി’യുടെ ഇന്നത്തെ കാഴ്ച; ഉള്ളുപൊള്ളി ആരാധകർ; നോവ്

mani-auto-flood
ചിത്രം കടപ്പാട്: ഫെയ്സ്ബുക്ക്
SHARE

‘ആരാരും ആവാത്ത കാലത്ത് ഞാനന്ന് ഒാട്ടി നടന്നുവണ്ടി... എന്റെ കുടുംബത്തിൻ പട്ടിണി മാറ്റിയ ദൈവമാണ് ഒാട്ടോവണ്ടി..’ ആ ചാലക്കുടിക്കാരൻ വിടവാങ്ങിയിട്ടും ഇൗ പാട്ട്  മരിക്കാതെ നിൽക്കുകയാണ്. കാരണം  അത്രത്തോളം മലയാളിയുടെ ഹൃദത്തിൽ ഇൗ വരികൾ ഉറച്ചുപോയി. മണി ഇൗ പാട്ടിലൂടെ പാടിപ്പറഞ്ഞത് അദ്ദേഹത്തിന്റെ ജീവിതം കൂടിയായിരുന്നു.

അടുത്തിടെയായി സമൂഹമാധ്യമങ്ങളിൽ ആരാധകരുടെ ചങ്ക് തകരുന്ന ഒരു ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. കലാഭവൻ മണിയുടെ ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ഒാട്ടോറിക്ഷ നശിച്ചുകിടക്കുന്ന ചിത്രമാണ് സോഷ്യൽ ലോകത്ത് വൈറലായത്. പ്രളയത്തിൽ ചാലക്കുടി പുഴ കരകവിയുകയും കലാഭവൻ മണിയുടെ വീടുൾപ്പെടെ മുങ്ങിപ്പോവുകയും ചെയ്തിരുന്നു. ഒരുനിലയോളം അന്ന് വെള്ളത്തിനടിയിലായി. പ്രളയശേഷം മണിയുടെ ഇഷ്ടവാഹനങ്ങൾക്ക് എന്താണ് സംഭവിച്ചത്. അദ്ദേഹത്തിന്റെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ മനോരമ ന്യൂസ് ഡോട്ട്കോമിനോട് സംസാരിക്കുന്നു.

പ്രളയത്തിന് ശേഷം എല്ലാം തകർന്ന അവസ്ഥയിലാണ്. അറിയാല്ലോ വീടിന്റെ ഒരുനിലയോളം വെള്ളത്തിൽ മുങ്ങിപ്പോയി. അദ്ദേഹത്തിന്റെ ഇഷ്ടവാഹനങ്ങളെല്ലാം വെള്ളം കയറി നശിച്ചു. അക്കൂട്ടത്തിൽ ചില കാറുകൾ കമ്പനി ഏറ്റെടുത്തിരുന്നു. പജേറോ ശരിയാക്കാൻ കൊടുത്തിട്ടുണ്ട്. പിന്നെ ജീവന് തുല്യം സ്നേഹിച്ച ബുള്ളറ്റും വെള്ളം കയറി നശിച്ചിരുന്നു. അങ്ങനെ പ്രളയം ചില വേദനകൾ സമ്മാനിച്ചിരുന്നു. എന്നാൽ അതൊന്നും അദ്ദേഹത്തിന്റെ നഷ്ടത്തിന് തുല്യം അല്ല. 

കലാഭവൻ മണിയുടെ ഒാട്ടോറിക്ഷയെ കുറിച്ച്?

ആ ഒാട്ടോറിക്ഷ മണിച്ചേട്ടൻ മൂത്തചേട്ടന്റെ മകന് വാങ്ങിക്കൊടുത്തതാണ്. അവൻ അതോടിച്ചാണ് ജീവിച്ചിരുന്നത്. ചാലക്കുടിക്കാരൻ ചങ്ങാതിയെന്നാണ് ഒാട്ടോയുടെ പേര്. 100 ആണ് അതിന്റെ നമ്പരും. മണിച്ചേട്ടൻ അവർക്ക് താമസിക്കാൻ ഒരു വീടും വാങ്ങി നൽകിയിരുന്നു. പുഴയുടെ തീരത്തായിരുന്നു വീട്. പ്രളയം വന്നപ്പോൾ ആ വീടും ഒാട്ടോയും സഹിതം എല്ലാം മുങ്ങിപ്പോയി. ഇന്ന് ആ വീട്ടിൽ താമസിക്കാൻ പോലും കഴിയില്ല. മൂത്ത ചേട്ടനും കുടുംബവും കലാഗൃഹത്തിലാണ് ഇപ്പോൾ കഴിയുന്നത്. പ്രളത്തിൽ എല്ലം നഷ്ടപ്പെട്ടിട്ട് സർക്കാരിൽ നിന്നും വേണ്ട സഹായം ഒന്നും ലഭിച്ചിട്ടില്ല. ഞങ്ങളെല്ലാവരും സാമ്പത്തികമായി തകർന്ന് നിൽക്കുകയാണ്. വീടും വരുമാനമാര്‍ഗവും നിലച്ച അവസ്ഥിയിലാണ്. 

mani-home-flood-statue
ചിത്രം കടപ്പാട്: ഫെയ്സ്ബുക്ക്

ഇപ്പോഴും ആരാധകർ ചാലക്കുടിയിലെ വീട് തേടി എത്താറുണ്ട്. അവരില്‍ ആരോ എടുത്ത ചിത്രമാവണം ഇപ്പോൾ പ്രചരിക്കുന്നത്. ആ ഒാട്ടോ ശരിയാക്കി അവന് ഒാടിക്കാൻ കൊടുക്കണം എന്നുണ്ട്. പക്ഷേ അതിനുള്ള ഒരു സാഹചര്യം ഇപ്പോഴില്ല. പ്രളയം വൻനാശം വിതച്ചപ്പോഴും ചാലക്കുടിപ്പുഴ മണിച്ചേട്ടനോട് കാണിച്ച സ്നേഹം വേറൊന്നാണ്. അദ്ദേഹത്തിന്റെ പ്രതിമയ്ക്ക് ഒരു കേടുപാടും സംഭവിച്ചില്ല. ശക്തമായ ഒഴുക്കിൽ പോലും ആ പ്രതിമയ്ക്ക് ചുറ്റും വച്ചിരുന്ന വസ്തുക്കളും ഒലിച്ചുപോയില്ല. അത് വലിയ അദ്ഭുതമായിരുന്നു. രാമകൃഷ്ണൻ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE