മീനച്ചിലാറിന്റെ ആഴത്തിലേക്കു കുഞ്ഞനിയൻ; എടുത്തുചാടി ചേട്ടൻ; വണ്ടർകിഡ്സ്

kottayama-kids
SHARE

ആറുമാനൂർ: മീനച്ചിലാറിന്റെ ആഴത്തിലേക്കു താഴാൻ തുടങ്ങിയ മൂന്നുവയസ്സുകാരനെ ഒൻപതുവയസ്സുകാരൻ ചേട്ടൻ കരകയറ്റി. സഹോദരൻ സാമുവലി(3)നെ ഒഴുക്കിനെതിരെ നീന്തി ധീരതയോടെ രക്ഷിച്ച ഏറ്റുമാനൂർ എസ്എഫ്എസ് സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥി സഖറിയയ്ക്ക് ഒരു നാടിന്റെ മുഴുവൻ അനുമോദനവും. കഴിഞ്ഞ ദിവസം വൈകിട്ടാണു സംഭവം

കൊച്ചിൻ ഷിപ്‌യാർഡിൽ കരാർ ജോലി നോക്കുന്ന ആറുമാനൂർ അരങ്ങത്ത് സോജന്റെയും സർവകലാശാലാ ഉദ്യോഗസ്ഥ മൃദുലയുടെയും മക്കളാണിവർ. വീടിനു ചേ‍ർന്ന് ഒഴുകുന്ന മീനച്ചിലാറിന്റെ കടവിൽ നാട്ടുകാർക്കൊപ്പവും കുളിക്കാൻ പോകുന്ന സ്വഭാവമുണ്ട് മൂന്നുവയസ്സുകാരൻ സാമുവലിന്. വല്യച്ഛൻ സഖറിയയുടെയും വല്യമ്മ മേരിക്കുട്ടിയുടെയും കണ്ണുവെട്ടിച്ച് കഴിഞ്ഞ ദിവസം സാമുവൽ തനിയെ ഇറങ്ങിപ്പോകുകയായിരുന്നു.

സ്കൂൾ വിട്ടു വീട്ടിലെത്തിയ സഹോദരങ്ങളായ സഖറിയ(9)യും സിറിയക്കും(5) സാമുവലിനെ തിരക്കുമ്പോഴാണു വീട്ടിലില്ലെന്ന് അറിയുന്നത്. സഖറിയ ഉടൻ വീടിനു ചേർ‌ന്നുള്ള മൂലേക്കടവിലേക്ക് ഓടി നോക്കി. കുഞ്ഞനിയൻ വെളളത്തിൽ മലർന്നുകിടന്ന് ആഴത്തിലേക്കു താഴുന്ന കാഴ്ചയാണു സഖറിയ കണ്ടത്. മീനച്ചിലാറിന്റെ അക്കരെ നിന്നു സംഭവം കണ്ട ഇതരസംസ്ഥാനത്തൊഴിലാളികൾ കൂവി ഒച്ചയിടുന്നുണ്ടായിരുന്നു.

ഒട്ടും വൈകാതെ ആറ്റിലേക്ക് എടുത്തുചാടിയ സഖറിയ ഒരു കയ്യിൽ സാമൂവലിനെ പിടിച്ചുവലിച്ചു കരയിലേക്കു നീന്തി. ബഹളം കേട്ടു നാട്ടുകാരും ഓടിക്കൂടി. ഏറെ വെള്ളം കുടിച്ചു ശ്വാസത്തിനായി കേഴുന്ന സാമുവലിനെയെടുത്തു നാട്ടുകാർ ആശുപത്രിയിലേക്കു കുതിച്ചു. തെള്ളകത്തു സ്വകാര്യ ആശുപത്രിയിലെത്തിച്ചു പ്രഥമശുശ്രൂഷ നൽകിയ ശേഷം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെത്തിച്ചു.

രണ്ടര വയസ്സുള്ളപ്പോൾ നീന്തൽ പഠിച്ചു മീനച്ചിലാറിന്റെ അക്കരെയിക്കരെ നീന്താറുള്ള സഖറിയയ്ക്കു സഹോദരനെ രക്ഷിക്കാനായതിന്റെ ആശ്വാസവും അഭിമാനവുമായിരുന്നു മുഖത്ത്. സാമുവലും നീന്തൽ പരിശീലനം തുടങ്ങിയതാണെന്നു സഖറിയ പറയുന്നു. പതിവായി ഇറങ്ങുന്ന കടവിനു പകരം വെള്ളം കൂടുതലുള്ള കടവിൽ ഇറങ്ങിയതാണ് അബദ്ധത്തിൽ പെടാൻ കാരണം

MORE IN SPOTLIGHT
SHOW MORE